Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ പ്രതിഷേധം...

ഗുജറാത്തിൽ പ്രതിഷേധം ശക്തമാക്കി കർഷകർ; ഭൂമി ഏറ്റെടുക്കൽ നഷ്ടപരിഹാര തുക ഉയർത്തണമെന്ന് ആവശ്യം

text_fields
bookmark_border
Farmers Protest
cancel
camera_alt

കർഷക പ്രതിഷേധം (പ്രതീകാത്മക ചിത്രം)

അഹമ്മദാബാദ്: ഗുജറാത്തിൽ ഹൈടെൻഷ​ൻ ട്രാൻസ്മിഷൻ ഇടനാഴിക്കെതിരെ കർഷകരുടെ വ്യാപക പ്രതിഷേധം. കച്ച്, സൗരാഷ്ട്ര, വടക്കൻ ഗുജറാത്ത് മേഖലകളിലെ കർഷകരാണ് സമരത്തിന് നേതൃത്വം നൽകുന്നത്.

ഗുജറാത്തിലെ പല ജില്ലകളിലും സൗരോർജ, കാറ്റാടി പദ്ധതികളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി ദേശീയ ഗ്രിഡിലേക്ക് എത്തിക്കുന്നതിനായി കൃഷിയിടങ്ങളിലൂടെ ഉയർന്ന വൈദ്യുത ടവറുകളും ട്രാൻസ്മിഷൻ ലൈനുകളും സ്ഥാപിക്കുകയാണ്. സോളാർ-വിൻഡ് പദ്ധതികളിൽ നിന്നുള്ള വൈദ്യുതി കൊണ്ടുപോകുന്നതിനാണ് അദാനി ഗ്രൂപ്പ് കമ്പനികൾ ടവറുകൾ സ്ഥാപിക്കുന്നത്. ഇതുമൂലം ഭൂമിയുടെ വലിയ ഭാഗം കൃഷിക്ക് ഉപയോഗിക്കാനാകാതെ വരികയും ട്രാക്ടറുകളും മറ്റ് കാർഷിക യന്ത്രങ്ങളും ഉപയോഗിക്കുന്നത് ദുഷ്‌കരമാകുകയും ഭൂമിയുടെ മൂല്യം കുറയുകയും ചെയ്യുന്നുവെന്നാണ് കർഷകരുടെ പരാതി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകുന്ന നഷ്ടപരിഹാരം വളരെ കുറഞ്ഞ തുകയാണെന്നും അവർ പറയുന്നു.

നിലവിൽ ഗുജറാത്തിൽ ഏകദേശം 100 വോൾട്ടേജ് ട്രാൻസ്മിഷൻ ഇടനാഴികൾ നിർമിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ഏകദേശം 500 കിലോമീറ്റർ വ്യാപിച്ചിരിക്കുന്ന പദ്ധതി 20 ജില്ലകളിലൂടെ കടന്നുപോകും. 5.5 ലക്ഷം കർഷക കുടുംബങ്ങളെയും ഏകദേശം 3,800 ഹെക്ടർ കൃഷിഭൂമിയെയും ഇത് ബാധിക്കുമെന്നാണ് കർഷക സംഘടനകളുടെ കണക്കുകൾ. ഇതിനകം 14 ജില്ലകളിലെ കർഷകർക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ആറ് ജില്ലകളിൽ നിർമാണം ആരംഭിച്ചിട്ടുണ്ടെന്നും സംഘടനകൾ പറയുന്നു.

പ്രതിഷേധം ആദ്യം രാജ്കോട്ട് ജില്ലയിലെ ജെറ്റ്പൂർ, മോതി മറാഡ് പ്രദേശങ്ങളിലായിരുന്നു. കർഷക നേതാവ് ഭരത്സിങ് ഝാല, വിജയ്ഭായ് ഉഗ്രേജ, നരേഷ് പട്ടേൽ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ജില്ലാ കലക്ടർ വിളിച്ചുചേർത്ത യോഗം 22 ഗ്രാമങ്ങളിലെ സർപഞ്ചുകൾ ബഹിഷ്‍കരിക്കുകയും ചെയ്തു. ഇത് പ്രദേശത്തെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിരുന്നു. പിന്നീട് കർഷകരുടെ പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

