യോഗിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായി ഉന്നാവ് കേസിലെ മുഖ്യസാക്ഷിയുടെ കുടുംബം
text_fieldsലഖ്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുന്നിൽ പ്രതിഷേധവുമായി ദുരൂഹ സാഹചാര്യത്തിൽ മരണപ്പെട്ട ഉന്നാവ് ബലാത്സംഗ കേസിലെ പ്രധാന സാക്ഷി യൂനുസിന്‍റെ കുടുംബം. മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസമാണ് യൂനുസ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. നിലവിൽ കേസ് അന്വേഷിക്കുന്ന സി.ബി.ഐയുടെ പ്രധാന സാക്ഷിയായ യൂനുസിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ പെട്ടെന്ന് സംസ്കരിക്കുകയും ചെയ്തു. ഇത് വിവാദമാകുന്നതിനിടെയാണ് യൂനുസിന്‍റെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെത്തിയ യൂനുസിന്‍റെ കുടുംബത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും പരാതി കേൾക്കുകയും ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വിജയ് പാണ്ഡേ മാധ്യമങ്ങളോട് പറഞ്ഞു.
പീഡനക്കേസ് പ്രതിയായ ബി.ജെ.പി എം.എൽ.എ കുൽദീപ് സെംഗാളിന്‍റെ സഹോദരൻ ഇരയായ പെൺകുട്ടിയുടെ പിതാവിനെ മർദ്ദിക്കുന്നതിന്‍റെ ദൃക്സാക്ഷിയായിരുന്നു യൂനുസ്. കഴിഞ്ഞ വർഷം ജൂൺ നാലിന് മഖി ഗ്രാമത്തിലുള്ള എം.എൽ.എയുടെ വസതിയിൽ വെച്ചാണ് പെൺകുട്ടിയെ മാനഭംഗത്തിന് ഇരയാക്കിയത്. ഇൗ സമയം അദ്ദേഹത്തിെൻറ സഹായി ശശി സിങ് വീടിന് പുറത്തു കാവൽ നിന്നു.
ജൂൺ 11 മുതൽ 19വരെ ശശി സിങ്ങും മറ്റു മൂന്നുപേരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു. ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ എം.എൽ.എയുടെ വീട്ടിലെത്തിച്ചതെന്നും അന്വേഷണ സംഘം പറയുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ വസതിക്ക് സമീപം യുവതിയും കുടുംബവും ആത്മഹത്യ ശ്രമം നടത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പൊലീസ് പെൺകുട്ടിയുടെ പിതാവിനെ കസ്റ്റഡയിലെടുക്കുകയും മർദനത്തെതുടർന്ന് കൊല്ലപ്പെടുകയും ചെയ്തു. പ്രതിഷേധം ഉയർന്നതോടെയാണ് അന്വേഷണം സി.ബി.െഎക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
