ഭോപാൽ: ഹെലികോപ്ടർ ദുരന്തം അതിജീവിച്ച് തിരിച്ചവരുമെന്ന പ്രതീക്ഷകൾ കെടുത്തി മൺമറഞ്ഞ ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ്ങിന് വീരോചിത വിടചൊല്ലൽ. യുദ്ധവിമാനങ്ങളെ അകവും പുറവും അറിഞ്ഞ് പറത്തുന്ന വൈമാനികനും ആകാശത്തെ ധീരതക്ക് ശൗര്യചക്ര പുരസ്കാരം നേടിയയാളുമായ വരുൺ സിങ്ങിെൻറ സംസ്കാരം മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലിൽ സമ്പൂർണ ബഹുമതികളോടെ വെള്ളിയാഴ്ച നടന്നു.
ഡിസംബർ എട്ടിന് തമിഴ്നാട്ടിലെ കുന്നൂരിൽ സംയുക്ത സേന മേധാവി ബിപിൻ റാവത്തും പത്നിയും സൈനിക ഉദ്യോഗസ്ഥരുമടക്കം 13 പേർ കൊല്ലപ്പെട്ട കോപ്ടർ ദുരന്തത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്യാപ്റ്റൻ വരുൺ സിങ് ബംഗളൂരുവിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് ജീവൻ വെടിഞ്ഞത്.
പുഷ്പാലംകൃത സൈനിക വാഹനത്തിൽ ക്യാപ്റ്റെൻറ ഭൗതികശരീരം ഭൈരാഘർ ശ്മശാനത്തിൽ എത്തിച്ചപ്പോൾ തടിച്ചുകൂടിയ ജനം 'ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് അമർ രഹെ' എന്ന മുദ്രാവാക്യം വിളിച്ചു. പ്രിയ പത്നി ഗീതാഞ്ജലി സിങ്ങും മകളും മകനും മൃതദേഹത്തിൽ കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ചു. പിതാവ് റിട്ടയേഡ് കേണൽ കെ.പി സിങ്, മാതാവ് ഉമ, നാവികസേനാംഗമായ സഹോദരൻ തനൂജ് സിങ്, മറ്റു ബന്ധുക്കൾ തുടങ്ങിയവരും അന്ത്യോപചാരമർപ്പിച്ചു. വരുൺ സിങ്ങിന് വിടപറയാൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനും മറ്റു പ്രമുഖരും ഭൈരാഘറിലെത്തിയിരുന്നു.
പറക്കുന്നതിനിടെ കേടായ തേജസ് വിമാനം അപകടം കൂടാതെ നിലത്തിറക്കിയ ധീരതക്ക് വരുൺസിങ്ങിന് ഉന്നത സെനിക ബഹുമതിയായ ശൗര്യചക്ര ലഭിച്ചത് ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു. 39കാരനായ ഇദ്ദേഹത്തിെൻറ കുടുംബത്തിെൻറ വേരുകൾ ഉത്തർപ്രദേശിലാണ്. വരുൺസിങ്ങിെൻറ കുടുംബത്തിന് മധ്യപ്രദേശ് സർക്കാർ ഒരു കോടി രൂപ ധനഹായം പ്രഖ്യാപിച്ചു.