Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻഫ്ലുവൻസറുടെ വീട്ടിൽ അതിക്രമിച്ച് കയറി വിവാഹാഭ്യർത്ഥന; യുവാവ് കുടുംബാംഗങ്ങളുടെ മർദ്ദനമേറ്റ് മരിച്ചു

text_fields
bookmark_border
https://www.madhyamam.com/tags/beaten-to-death
cancel

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വീട്ടിൽ അതിക്രമിച്ച് കയറി വിവാഹം കഴിക്കാൻ നിർബന്ധിച്ച യുവാവ് കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും മർദ്ദനമേറ്റ് മരിച്ചു. സംഭവത്തിൽ ഇൻഫ്ലുവൻസറുടെ പിതാവായ വീരേന്ദർ ബിഷ്തിനെയും ഒരു അയൽവാസിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആറ് ലക്ഷത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സുള്ള ഡിജിറ്റൽ ക്രിയേറ്റർ നേഹ ബിഷ്തിന്റെ ഡൽഹിയിലെ മധു വിഹാർ വസതിയിൽ നവംബർ ഏഴിനാണ് സംഭവം നടന്നത്. ഉത്തർപ്രദേശിലെ ഗാസിപ്പൂർ സ്വദേശിയും ചെന്നൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരനുമായ അഭിനവാണ് മരിച്ചത്. ഇയാൾ നേഹ വീട്ടിലുണ്ടായിരുന്ന സമയത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അഭിനവിന്റെ പ്രവൃത്തിയിൽ പ്രകോപിതരായ നേഹയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ഇയാളെ മർദ്ദിക്കുകയായിരുന്നു. ശേഷം ഇവർ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം പുറത്തും വലത് കാലിലും ഗുരുതരമായി പരിക്കേറ്റ നിലയിലാണ് അഭിനവിനെ കണ്ടെടുത്തത്. തുടർന്ന് രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സയിലിരിക്കെ നവംബർ 15-നാണ് ഇയാൾ മരിച്ചത്. സംഭവ സമയത്ത് അഭിനവ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

നേഹ ബിഷ്തിന്റെ വീഡിയോകൾ സ്ഥിരമായി കണ്ടിരുന്ന അഭിനവിന് അവരോട് ഇഷ്ടം തോന്നിയിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഏതാനും മാസങ്ങൾക്ക് മുമ്പ് ആരാധകനെന്ന നിലയിൽ ഇയാൾ നേഹയുടെ വീട്ടിലെത്തിയിരുന്നതായും പൊലീസ് പറയുന്നു.

നേഹയുടെ നിശ്ചയവും വരാനിരിക്കുന്ന വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകളും റീൽസുകളും അവർ അടുത്തിടെ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും പങ്കുവെച്ചിരുന്നു. മറ്റൊരാളുമായുള്ള നേഹയുടെ വിവാഹത്തിൽ അഭിനവ് അസ്വസ്ഥനായിരുന്നുവെന്നും, എന്നാൽ അഭിനവ് ആരാണെന്ന് നേഹക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

പൊലീസ് ഇതിനകം തന്നെ പിതാവിനെയും അയൽവാസിയെയും അറസ്റ്റ് ചെയ്തതിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ തിരിച്ചറിയുന്നതിനായി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയുമാണ്. അറസ്റ്റിലായവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fan Demands Influencer To Marry Him
Next Story