പ്രശസ്ത സംഗീതജ്ഞൻ ടി.വി. ശങ്കര നാരായണൻ അന്തരിച്ചു
text_fieldsചെന്നൈ: പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി.വി.എസ് എന്ന ടി.വി. ശങ്കരനാരായണൻ (77) അന്തരിച്ചു. ദീർഘകാലമായി ചെന്നൈ മൈലാപ്പൂരിലെ കർപ്പഗാംബാൾ നഗറിലെ വസതിയിലായിരുന്നു താമസം. 1945 മാർച്ച് ഏഴിന് തമിഴ്നാട്ടിലെ മയിലാടുതുറൈയിലെ സംഗീതജ്ഞരായ തിരുവാലങ്കൽ ടി.എസ്. വെമ്പു അയ്യരുടെയും ഗോമതിയമ്മാളുടെയും മകനായി ജനിച്ച ശങ്കരനാരായണൻ ഒമ്പതാം വയസ്സിൽ അമ്മാവനായ മധുരൈ മണി അയ്യരുടെ കീഴിൽ സംഗീതം അഭ്യസിച്ചുതുടങ്ങി. '50കളിൽ കുടുംബം ചെന്നൈയിലെത്തി. '68ൽ മൈലാപ്പൂർ തണ്ണീർതുറൈ ആഞ്ജനേയ ക്ഷേത്രത്തിൽ അരങ്ങേറ്റം.
16 വയസ്സ് മുതൽ മണി അയ്യർക്കൊപ്പം വേദി പങ്കിട്ടുതുടങ്ങി. ബിരുദ-നിയമ പഠനത്തിനുശേഷം അഭിഭാഷകനായി തുടരാനാണ് ആഗ്രഹിച്ചതെങ്കിലും സംഗീതത്തിന്‍റെ വഴിയാണ് പിന്നീട് തെരഞ്ഞെടുത്തത്. രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് സംഗീതവേദികളിൽ പ്രഗല്ഭരായ വയലിനിസ്റ്റ്-മൃദംഗ വിദ്വാന്മാർക്കൊപ്പം സംഗീതപരിപാടികൾ അവതരിപ്പിച്ചു. 2003ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു.
1990ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, 2003ൽ മദ്രാസ് സംഗീത അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം, 1981ൽ അമേരിക്കയിൽനിന്ന് ഗായക ശിഖാമണി പുരസ്കാരം, 1981ൽ ടൊറന്‍റോവിലെ 'ഇന്നിസൈ പേരരസ്', 2005ൽ ഇന്ത്യൻ ഫൈൻ ആർട്സിന്‍റെ സംഗീത കലാശിഖാമണി പുരസ്കാരം, 2012ൽ തപസ് ഫൗണ്ടേഷന്‍റെ 'വിദ്യാ തപസ്വി' തുടങ്ങി നിരവധി അവാർഡുകൾ തേടിയെത്തി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സംഗീതജ്ഞരായ അമൃത ശങ്കരനാരായണൻ, ശങ്കര മഹാദേവൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

