Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Farmer
cancel
Homechevron_rightNewschevron_rightIndiachevron_rightകാർഷിക ഭേദഗതി ബിൽ: ചില ...

കാർഷിക ഭേദഗതി ബിൽ: ചില ചോദ്യങ്ങൾ... ഉത്തരങ്ങൾ

text_fields
bookmark_border

കാർഷിക മേഖലയുമായി ബന്ധ​െപ്പട്ട ബില്ലുകൾ രാജ്യസഭയിൽ പാസായിക്കഴിഞ്ഞു. എൻ.ഡി.എയുടെ ഘടകകക്ഷിയായ ശിരോമണി അകാലിദളി​െൻറ കേന്ദ്രമന്ത്രിയുടെ രാജിയും പ്രതിഷേധവും കാർഷിക ബില്ലിനെ സംബന്ധിച്ച സംശയങ്ങൾ വർധിപ്പിച്ചു. കൂടാതെ പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധവും എതിർപ്പും വകവെക്കാരെ ബില്ലുകൾ ഒറ്റയടിക്ക്​ രാജ്യസഭയിൽ യാതൊരു ചർച്ചയോ മറ്റോ കൂടാതെ പാസാക്കിയതും സംശയങ്ങൾക്ക്​ ആക്കം കൂട്ടി. കാർഷിക ബില്ലുകൾ സംബന്ധിച്ച്​ ഉയർന്നുവന്ന സംശയങ്ങളുടെയും വാദങ്ങളുടെയും യഥാർഥ വസ്​തുത പരിസ്​ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ കെ. സ​ഹദേവൻ, ഡോ. സ്​മിത പി. കുമാർ എന്നിവരുടെ 'കാർഷിക ​നിയമ ഭേദഗതികൾ കർഷകർക്കുള്ള മരണ വാറണ്ട്​' എന്ന പുസ്​തകത്തിൽ ചോദ്യ ഉത്തരങ്ങളായി അവതരിപ്പിച്ചിരിക്കുന്നതിൽനിന്ന്​.

കേന്ദ്ര കൃഷി മന്ത്രി പുതുതായി അവതരിപ്പിച്ച ഓർഡിനൻസുകൾ ഏതൊക്കെയാണ്?

മൂന്ന് ഓർഡിനൻസുകളാണ് ഇപ്പോൾ പാസാക്കിയിരിക്കുന്നത്.

1. ഫാർമേർസ്​ എംപവർമെൻറ്​ ആൻഡ്​ എഗ്രിമെൻറ്​ഓഫ് ൈപ്രസ്​ പ്രൊട്ടക്ഷൻ അഷ്വറൻസ്​ ആൻഡ്​ ഫാം സർവിസ്​ ബിൽ 2020

2. ഫാർമേർസ്​ െപ്രാഡ്യൂസ്​ േട്രഡ് ആൻഡ്​ കൊമേഴ്​സ്​ പ്രമോഷൻ ആൻഡ്​ ​െഫസിലിറ്റേഷൻ ബിൽ 2020

3. എസൻഷ്യൽ കമ്മോഡിറ്റീസ്​ (അമെൻഡ്മെൻറ്​) ആക്ട് 2020

പുതിയ നിയമ ഭേദഗതികളെ ചരിത്രപരമായ നീക്കം എന്ന് പ്രധാനമന്ത്രി തന്നെ വിശേഷിപ്പിച്ചിരിക്കുന്നുവല്ലോ. പിന്നെന്തിനാണ് തർക്കം?

ചരിത്രപരമായ നീക്കം തന്നെയാണെന്നതിൽ തർക്കമൊന്നുമില്ല. കാരണം, സംസ്​ഥാന വിഷയമായ കൃഷി മേഖലയിലെ നിയമ നിർമാണത്തിന് മുമ്പ്​ സംസ്​ഥാന സർക്കാരുകളുമായി കൂടിയാലോചനകളൊന്നും കൂടാതെയുള്ള ഈ നിയമഭേദഗതി രാജ്യത്തിെൻറ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന രീതിയിലുള്ള ചരിത്രത്തിലെ ഏറ്റവും ദുഷിച്ച നീക്കം തന്നെയാണ്. രണ്ടാമത്, കർഷകർക്ക് വളരെയേറെ നേട്ടമുണ്ടാക്കുമെന്ന് പറയപ്പെടുന്ന ഈയൊരു ഭേദഗതികളെ സംബന്ധിച്ച് പാർലമെൻറിൽ വലിയ ചർച്ചകൾ കൂടാതെ, കർഷക സംഘടനകളുമായി കൂടിയാലോചിക്കാതെ, കോവിഡ് കാലത്ത്, നാല് ദിവസത്തിനുള്ളിൽ പാസാക്കിയെടുക്കേണ്ട അവസ്​ഥ എങ്ങിനെ സംജാതമായി എന്നതിനെക്കുറിച്ച് ഭരണകർത്താക്കൾ എന്തുകൊണ്ട് മൗനംപാലിക്കുന്നുവെന്ന് ചോദിക്കേണ്ടിയിരിക്കുന്നു.


