ക്രിസ്ത്യാനികളായി മതംമാറിയ ആദിവാസികൾക്ക് ബഹിഷ്‍കരണം; വെള്ളത്തിനും വിറകിനും വിലക്ക്; ഒടുവിൽ പൊലീസ് ഇടപെടൽ
text_fieldsസർന വിശ്വാസികളുടെ ഗ്രാമം
റാഞ്ചി: ജാർഖണ്ഡിലെ ആദിവാസി ഗ്രാമത്തിൽ ക്രിസ്ത്യാനികളായി മതം മാറ്റം നടത്തിയ കുടുംബങ്ങൾക്ക് കുടിവെള്ളം വരെ നിഷേധിച്ച് ബഹിഷ്‍കരണം. ജഗന്നാഥപൂരിലെ ഹൽദി പൊഖാർ ഗ്രാമത്തിലാണ് മതംമാറ്റം നടത്തിയ നാല് കുടുംബങ്ങൾക്ക് ഗ്രാമത്തിലെ കിണറുകളും, പൊതു പൈപ്പുകളും, കുളവും മുതൽ പാചകം ചെയ്യാനായി വിറക് ശേഖരിക്കുന്നതും വരെ വിലക്കിയുള്ള പ്രതികാര നടപടി. ഒടുവിൽ പൊലീസിന്റെയും റവന്യൂ അധികാരികളുടെയും ഇടപെടലിനെ തുടർന്ന് കുടുംബങ്ങൾക്കുള്ള വിലക്ക് ഭാഗികമായി പിൻവലിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന മതപരിവർത്തനങ്ങളുടെ പേരിലാണ് ഗ്രാമമുഖ്യനു കീഴിൽ യോഗം ചേർന്ന് ക്രിസ്ത്യാനികളായ കുടുംബങ്ങൾക്ക് ബഹിഷ്‍കരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. നേരത്തെ മൂന്ന് കുടുംബങ്ങളാണ് ഗോത്ര വിഭാഗമായ ‘സർന’ വിശ്വാസം ഉപേക്ഷിച്ച് ക്രിസ്തു മതം സ്വീകരിച്ചത്. നാലാമതൊരു കുടുംബം കൂടി മതംമാറിയതോടെ ഇവരെ ബഹിഷ്‍കരിക്കാൻ തീരുമാനിച്ചു. ഗ്രാമത്തിലെ കുളം, കിണർ, പൈപ്പ് വെള്ളം എന്നിവ ഉപയോഗിക്കാനും, വനത്തിൽ നിന്ന് വിറകും ചെടികളും ശേഖരിക്കുന്നതിൽ നിന്നും കടകളിലും വിലക്കി. ഇതോടെ, നിത്യജീവിതം ദുസ്സഹമായി കുടുംബങ്ങൾ പരാതിയുമായി അധികാരികളെ സമീപിക്കുകയായിരുന്നു.
ഗ്രാമത്തിലെത്തിയ പൊലീസും, റവന്യൂ അധികാരികളും ഇരു വിഭാഗവുമായി കൂടികാഴ്ച നടത്തി പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടു. ഏതെങ്കിലും വിഭാഗങ്ങൾക്കെതിരെ സാമൂഹിക ബഹിഷ്‍കരണം ശിക്ഷാർഹമായ കുറ്റമാണെന്ന് മുന്നറിയിപ്പും നൽകി. ഇതോടെ, ഗ്രാമ മുഖ്യൻമാർ യോഗം ചേർന്ന് പ്രശ്നം പരിഹരിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഒടുവിൽ ഗ്രാമീണർ ഉപയോഗിക്കുന്ന പൊതു സംവിധാനങ്ങൾ ഉപയോഗിക്കരുതെന്ന ഉപാധിയിൽ ബഹിഷ്‍കരണം പിൻവലിക്കാൻ തയ്യാറായി. മതംമാറിയ കുടുംബങ്ങൾക്ക്, തങ്ങളുടെ വീടുകൾക്ക് മുന്നിലെ കിണറിൽ നിന്ന് വെള്ളം എടുക്കാൻ മാത്രമാണ് ഇപ്പോൾ അനുവാദമുള്ളത്.
പ്രത്യേക ആദിവാസി ഗോത്ര വിഭാഗമായ തങ്ങളുടെ സംസ്കാരവും, വിശ്വാസവും, പൈതൃകവും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് മതംമാറിയവരെ ബഹിഷ്‍കരിക്കുന്നതെന്നാണ് ഇവരുടെ വാദം.
സർന മതവും; പ്രത്യേക മതമായി അംഗീകരിക്കണമെന്ന ആവശ്യവും
അസ്സം, ജാർഖണ്ഡ്, ഒഡിഷ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലെ ആദിവാസി ഗോത്ര വിഭാഗമാണ് സർന. തങ്ങൾ ഹിന്ദുക്കളല്ലെന്നും, പ്രത്യേക മത വിഭാഗമാണെന്നുമാണ് ഇവരുടെ അവകാശവാദം. തങ്ങളുടെ വിശ്വാസത്തെ സർന മതമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഇവർ വർഷങ്ങളായി രംഗത്തുണ്ട്. ബൈഗ, കുഡുമി മഹാതോ, ഹോ ഗോത്രം, ഒറാവോൺ, മുണ്ഡ, സാന്താൾ തുടങ്ങിയ വിവിധ ഗോത്ര വിഭാഗങ്ങളാണ് സർന വിശ്വാസം പിന്തുടരുന്നത്.
തങ്ങളുടെ മതത്തെ സർനയായി അംഗീകരിക്കണമെന്നും, പുതിയ സെൻസസിൽ പ്രത്യേക മതവിഭാഗമായി കണക്കെടുപ്പ് നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം. ബി.ജെ.പിക്ക് കാര്യമായ സ്വാധീനമുള്ള വിഭാഗമാണിത്. ‘സർന ധർമ കോഡി’നായുള്ള ഇവരുടെ ആവശ്യം ബി.ജെ.പിയും ആർ.എസ്.എസുമാണ് ശക്തമായി എതിർക്കുന്നത്.
‘ഞങ്ങൾ ആദിവാസികൾ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ അല്ല. മറ്റു മതത്തിൽ നിന്നും വ്യത്യസ്‌തമായി തനതായ ജീവിതരീതിയും മതപരമായ ആചാരങ്ങളും സംസ്‌കാരവും മതചിന്തകളും ഞങ്ങള്‍ക്കുണ്ട്. വിഗ്രഹങ്ങളെയല്ല പ്രകൃതിയെയാണ് ഞങ്ങള്‍ ആരാധിക്കുന്നത്. ഞങ്ങളുടെ ഇടയില്‍ വര്‍ണ സമ്പ്രദായമോ ഏതെങ്കിലും തരത്തിലുള്ള അസമത്വമോ ഇല്ല’ -
സർനസമുദായ അംഗവും മുൻ ബി.ജെ.പി എം.പിയുമായ സൽഖാൻ മുർമു ഏതാനും വർഷം മുമ്പ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
ഗോത്രവർഗക്കാരുടെ മതത്തിന് സർക്കാർ അംഗീകാരം നൽകാത്ത സാഹചര്യത്തിൽ, പട്ടികവർഗ സമുദായങ്ങളിലെ അംഗങ്ങൾ തെറ്റിദ്ധരിച്ച് മറ്റ് മതങ്ങളെ സ്വീകരിക്കാൻ നിര്‍ബന്ധിതരാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

