കർഷക സമരം: പുരസ്കാരം തിരികെ നൽകാൻ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയ പഞ്ചാബി കായികതാരങ്ങളെ തടഞ്ഞു
text_fieldsന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയ പഞ്ചാബിൽ നിന്നുള്ള മുൻ കായിക താരങ്ങളെ പൊലീസ് തടഞ്ഞു. രണ്ട് തവണ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ ജേതാവായ ഗുസ്തി താരം കർതാർ സിങ്ങിൻെറ നേതൃത്വത്തിലാണ് കായിക താരങ്ങളും പരിശീലകരും തങ്ങൾക്ക് ലഭിച്ച പുരസ്കാരങ്ങൾ തിരിച്ച് നൽകാനായി രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയത്. പ്രസ് ക്ലബ് ഓഫ് ഇന്ത്യക്ക് സമീപത്ത് നിന്ന് തുടങ്ങിയ മാർച്ച് കൃഷി ഭവന് സമീപത്ത് വെച്ച് പൊലീസ് തടയുകയായിരുന്നു.
'കർഷകർ ഞങ്ങളെ എക്കാലത്തും പിന്തുണച്ചിരുന്നു. നമ്മുടെ കർഷക സഹോദരങ്ങൾ തെരുവിൽ ലാത്തിച്ചാർജിനിരയാകുന്നത് അത്യന്തം വിഷമകരമായ കാഴ്ചയാണ്. സ്വന്തം അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടിയാണ് ഈ കൊടും തണുപ്പത്ത് അവർ തെരുവുകളിൽ കഴിയുന്നത്' -1978, 1986 ഏഷ്യൻ ഗെയിംസുകളിൽ സ്വർണമെഡൽ നേടിയ കർതാർ പറഞ്ഞു.
1982ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ച കർതാർ 1987ലെ പത്മശ്രീ ജേതാവ് കൂടിയാണ്. ഒളിമ്പിക് സ്വർണമെഡൽ ജേതാവായ ഹോക്കി താരം ഗുർമെയിൽ സിങ്, ഇന്ത്യൻവനിത ഹോക്കി ടീം മുൻ നായിക രാജ്ബീർ കൗർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 2014ലെ ധ്യാൻചന്ദ് പുരസ്കാര ജേതാവാണ് ഗുർമെയിൽ. 1984ൽ രാജ്ബീറിന് അർജുന അവാർഡ് ലഭിച്ചിരുന്നു.
നിരവധി ദേശീയ, അർജുന അവാർഡ് ജേതാക്കളുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് പ്രതിഷേധിക്കുന്ന താരങ്ങൾ അവകാശപ്പട്ടു. ഖേൽരത്ന, ഒളിമ്പിക് മെഡൽ ജേതാവായ ബോക്സർ വിജേന്ദർ സിങ്ങും കർഷകർക്ക് പിന്തുണയർപ്പിച്ച് തനിക്ക് ലഭിച്ച പുരസ്കാരം തിരിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
നേരത്തെ കായിക താരങ്ങളുടെ നടപടിയിൽ പ്രതികരണവുമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രംഗത്തു വന്നിരുന്നു. സർക്കാറിൽ വിശ്വാസമർപ്പിക്കണമെന്നും രാജ്യം നൽകിയ ആദരങ്ങളെയും സമരത്തെയും രണ്ടായി തന്നെ കാണണമെന്നുമായിരുന്നു ഒളിമ്പിക് അസോസിയേഷൻെറ നിലപാട്.
കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പല സംസ്ഥാനങ്ങളിലും തുടങ്ങി. പഞ്ചാബ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 11 മണിക്കാണ് ബന്ദ് ആരംഭിക്കുക. ജനജീവിതം തടസപ്പെടുത്തില്ലെന്നും എന്നാൽ ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കർഷക സംഘടനകൾ അഭ്യർത്ഥിച്ചു.
ഡൽഹിയിലേക്കുള്ള വിവിധ അതിർത്തികൾ സ്തംഭിപ്പിച്ച് 12ാം ദിവസവും സമരം തുടർന്ന കർഷക സംഘടനകൾ ബുധനാഴ്ച സർക്കാറുമായി നാലാം വട്ട ചർച്ച നടത്താനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

