ലഖ്നോ: കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ കർഷകരെ ദ്രോഹിക്കുന്ന കൃഷി നിയമം ചവറ്റുകൊട്ടയിലെറിയുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിലെ സഹാറൻപൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച കർഷകരുടെ മഹാപഞ്ചായത്തിലാണ് പ്രിയങ്കയുടെ വിമർശനം. ''ജയ് ജവാൻ, ജയ് കിസാൻ'' എന്ന മുദ്രാവാക്യമുയർത്തി 10 ദിവസം പ്രചാരണം നടത്തുന്നതിന്‍റെ ഭാഗമായിരുന്നു പരിപാടി.
യു.പിയിലെ 27 ജില്ലകളിൽ കർഷക പ്രതിഷേധങ്ങൾ നടത്തും. രാജ്യത്തെ അന്നദാതാക്കളെ അപമാനിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ബി.ജെ.പി കൂട്ടാളികളും ശ്രമിക്കുന്നത്. കർഷകവിരുദ്ധമായ മൂന്നു നിയമങ്ങൾ പിൻവലിക്കുംവരെ കോൺഗ്രസ് സമരക്കാർക്കൊപ്പം പൊരുതും.
"സർക്കാർ കർഷകരെ ദേശവിരുദ്ധർ എന്നു വിളിക്കുകയാണ്. പക്ഷേ, അങ്ങനെ വിളിക്കുന്നവരാണ് യഥാർഥ ദേശവിരുദ്ധർ. അവർ കർഷകരെ പ്രക്ഷോഭകരെന്നും തീവ്രവാദികളെന്നും വിളിക്കുന്നു. പക്ഷേ, കർഷകഹൃദയം ഒരിക്കലും ദേശത്തിന് എതിരാവില്ല. അതു നാടിനുവേണ്ടി പണിയെടുക്കുകയാണ്. പ്രധാനമന്ത്രിക്ക് പാകിസ്താനിലേക്കും ചൈനയിലേക്കും പോകാൻ സമയമുണ്ട്. പക്ഷേ, സമരം നടത്തുന്ന കർഷകരെ കാണാൻ സമയമില്ല."- പ്രിയങ്ക ഗാന്ധി പറഞ്ഞു.