മേക്കപ്പ് വൈകി; ആഗ്രയിൽ കല്യാണത്തിനിടെ വീട്ടുകാർ തമ്മിൽ അടിപിടി
text_fieldsആഗ്ര: കല്യാണ ദിവസം വധുവിന്റെ മേക്കപ്പ് വൈകിയതിനെ ചൊല്ലി വരന്റെയും വധുവിന്റെയും കുടുംബങ്ങൾ തമ്മിൽ അടിപിടിയിലായി. ഉത്തർപ്രദേശിൽ നടന്ന കല്യാണ ചടങ്ങാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. തുടർന്ന് പൊലീസ് ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു. നഗരത്തിലെ അറിയപ്പെടുന്ന ജ്വല്ലറി വ്യവസായിയുടെ മകളുടെ കല്യാണമാണ് നിസാര കാര്യത്തെ തുടർന്ന് അടിപിടിയിലായത്.
വധു ഒരുങ്ങി വരാൻ താമസിച്ചതിലുള്ള നീരസമാണ് പ്രശ്നങ്ങൾക്ക് തുടക്കം. ലാൽ പ്യാർ കി ധർമശാലയിൽ നടന്ന കല്യാണ മണ്ഡപത്തിലേക്ക് വരൻ പ്രവേശിച്ചതോടെ പ്രശ്നങ്ങൾ തുടങ്ങുകയായിരുന്നു. വധു വൈകിയതിനെ തുടർന്ന് സമാധാന അന്തരീക്ഷം മാറി വഴക്കിലേക്ക് നീങ്ങി. തുടർന്ന് ഇരുവരുടെയും വീട്ടുകാർ തമ്മിൽ വ്യാപക അടിപിടിയിലെത്തുകയും ചെയ്തു. സംഘർഷത്തിൽ കല്യാണമണ്ഡപമടക്കമുള്ള അലങ്കാര സാമഗ്രികൾ നശിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും കുട്ടികളടക്കമുള്ളവർ ഓടി രക്ഷപ്പെടുകയും ചെയ്തു.
പിന്നീട് സമുദായത്തിലെ ഉന്നതരും പ്രദേശവാസികളും ഇടപെട്ടാണ് അന്തരീക്ഷം ശാന്തമാക്കിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരു വിഭാഗക്കാരെയും സ്റ്റേഷനിലേക്ക് വിളിച്ച് ഒത്തുതീർപ്പിലെത്തുകയായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട് നിന്ന സമവായ ചർച്ചക്ക് ശേഷം നിയമപരമായി മുന്നോട്ട് പോകുന്നില്ലെന്ന് ഇരുവരുടെയും കുടുംബങ്ങൾ തീരുമാനിച്ചു. തുടർന്ന് പരമ്പരാഗത രീതിയിൽ കല്യാണ ചടങ്ങുകൾ പുനരാരംഭിച്ച് വിവാഹം നടക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തില്ലെങ്കിലും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

