സർക്കാർ തന്ത്രം പാളുന്നു; സമര ഭൂമികളിലേക്ക് കർഷകരുടെ ഒഴുക്ക്
text_fieldsകർഷക നേതാവ് രാകേഷ് ടികായത്ത്
ന്യൂഡൽഹി: കർഷകരുടെ സമരം അടിച്ചമർത്താനുള്ള സർക്കാർ നീക്കം തിരിച്ചടിക്കുന്നു. കർഷക നേതാവ് രാകേഷ് ടികായത്തിന്‍റെ ആഹ്വാനത്തിന് ശേഷം വ്യാഴാഴ്ച അർധരാത്രിയോടെ, ഹരിയാനയിലെ ഗ്രാമങ്ങളിൽ നിന്ന് കർഷകർ ട്രാക്ടറുകളിൽ ഡൽഹി അതിർത്തികളിലെ സമരഭൂമികളിലേക്ക് പുറപ്പെട്ട് തുടങ്ങിയിരുന്നു. ഇന്ന് കാപ് പഞ്ചായത്തുകൾ ചേർന്ന് സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണ് കർഷകർ.
ഹിസാർ, ഭീവാനി, കൈതാൾ, ജിന്ദ്, സോനേപത്ത്, പാനിപത്ത് മേഖലകളിൽ നിന്ന് നിരവധി കർഷകരാണ് ട്രാക്ടറുകളിൽ അതിർത്തികളിലെ സമര ഭൂമികളിലേക്ക് തിരിച്ചത്. സിംഘു, ഗാസിപ്പൂർ, തിക്രി അതിർത്തികളിലെ സമരഭൂമികളിൽ ഇവരിൽ പലരും ഇതിനകം എത്തിച്ചേർന്നിട്ടുണ്ട്. ദേശീയപാത 44 ൽ കർഷകരുടെ ട്രാക്ടറുകൾ കൊണ്ട് നിറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ഗാസിപ്പൂരിലെ സമരഭൂമി ഒഴിപ്പിക്കാനുള്ള ശ്രമമാണ് കർഷകരെ പ്രകോപിപ്പിച്ചത്. ഒഴിയാൻ ആവശ്യപ്പെട്ട് പൊലീസ് സമരഭൂമിയിൽ നോട്ടീസ് പതിച്ചിരുന്നു. രാത്രി 11 മണിക്കകം ഒഴിയണമെന്നാവശ്യപ്പെട്ട് കർഷക നേതാവ് രാകേഷ് ടികായത്തിന്‍റെ ടെന്‍റിലടക്കം പൊലീസ് നോട്ടീസ് പതിച്ചു. ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ വൻ സന്നാഹം സ്ഥലത്തെത്തുകയും ചെയ്തു. നേരത്തെ പൊലീസിന്‍റെ റൂട്ട്മാർച്ചടക്കം സമരഭൂമിയിൽ അരങ്ങേറിയിരുന്നു. കർഷകരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാനുള്ള വാഹനങ്ങളടക്കം തയാറാക്കി നിർത്തുകയും ചെയ്തു. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡിനിടെ ഉണ്ടായ സംഘർഷത്തിന്‍റെ ചുവടുപിടിച്ചായിരുന്നു സർക്കാർ നടപടി.
സമരത്തിൽ നിന്ന് പിൻമാറേണ്ടി വന്നാൽ ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ചാണ് കർഷക നേതാവ് രാകേഷ് ടികായത്ത് പ്രതികരിച്ചത്. പൊലീസ് ശക്തി കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ടികായത്തിന്‍റെ വൈകാരിക പ്രഖ്യാപനം ഏറ്റെടുത്ത കർഷകർ അർധരാത്രി തന്നെ സമരഭൂമികളിലേക്ക് പുറപ്പെടുകയായിരുന്നു. കർഷകർ നിലപാട് ശക്തമാക്കിയതോടെ ഒഴിപ്പിക്കൽ നടപടി ഇപ്പോഴില്ലെന്ന് പറഞ്ഞ് സർക്കാർ പിൻവാങ്ങുകയായിരുന്നു. എന്നാൽ, ഏത് സമയവും സർക്കാർ ബലപ്രയോഗത്തിന് മുതിരുമെന്ന് സംശയിക്കുന്നതിനാൽ കൂടുതൽ കർഷകർ ഗ്രാമങ്ങളിൽ നിന്ന് കൂട്ടമായി പുറപ്പെടുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കർഷകർ സമരഭൂമികളിൽ നിന്ന് തിരിച്ചുപോകുകയാണെന്ന വ്യാജ പ്രചാരണം നടത്തി പ്രക്ഷോഭത്തെ ദുർബലപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അതിനെ തടയിടാൻ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ളവർ ഉടനെ പുറപ്പെടുകയായിരുന്നെന്നും തിക്രിയിൽ പ്രക്ഷോഭരംഗത്തുള്ള വീരേന്ദർ ഹൂഡ പറയുന്നു.
ഗാസിപ്പൂരിൽ കഴിഞ്ഞ രാത്രിയുണ്ടായ സംഭവങ്ങൾ ഹരിയാനയിലെ കർഷകരെ സമരഭൂമിയിലേക്ക് പുറപ്പെടാൻ പ്രേരിപ്പിക്കുകയായിരുന്നെന്ന് കർഷക നേതാക്കൾ പറയുന്നു.
വ്യാഴാഴ്ച രാത്രി തന്നെ കാപ്പ് പഞ്ചായത്തുകൾ ചേർന്ന് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നിരവധി കാപ്പ് പഞ്ചായത്തുകൾ ചേരുന്നുണ്ട്. സമരത്തെ മുന്നോട്ട് കൊണ്ടപോകാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കണ്ഡേല കാപ്പ് ഇന്ന് മഹാപഞ്ചായത്ത് വിളിച്ചിട്ടുണ്ട്.
കർഷകരുടെ സമരത്തെ വില കുറച്ചുകാണിക്കാൻ സർക്കാർ ചില മാധ്യമങ്ങളുമായി ചേർന്ന് ഗൂഡാലോചന നടത്തുകയാണെന്ന് സമരരംഗത്തുള്ള കർഷകർ ആരോപിച്ചു. തരംതാഴ്ന്ന തന്ത്രങ്ങളുപയോഗിച്ച് സമരത്തെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കൈതാളിൽ നിന്ന് സമരഭൂമിയിലേക്ക് തിരിച്ച കർഷകൻ അജയകുമാർ പറയുന്നു. ഗൂഡാലോചന നടത്തി സമരത്തെ അടിച്ചൊതുക്കാനാണ് നീക്കം. ഇത് പൊതുജനം തിരിച്ചറിയുമെന്നും സമരത്തിന് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