മൂന്നാമത്തെ കാര്യം, കേന്ദ്ര സർക്കാരിൽ ഘടക കക്ഷികളായ ശിരോമണി അകാലിദൾ എന്തുകൊണ്ടാണ് ഈ നിയമ ഭേദഗതികളെ എതിർക്കുന്നത്? എന്തുകൊണ്ടാണ് സംഘപരിവാറിന് കീഴിലുള്ള കർഷക സംഘടനകൾ ബില്ല് പാർലമെൻററി സെലക്ട് കമ്മറ്റിയുടെ പരിശോധനക്കായി അയക്കണമെന്നാവശ്യപ്പെട്ടത്?

ഇവയൊക്കെ സൂചിപ്പിക്കുന്നത് ഈ ബില്ല് വളരെ തിരക്കുപിടിച്ച് പാസാക്കുന്നതിന് പിന്നിൽ വ്യക്തമായ ചില ഉദ്ദേശങ്ങൾ സർക്കാരിനുണ്ട് എന്നാണ്. അവ എന്താണെന്ന് നാം വഴിയേ മനസിലാക്കും.

മിനിമം സഹായ വില അല്ലെങ്കിൽ താങ്ങുവിലയെ സംബന്ധിച്ച് ചില തൽപര കക്ഷികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്താണ് വാസ്​തവം?

രാജ്യത്തെവിടെയും സ്വകാര്യ വിപണിയിലായാലും സർക്കാർ ചന്തകളിലായാലും മിനിമം സഹായ വില ലഭ്യമാകുന്ന വിധത്തിൽ നിയമപരമായ അവകാശം ഉറപ്പുവരുത്തുക എന്നതാണ് കർഷകർക്ക് വേണ്ടി ചെയ്യേണ്ടുന്ന കാര്യം. പുതിയ നിയമത്തിൽ അത്തരത്തിൽ ഒരു ഉറപ്പും നൽകുന്നില്ല എന്നതാണ് സത്യം. പുതിയ നിയമത്തിൽ പേരിൽ ൈപ്രസ്​ അഷ്വറൻസ്​ എന്ന് വെറുതെ എഴുതിവെച്ചതല്ലാതെ ഇക്കാര്യത്തിൽ ഒരു നിയമ പരിരക്ഷയും കർഷകർക്ക് ലഭ്യമാകുന്നില്ല. കാർഷിക ഉത്പന്നങ്ങൾക്ക് മിനിമം സഹായ വില ലഭ്യമാക്കണമെന്ന് കർഷകർ ദീർഘകാലമായി ആവശ്യപ്പെടുന്നതാണ്.


നിലവിൽ 23 വിളകൾക്ക് മാത്രമേ താങ്ങുവില പ്രഖ്യാപിച്ചിട്ടിള്ളൂ. ബാക്കിയുള്ള കാർഷിക വിളകൾക്ക് കൂടി അവ ലഭ്യമാക്കേണ്ടതുണ്ട് എന്ന കർഷകരുടെ ആവശ്യത്തെ സർക്കാർ പരിഗണിച്ചട്ടില്ല. (മിനിമം വില സംബന്ധിച്ച് കൂടുതൽ മനസിലാക്കാൻ: 'സ്വാമിനാഥൻ കാണാത്ത ചന്ത പ്രശ്നങ്ങൾ' എന്ന ലേഖനം വായിക്കുക). യഥാർഥത്തിൽ കാർഷികോൽപന്ന വിപണി കമ്മിറ്റികളെ അപ്രസക്​തമാക്കുന്ന പുതിയ നിയമത്തിലൂടെ കർഷകരെ ചൂഷണത്തിനായി എറിഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നത്.

