ഛണ്ഡീഖഡ്: കാർഷിക ബില്ലുകൾക്കെതിരെപ്രക്ഷോഭം കനക്കുന്നതിനിടെ പഞ്ചാബിലെ മുക്ത്സറിൽ കർഷകൻ ജീവനൊടുക്കി. മാനസ ജില്ലയിലെ അക്കൻവാലി ഗ്രാമത്തിലെ കർഷകനായ 70കാരൻ പ്രീതം സിങ്ങാണ് വിഷം കഴിച്ച് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിൻെറ ജീവൻ രക്ഷിക്കാനായില്ല.
ബാദൽ ഗ്രാമത്തിൽ ഭാരതീയ കിസാൻ യൂനിയൻെറ നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭത്തിൽ സെപ്റ്റംബർ 15 മുതൽ അദ്ദേഹം പങ്കെടുത്തിരുന്നു. പ്രീതം സിങ്ങ് ഇത്തരമൊരു കടുത്ത നടപടി സ്വീകരിക്കാനുള്ള കാരണം അറിയില്ലെന്ന് പൊലീസ് പറഞ്ഞു.
പ്രീതം സിങ്ങിന് കടബാധ്യത ഉണ്ടായിരുന്നതായി കർഷക സംഘടനകൾ പറഞ്ഞു. അദ്ദേഹത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഭാരതീയ കിസാൻ യൂനിയൻ ആവശ്യപ്പെട്ടു.