
കർഷക സമരക്കാർ ദേശവിരുദ്ധരല്ല, അവർ ശബ്ദമുയർത്തുന്നത് ജനാധിപത്യപരമായി -സഞ്ജയ് റാവത്ത്
text_fieldsമുംബൈ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ തെറ്റിദ്ധരിക്കപ്പെട്ടവരല്ലെന്ന് ശിവസേന നേതാവും എം.പിയുമായ സഞ്ജയ് റാവത്ത്. പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'പഞ്ചാബിൽ നിന്നുള്ള കർഷകർ നിങ്ങൾക്ക് വോട്ട് ചെയ്തപ്പോൾ അവർ തെറ്റിദ്ധരിക്കപ്പെട്ടുവോ? ജനാധിപത്യപരമായി നിങ്ങൾക്കെതിരെ ശബ്ദമുയർത്തുമ്പോൾ അവർ തെറ്റിദ്ധരിക്കപ്പെട്ടെന്ന് കുറ്റപ്പെടുത്തുന്നു. ഇത് തികച്ചും തെറ്റാണ്' -സഞ്ജയ് റാവത്ത് പറഞ്ഞു.
കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ കർഷകരുമായി നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ലാത്തവരുടെ ചിത്രങ്ങൾ കണ്ടതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. ഡൽഹിയിൽ ദേശവിരുദ്ധ പ്രസംഗങ്ങൾ നടത്തിയവരെയും ഇതിൽ കണ്ടതായും കേന്ദ്രമന്ത്രി ആരോപിച്ചിരുന്നു.
രാഹുൽ ഗാന്ധി പറഞ്ഞത് രാജ്യത്തിെൻറ വികാരമാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. 'ജെ.എൻ.യുവിൽ എന്തെങ്കിലും സംഭവിക്കുമ്പോഴോ ചില വിദ്യാർത്ഥികൾ പ്രതിഷേധിക്കുമ്പോഴോ നിങ്ങൾ അവരെ ദേശവിരുദ്ധർ എന്ന് വിളിക്കുന്നു. സർക്കാറിനെതിരെ സംസാരിക്കുന്നവരെ ദേശവിരുദ്ധരാക്കുന്നു. കർഷകർ പ്രതിഷേധത്തിലാണ്. പഞ്ചാബിൽനിന്നുള്ളവരാണവർ. അവരുടെ കുടുംബങ്ങളിൽ പകുതിയും സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നു. എന്നാൽ, അവരെ നിങ്ങൾ ദേശവിരുദ്ധരെന്ന് വിളിക്കുന്നു. ഞാൻ എന്തെങ്കിലും പറഞ്ഞാൽ എന്നെയും ദേശവിരുദ്ധനെന്ന് വിളിക്കും -സഞ്ജയ് റാവത്ത് പറഞ്ഞു.
എതിർപ്പുകളെ ദേശവിരുദ്ധമെന്ന് വിളിക്കുകയാണെങ്കിൽ അത് അടിയന്തരാവസ്ഥക്ക് തുല്യമാണ്. ഇത് ജനാധിപത്യ രാജ്യമാണ്. നിങ്ങൾ പ്രതിപക്ഷത്തിെൻറ ശബ്ദം കേൾക്കണം -സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.
'മോദി സർക്കാറിന് ഭിന്നാഭിപ്രായമുള്ള വിദ്യർഥികൾ ദേശ വിരുദ്ധർ, കരുതലുള്ള ജനങ്ങൾ അർബൻ നക്സലുകൾ, കുടിേയറ്റ തൊഴിലാളികൾ കോവിഡ് പരത്തുന്നവർ, ബലാത്സംഗം നേരിട്ടവർ ആരുമല്ല, പ്രതിഷേധിക്കുന്ന കർഷകർ ഖലിസ്താനികൾ, കൂടാതെ കുത്തക മുതലാളികൾ ഉറ്റ സുഹൃത്തുക്കളും' എന്നായിരുന്നു ചൊവ്വാഴ്ച രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