സർക്കാർ മണ്ഡികളുടെ (ചന്തകളുടെ) കുത്തക തകർത്ത് കർഷകർ അവരുടെ ഉൽപന്നങ്ങൾ ഇന്ത്യയിൽ എവിടെയും വിൽപന നടത്താവുന്ന രീതിയിൽ വലിയ വിപ്ലവമാണ് ഈ ഓർഡിനൻസിലൂടെ സർക്കാർ നടത്തിയിരിക്കുന്നതെന്ന് അവകാശപ്പെടുന്നുണ്ടല്ലോ?

സർക്കാർ ചന്തകൾ അല്ലെങ്കിൽ അഗ്രിക്കൾച്ചർ െപ്രാഡ്യൂസ്​ മാർക്കറ്റിങ്​ കമ്മിറ്റികൾ ഇല്ലാത്ത സംസ്​ഥാനങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയാൽ ഈ വാദം പൊള്ളയാണെന്ന് തിരിച്ചറിയും. ബിഹാർ സംസ്​ഥാനത്ത് എ.പി.എം.സികൾ പ്രവർത്തിക്കുന്നില്ല.

അവിടെ സർക്കാർ പ്രഖ്യാപിക്കുന്ന മിനിമം വിലക്കും വളരെ താഴെയാണ് കർഷകർക്ക് വില ലഭിക്കുന്നത്. 2017 മുതൽ 2019 വരെയുള്ള കണക്കുകൾ ഇവിടെ കൊടുക്കുന്നു.


25 മുതൽ 50 ശതമാനം വരെ വിലക്കുറവാണ് സ്വകാര്യ വിപണിയിൽ സർക്കാരിന് ലഭിക്കുന്നതെന്ന് കണക്കുകൾ തെളിവു നൽകും. 2019ൽ നെല്ലിന് ക്വിൻറലിന് 1815 രൂപ മിനിമം സഹായ വില സർക്കാർ പ്രഖ്യാപിച്ചപ്പോൾ സ്വകാര്യ വിപണിയിൽ കർഷകർക്ക് ലഭിച്ചത് 1350 രൂപ മാത്രമായിരുന്നു. അതായത് 25 കുറവ്! 2018ൽ ചോളത്തിന് ക്വിൻറലിന് 1700 രൂപ എം.എസ്.​പി ഉണ്ടായിരുന്നപ്പോൾ കർഷകർക്ക് സ്വകാര്യ വിപണിയിൽ ലഭിച്ചത് 800 രൂപ മുതൽ 1050 രൂപ വരെ; 40 മുതൽ 50 വരെ കുറവ്! സർക്കാർ ചന്തകളുടെ കുത്തക ഇല്ലാത്ത സ്​ഥലങ്ങളിൽ യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ഇതിലൂടെ മനസിലായിക്കാണുമെന്ന് വിചാരിക്കുന്നു.

സർക്കാർ മണ്ഡികൾ ഉണ്ടായിട്ടും കർഷകർക്ക് സഹായം ലഭിക്കാത്തതെന്തുകൊണ്ടാണ്?

സർക്കാർ ചന്തകളും എ.പി.എം.സികളും കാര്യക്ഷമമായി പ്രവർത്തിക്കാത്തത് സർക്കാരുകളുടെ പിടിപ്പുകേടുകൊണ്ടാണ്. ഇതിന് കേന്ദ്ര, സംസ്​ഥാന സർക്കാരുകൾ കൂട്ടുത്തരവാദികളാണ്. നിലവിൽ ആറുശതമാനം കർഷകർക്ക് മാത്രമേ മിനിമം സഹായ വിലക്ക്​ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കുന്നുള്ളൂ. ബാക്കി 94 ശതമാനം കർഷകരും സ്വകാര്യ കച്ചവടക്കാരുടെ ചൂഷണത്തിന് വിധേയരാണ്. സർക്കാർ വിപണന കേന്ദ്രങ്ങൾ ആവശ്യത്തിനില്ലാത്തതും, ഉള്ളവ തന്നെ വളരെ ദൂരെ സ്​ഥലങ്ങളിലായതിനാലും, സർക്കാർ ചന്തകളിൽ വിറ്റാൽ ഉടൻ തന്നെ പണം ലഭ്യമാകാത്ത അവസ്​ഥയും ഒക്കെച്ചേർന്നാണ് കർഷകർക്ക് ഈ ഗതി വരുത്തിയിരിക്കുന്നത്. ഗവർമെൻറുകളുടെ പിടിപ്പുകേടുകളെ മറച്ചുവെച്ച്​ കാർഷിക മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്.