ജൂൺ 15ന് കിസാൻ കോൺഗ്രസും കിസാൻ സംഘർഷ് സമിതിയും ചേർന്ന് ഗാന്ധിനഗറിലേക്ക് വൻ ട്രാക്ടർ റാലി നടത്തിയിരുന്നു. സൂറത്ത്, മോർബി, രാജ്കോട്ട്, സുരേന്ദ്രനഗർ, ഭാവ്നഗർ, കച്ച്, വടക്കൻ ഗുജറാത്ത് എന്നിവിടങ്ങളിൽനിന്ന് 1,000ത്തിലധികം ട്രാക്ടറുകൾ റാലിയിൽ പങ്കെടുത്തു. ഭൂമി ഏറ്റെടുക്കുന്നതിലും ടവറുകൾ സ്ഥാപിക്കുന്നതിലും അദാനി ഗ്രൂപ്പ് ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികൾ, കർഷകരുടെ സമ്മതമില്ലാതെ മുന്നോട്ടുപോകുകയാണെന്നും പ്രതിഷേധിക്കുന്നവർക്കെതിരെ പൊലീസ് നടപടിയുണ്ടാകുന്നുവെന്നും കർഷക നേതാക്കൾ ആരോപിച്ചു. കർഷകരുടെ ഭൂമിയിൽ കമ്പനികൾ ബലം പ്രയോഗിച്ച് വൈദ്യുത തൂണുകൾ സ്ഥാപിച്ചതായും അവർ ആരോപിച്ചു.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകരുടെ പ്രതിഷേധം. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വിപണി വിലയുടെ നാലിരട്ടി നഷ്ടപരിഹാരം നൽകുക. ഓരോ വൈദ്യുതി തൂണിനും പ്രതിമാസം 50,000 രൂപ വാടക നൽകുക. അല്ലെങ്കിൽ ഒരു ടവറിന് രണ്ടു​ കോടി രൂപ ഒറ്റത്തവണ നഷ്ടപരിഹാരമായി അനുവദിക്കുക. ട്രാൻസ്മിഷൻ കോറിഡോറുകളുമായി ബന്ധപ്പെട്ട നിലവിലെ നഷ്ടപരിഹാര നയം പൂർണമായും പരിഷ്‌കരിക്കുക തുടങ്ങിയവയാണ് കർഷകരുടെ പ്രധാന ആവശ്യങ്ങൾ.

പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭ വിഷയം ചർച്ച ചെയ്തു. കർഷകർക്ക് നിലവിലുള്ള നഷ്ടപരിഹാരം അപര്യാപ്തമാണെന്നും കൂടുതൽ നഷ്ടപരിഹാരം ആവശ്യമാണെന്ന വിലയിരുത്തലുകളും ഉണ്ടായതായാണ് റിപ്പോർട്ട്. പുതിയ നഷ്ടപരിഹാര നയം പ്രഖ്യാപിക്കുന്നതിന് മുമ്പ് കർഷക സംഘടനകളുമായി ചർച്ച നടത്താനും നിയമപരമായ വശങ്ങൾ പരിശോധിക്കാനുമാണ് സർക്കാറിന്റെ തീരുമാനം. 2022ൽ ട്രാൻസ്മിഷൻ കോറിഡോറുകൾക്കുള്ള നഷ്ടപരിഹാരം ഭൂമിയുടെ മൂല്യത്തിന്റെ 7.5 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചിരുന്നെങ്കിലും അത് മതിയാകില്ലെന്ന് കർഷകർ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന സർക്കാരുമായി നടത്തിയ ചർച്ചകളിൽ പുരോഗതിയില്ലാത്തതിനാൽ കർഷക നേതാക്കൾ അവരുടെ ആവശ്യങ്ങൾ നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കാൻ തീരുമാനിച്ചതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ജൂൺ 22ന് കർഷകർ പ്രധാനമന്ത്രിക്ക് വിശദമായ മെ​മോറാണ്ടവും സമർപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adani groupGujaratFarmers ProtestBJP
News Summary - Farmer Protests in Gujarat seek compensation for land lost
Next Story