രാഹുലിനും ജോഡോ യാത്രക്കും പിന്തുണയുമായി കർഷക നേതാവ് രാകേഷ് ടിക്കായത്ത്
text_fieldsകുരുക്ഷേത്ര: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് പിന്തുണയുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. പദയാത്ര ഹരിയാനയിലെ കുരുക്ഷേത്രയിൽ എത്തിയപ്പോൾ രാകേഷ് ടിക്കായത്തും അനുയായികളും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ കാർഷിക പ്രശ്നങ്ങൾ അടക്കമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.
ജോഡോ യാത്ര കടന്നുപോയ സംസ്ഥാനങ്ങളിൽ കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിയാൻ രാഹുൽ ഗാന്ധി കൂടുതൽ സമയം കണ്ടെത്തിയിരുന്നു. മധ്യപ്രദേശും രാജസ്ഥാനും കടന്ന് ഹരിയാനയിലൂടെയാണ് പദയാത്ര നിലവിൽ കടന്നു പോകുന്നത്. ഹരിയാനയിൽ കർഷക പ്രശ്നങ്ങൾ കോൺഗ്രസ് ഉയർത്തിക്കാട്ടുകയും ചെയ്തു.
കർഷക സമരങ്ങൾ ഒത്തുതീർപ്പിലാക്കിയെങ്കിലും ഉറപ്പ് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല. ഇതിൽ കർഷകർക്കിടയിൽ വലിയ അമർഷമാണുള്ളത്.
ഹരിയാനയിലെ പര്യടനം പൂർത്തിയാക്കി യാത്ര പഞ്ചാബിലേക്കും തുടർന്ന് ജമ്മു കശ്മീരിലേക്കും കടക്കും. ജനുവരി 30 ജോഡോ യാത്ര സമാപിക്കുമെന്നാണ് റിപ്പോർട്ട്.