പുതിയ നിയമ ഭേദഗതികളുടെ മേന്മ എന്താണ്?

പുതിയ നിയമ ഭേദഗതികളിൽ സൂചിപ്പിച്ചിരിക്കുന്ന ഒട്ടുുമിക്കവാറും കാര്യങ്ങൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി പലവിധ ഓർഡിനൻസുകളിലൂടെ സർക്കാർ നടപ്പിലാക്കിയിരിക്കുന്ന കാര്യങ്ങളാണ്. അതായത്, കാർഷിക മേഖലയെ കോർപറേറ്റ്​വൽക്കരിക്കുന്നതിനാവശ്യമായ പല ഭേദഗതികളും മു​െമ്പ തന്നെ നടപ്പിലാക്കിക്കഴിഞ്ഞിരിക്കുന്നുവെന്ന് അർഥം.


2019 ജൂലൈ മാസത്തിൽ കേന്ദ്ര കൃഷി മന്ത്രാലയം അവതരിപ്പിച്ച പ്രസ​േൻറഷ​െൻറ ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

അതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. വിപണി നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് തൊട്ട്​ സ്വകാര്യ വിപണികൾ തയാറാക്കുന്നതിനുള്ള എല്ലാ ഇടപാടുകളും നേരത്തെതന്നെ ആസൂത്രണം ചെയ്തു കഴിഞ്ഞിരിക്കുന്നു എന്നാണ് ഇതിലൂടെ മനസിലാക്കാൻ സാധിക്കുക. മേൽപറഞ്ഞ കാര്യങ്ങളിൽ കർഷകരുടെ എതിർപ്പ് ശക്​തമാകും എന്ന് തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണ് ഈ കോവിഡ് കാലത്ത്, ധിറുതി പിടിച്ച്, ഓർഡിനൻസുകൾ വഴി ബില്ല് പാസാക്കാൻ സർക്കാർ ശ്രമിച്ചത്.

കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ അവർക്ക് താൽപര്യമുള്ളവർക്ക് ഇഷ്​ടമുള്ള വിലക്ക്​ വിൽക്കാനുള്ള അവസരമല്ലേ ഈ ബില്ലിലൂടെ സൃഷ്​ടിക്കപ്പെടുന്നത്?

പുതിയ ബില്ലിലൂടെ രണ്ട് തരം വിപണികളാണ് രാജ്യത്ത് രൂപപ്പെടാൻ പോകുന്നത്. ഒന്ന് സർക്കാർ നിയന്ത്രിത വിപണികൾ. അവ കാര്യക്ഷമമായി പ്രവർത്തിക്കുകയില്ലെന്ന് ഉറപ്പുവരുത്തുക സർക്കാർ അധികൃതർ തന്നെയായിരിക്കും. അവിടെ നികുതികൾ, സെസുകൾ, ഫീസുകൾ എന്നിവ ഏർപ്പെടുത്തിയിരിക്കും.


രണ്ടാമത്തെ വിപണി സ്വകാര്യ ഏജൻറുമാരുടെയും േട്രഡ് കാർട്ടലുകളുടെയും നിയന്ത്രണത്തിലുള്ളതും സർക്കാർ നിയന്ത്രണങ്ങളോ നികുതികളോ സെസുകളോ ഒന്നുംതന്നെ ഇല്ലാത്തതുമായിരിക്കും. ഭാഷ മുതൽ പെൻഷൻ വരെ ഒന്നായിരിക്കണമെന്ന അഖണ്ഡ മന്ത്രം ഉരുവിടുന്നവരാണ് ഇത്തരത്തിൽ രണ്ട് വിപണികൾക്കുള്ള അവസരം ഒരുക്കിക്കൊടുത്തിരിക്കുന്നത്.

എന്താണ് യഥാർഥത്തിൽ കർഷകർ ആവശ്യപ്പെടുന്നത്?

