ഹരിയാനയിൽ കർഷകർക്ക് നേരെ പൊലീസ് അതിക്രമം; ദേശീയപാത ഉപരോധിക്കുന്നു
text_fieldsചണ്ഡീഗഡ്: ഹരിയാനയിലെ കർനാലിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെതിരെ പ്രതിഷേധിച്ച കർഷകർക്ക് നേരെ പൊലീസ് അതിക്രമം. സംഘർഷത്തിൽ പത്ത് കർഷകർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കർഷകർ ഡൽഹി-ഹിസാർ ദേശീയപാത ഉപരോധിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ വിളിച്ചുചേർത്ത ബി.ജെ.പി ജനപ്രതിനിധികളുടെ യോഗത്തിലേക്ക് കർഷകർ പ്രതിഷേധവുമായി എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബി.ജെ.പി വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഇവിടേക്ക് എത്തിയ കർഷകരെ പൊലീസ് തടയുകയായിരുന്നു.
ബി.ജെ.പി നേതാക്കളുടെ വാഹനം തടയാനും കരിങ്കൊടി കാട്ടാനും ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയിലെടുത്തെന്നും പരിക്കേറ്റ കർഷകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പൊലീസ് അറിയിച്ചു.
വിവാദമായ കാർഷിക നിയമങ്ങൾക്കെതിരേ സമരം ചെയ്യുന്ന കർഷക സംഘടനകൾ മൂന്നാംഘട്ട സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൊലീസുമായി ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. നിലവില്‍ കൂടുതല്‍ കര്‍ഷകര്‍ സംഘടിച്ച് സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്. കർഷകരോട് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും ദേശീയപാതകൾ ഉപരോധിക്കാനും ബി.കെ.യു നേതാവ് ഗുർനാം സിങ് ചാധുനി ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

