16 മണിക്കൂർ വളത്തിന് കാത്തുനിന്ന്, ആഹാരവും വെള്ളവുമില്ലാതെ തളർന്നുവീണ് കർഷക മരിച്ചു; മധ്യപ്രദേശിൽ കർഷകദുരിതം
text_fieldsഗുണ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ 16 മണിക്കൂർ ഒരു കവർ യൂറിയക്കായി കാത്തുനിന്ന്, ആഹാരവും വെള്ളവുമില്ലാതെ തളർന്നുവീണ് മരിച്ച 46 കാരിയായ ഭുരിബായിയുടെ ജീവിതം ഉത്തരേന്ത്യൻ കർഷകരുടെ ദുരിതജീവിത്തിന്റെ നേർചിത്രമാണ്.
നവംബർ 26 രാത്രിയിലാണ് സർക്കാർ നൽകുന്ന സൗജന്യ വളമായ യൂറിയ കിട്ടാനായി 16 മണിക്കൂർ ക്യൂനിന്ന് തളർന്നുവീണ് ഇവർ മരിച്ചത്. ഇവർ മാത്രമല്ല, ഇങ്ങനെ നൂറുകണകിന് കർഷകരാണ് ഇവിടെ ക്യൂ നിന്ന് തളരുന്നത്. അതും മരംകോച്ചുന്ന തണുപ്പിൽ നല്ല വസ്ത്രങ്ങളോ, ചെരുപ്പോ ഇല്ലാതെ.
ഭുരി ബായിയുടെ ദുരന്തം അവിടെയും തീർന്നില്ല. അവരുടെ ശവം മറവുചെയ്യാൻ ഒരു തുണ്ട് ഭൂമിയുണ്ടായിരുന്നില്ല ആ കുടുംബത്തിന്. ഒടുവിൽ ഇവരുടെ ആകെയുള്ള കടുക് പാടത്ത് കൃഷിയിടത്തിന്റെ ഓരത്താണ് അവരുടെ മൃതദേഹം ദഹിപ്പിച്ചത്. അതിന് കത്തിക്കാൻ വിറകില്ലായിരുന്നു. അത്‍ അയൽക്കാർ നൽകി. ചടങ്ങിനായി ആ വീട്ടിൽ ഒന്നുമുണ്ടായിരുന്നില്ല, ആകെയുണ്ടായിരുന്നത് കുറച്ച് നെയ് മാത്രം.
കടുകു കർഷകരാണ് ഈ ഗ്രാമത്തിൽ അധികവും. കടുകിന് സർക്കാരിൽ നിന്ന് കിട്ടുന്ന വളം ഇങ്ങനെ ക്യൂനിന്ന് വാങ്ങണം. ഉദ്യോഗസ്ഥരുടെ ആട്ടും തുപ്പും സഹിക്കണം. മരണപ്പെട്ട ഭുരിബായിയുടെ മരണ സർട്ടിഫിക്കറ്റ് വാങ്ങാൻ ചെന്ന കുടുംബാംഗങ്ങൾക്കും അധിക്ഷേപം ഏൽക്കേണ്ടിവന്നു.
കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മണ്ഡലമാണ് ഗുണ. കർഷകയുടെ മരണം നടന്നപ്പോൾ മാത്രമാണ് അദ്ദേഹം ഇവിടേക്ക് തിരിഞ്ഞുനോക്കിയത്. അദ്ദേഹം കഴിഞ്ഞ ദിവസം ഈ കുടുംബത്തെ സന്ദർശിച്ച് രണ്ടുലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. ഭിരുബായിയുടെ കുടുംബാംഗങ്ങളോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെ മന്ത്രി ഇടപെട്ട് സസ്പെന്റ് ചെയ്തു.
മധ്യപ്രദേശിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ആദിവസി വിഭാഗമായ സഹരിയ വിഭവഗത്തിൽപെട്ട കർഷകയാണ് ഭുരിബായി. മധ്യപ്രദേശിലെ വനഭൂമിയോട് ചേർന്ന ഗ്രാമത്തിലാണ് ഇവർ കഴിയുന്നത്. രാജ്യത്തെ ഏറ്റവും കുറവ് വിദ്യാഭ്യാസ നിലവാരമുള്ളവരാണ് ഇവർ. പോഷകാഹാരക്കുറവിലും രാജ്യത്ത് മുന്നിലാണ് ഇവർ.
ഭിരുബായിയുടെ കുടുംബത്തിന് ആകെയുള്ള ഭൂമിയിൽ കൃഷിയിറക്കാൻ 45 കിലോ യൂറിയ വേണം. അതിൽ വളരെ കുറച്ച് മാത്രം വാങ്ങാനാണ് ഇവർ ഇങ്ങനെ ക്യൂ നിന്ന് മരിക്കേണ്ടി വന്നത്.
ഇവരുടെ വീടിൽ നിന്ന് 15 കിലോമീറ്റർ ദൂരെ മകന്റെ സ്കൂട്ടറിൽ ഭാഗ്രിയിൽ എത്തി മൂന്നു ദിവസം ഇവർക്ക് വെറും കൈയ്യോടെ മടങ്ങേണ്ടി വന്നു. പിന്നീടാണ് 16 മണിക്കൂർ ക്യൂ നിന്നത്. ഇവരുടെ ഭർത്താവ് കഷയരോഗ ബാധിതനായി വീട്ടിലാണ്. രാത്രി 11 മണിയോടെ തണുപ്പ് കൂടി കുഴഞ്ഞുവീണ ഭിഗുബായി രക്തം ഛർദ്ദിച്ച് മരിക്കുകയായിരുന്നു.
വളം വിതരണ കേന്ദ്രത്തിൽ ട്രാക്ടറുകളും കാറും ബൈക്കുമൊക്കെയായി വൻകിട കർഷകർ ബഹളം കൂട്ടും. ഇതിനിടെ പാവപ്പെട്ടവർക്ക് ഒന്നും കിട്ടാറില്ല. ഇങ്ങനെ കഷ്ടപ്പെടുന്ന കർഷകർ ഇവിടെ നിരവധിയാണ്.
ഈ വർഷം യൂറിയക്ക് വൻ ഡിമാൻറായിരുന്നെന്ന് അധികൃതർ പറയുന്നു. കാരണം ഇക്കൊല്ലം നല്ല മഴ ലഭിച്ചു. എന്നാൽ അതിനുസരിച്ച് വളം ലഭിക്കാനില്ല. അതാണ് കർഷകർ തിരക്കുകൂട്ടാൻ കാരണമെന്നും ഇവർ പറയുന്നു. ഈ വർഷം രാജ്യത്ത് 4 കോടി ടൺ യൂറിയ ആണ് വേണ്ടിവരുന്നത്. ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ കുറവ് വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