കർഷകർ കാലാകാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

1. ഉത്പാദനച്ചെലവ്, (വിത്ത്, വളം, കുടുംബത്തിേൻറതടക്കമുള്ള കൃഷിയിലുള്ള അധ്വാനം) ഭൂമിയുടെ പാട്ടം എന്നിവയോടൊപ്പം ഉത്പാദനച്ചെലവിെൻറ 75 ശതമാനം ചേർത്തുകൊണ്ട് എല്ലാ കാർഷിക ഉൽപന്നങ്ങൾക്കും മിനിമം സഹായ വില പ്രഖ്യാപിക്കുക. മിനിമം സഹായവില നിയമപരമായ അവകാശമാണെന്ന് ഉറപ്പുവരുത്തുക. (സ്വാമിനാഥൻ കമീഷൻ തയാറാക്കിയ സി 2 ഫോർമുല എന്തുകൊണ്ട് തെറ്റാണ് എന്ന് ലേഖനത്തിൽ നിന്ന് മനിലാക്കാം).

2. സർക്കാർ മണ്ഡികൾ (ചന്തകൾ), സംഭരണ കേന്ദ്രങ്ങൾ എന്നിവയുടെ എണ്ണം വർദ്ധിപ്പിക്കുക. ഇന്ന് രാജ്യമെമ്പാടുമായി 22,000 നെല്ല് സംഭരണ കേന്ദ്രങ്ങളും 44,000 ഗോതമ്പ്​ സംഭരണ കേന്ദ്രങ്ങളുമാണുള്ളത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി സംഭരണ കേന്ദ്രങ്ങൾ നിർമിക്കുന്നതിൽനിന്ന് പിന്തിരിഞ്ഞിരിക്കുകയാണ് സർക്കാർ. ഇന്ത്യയിലെ കാർഷിക ഉത്പന്നങ്ങൾ പൂർണമായും സംഭരിക്കാൻ ശേഷിയുള്ളത്ര സംഭരണ കേന്ദ്രങ്ങൾ ഉണ്ടാകേണ്ടതുണ്ട്​.


3. സബ്സിഡികൾ, സൗജന്യങ്ങൾ എന്നിവ കർഷകർക്ക് നേരിട്ട്​​ ലഭിക്കുന്ന വിധത്തിൽ നിയമ നിർമാണം നടത്തുക. നിലവിൽ രാസവള കീടനാശിനി കമ്പനികൾക്കാണ് അതുസംബന്ധിച്ച് ഇളവുകൾ ചെല്ലുന്നത്. ഈ രീതി മാറേണ്ടതുണ്ട്.

4. കാർഷിക കടങ്ങൾ എഴുതിത്തള്ളു​േമ്പാൾ ചെറുകിട കർഷകർക്ക് അതിെൻറ നേട്ടം ലഭ്യമാകുന്ന വിധത്തിൽ നിയമനടപടികൾ സ്വീകരിക്കുക. നിലവിൽ എഴുതിത്തള്ളുന്ന കാർഷിക കടങ്ങളുടെ യഥാർഥ ഗുണഭോക്​താക്കൾ വൻകിട കൃഷിക്കാർ മാത്രമാണ്. ഇന്ത്യയിലെ ഏതാണ്ട് 85 ശതമാനം കർഷകരും ചെറുകിട കർഷകരാണ്. അതായത് അഞ്ചേക്കറിൽ താഴെ മാത്രം ഭൂമിയുള്ളവർ. കൃത്യമായ ഭൂരേഖകൾ കൈവശമില്ലാത്തതിെൻറ പേരിൽ വട്ടിപ്പലിശക്കാരെയാണ് കടം വാങ്ങുന്നതിനായി ഇവർ സമീപിക്കുന്നത്. പൊതുമേഖലാ സ്​ഥാപനങ്ങൾ വഴി കടാശ്വാസം അനുവദിക്കു​േമ്പാൾ ബഹുഭൂരിപക്ഷം കർഷകർക്കും അതിെൻറ നേട്ടം ലഭിക്കാത്തതിെൻറ കാരണമിതാണ്.

5. കൃഷി ഭൂമി സംബന്ധിച്ച തർക്കങ്ങൾ പരിഹരിച്ച്, കർഷകർക്ക് കൈവശാവകാശ രേഖ ലഭ്യമാക്കുന്നതിനുള്ള നടപടികൾ യുദ്ധകാലാടിസ്​ഥാനത്തിൽ പൂർത്തിയാക്കുക. ഭൂമിയുടെ കൈവശാവകാശ രേഖ സംബന്ധിച്ച തർക്കങ്ങളുമായി ബന്ധപ്പെട്ട്​ ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ലക്ഷക്കണക്കാണ്. ഇന്ത്യയിലെ മുഴുവൻ കോടതികളും അടുത്ത പത്ത് വർഷക്കാലം ഇരുപത്തിനാല് മണിക്കൂർ ചെലവഴിച്ച് പണിയെടുത്താൽ പോലും ഈ തർക്കങ്ങളിൽ പരിഹാരമുണ്ടാക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ട് ഭൂമി സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തുകയും കർഷകർക്ക് ഭൂമിയിന്മേലുള്ള അവകാശം ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമായ സംഗതിയാണ്.

6. വനാവകാശ നിയമം നടപ്പിലാക്കുക. 2005ൽ പാസാക്കിയ വനാവകാശ നിയമത്തിെൻറ നേട്ടം ഒന്നരപ്പതിറ്റാണ്ടിന് ശേഷവും നാലു ശതമാനം ആദിവാസികൾക്ക് മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇത് വനമേഖലയിലെ ആദിവാസി കർഷകരെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധികൾ സൃഷ്​ടിക്കുന്നുണ്ട്.

പുതിയ നിയമഭേദഗതികളിലൂടെ കാർഷിക മേഖലയിൽ വൻതോതിലുള്ള സ്വകാര്യ നിക്ഷേപം കടന്നുവരുമെന്നാണല്ലോ സർക്കാർ അവകാശപ്പെടുന്നത്? അത് കർഷകർക്ക് ഗുണകരമാകില്ലേ?

കാർഷിക മേഖലയിലെ സർക്കാർ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിന് ശേഷം വൻകിട സ്വകാര്യ കമ്പനികളെ ആ മേഖലയിലേക്ക് ക്ഷണിച്ചുകൊണ്ടുവന്ന ഏത് രാജ്യത്തെയും കർഷകരുടെ അവസ്​ഥ പരിതാപകരമാണെന്നതിന് നിരവധി തെളിവുകൾ നമ്മുടെ മുന്നിലുണ്ട്. 1960 മുതൽ കാർഷിക മേഖലയിലെ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ അമേരിക്ക, ഫ്രാൻസ്​ തുടങ്ങിയ വികസിത രാജ്യങ്ങളിലെ കർഷകരുടെ അവസ്​ഥ തന്നെ ഉദാഹരണം. ഈ രണ്ട് രാജ്യങ്ങളിലും കർഷക ആത്മഹത്യ ഗണ്യമായ തോതിൽ ഉയർന്നതിന് പിന്നിലെ കാരണം മറ്റൊന്നുമല്ല. അമേരിക്കയിലെ കർഷകരുടെ വരുമാനം 1960ന് ശേഷം താഴോട്ടാണ് എന്നത് കണക്കുകൾ പരിശോധിച്ചാൽ മനസിലാകും.


സ്വകാര്യ കമ്പനികൾ കർഷക വിരുദ്ധങ്ങളാകുന്നതെങ്ങിനെ എന്നറിയാൻ ദൂരെയൊന്നും പോകേണ്ടതില്ല. 2016ൽ പെപ്സി കമ്പനി ഗുജറാത്ത് കർഷകരെ കോടതി കയറ്റിയത് മാത്രം ഓർത്താൽ മതി. പെപ്സി കമ്പനി വികസിപ്പിച്ചെടുത്ത എഫ്എൽ 2027 എന്ന പ്രത്യേകയിനം ഉരുളക്കിഴങ്ങ് വിത്ത് കൃഷി ചെയ്തുവെന്നതിെൻറ പേരിൽ ഗുജറാത്തിലെ കർഷകർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു കമ്പനി ചെയ്തത്. ഉയർന്നുവന്ന ജനകീയ പ്രതിഷേധം കാരണം മാത്രമായിരുന്നു അന്ന് കർഷകർ അതിൽ നിന്നും രക്ഷപ്പെട്ടത്. കാർഷിക മേഖലയിലെ സർക്കാർ നിയന്ത്രണം എടുത്തുകളയുകയും വില നിശ്ചയിക്കാനുള്ള അവകാശം കമ്പനികൾക്ക് ലഭിക്കുകയും ചെയ്തു കഴിഞ്ഞാൽ പാവപ്പെട്ട കർഷകരെ ചൂഷണം ചെയ്യുന്നതിൽനിന്ന് തടയാൻ ആർക്കും സാധ്യമല്ല.


Show Full Article
TAGS:Farm bills Agriculture Amendment Bill Narendra modi Farmers 
Next Story