പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന ഭാര്യയുടെ വ്യാജ പരാതി; ഒന്നരവർഷത്തെ ജയിൽ വാസത്തിന് ശേഷം പിതാവിനെ വെറുതെവിട്ട് കോടതി
text_fieldsഡെറാഡൂൺ: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍ ജയിലിൽ കഴിഞ്ഞിരുന്ന പിതാവിനെ വെറുതെവിട്ട് കോടതി. മകളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ഭാര്യ നൽകിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് നടപടി. കുറ്റകൃത്യം നടന്ന തീയതി പോലും എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഒന്നരവർഷക്കാലം ജയിൽ ശിക്ഷ അനുഭവിച്ച ശേഷമാണ് 43കാരനെ കോടതി വെറുതെവിട്ടത്.
യുവതിയുടെ പരാതി ശരിവെക്കുന്ന മൊഴിയാണ് അന്ന് മകളും നല്‍കിയത്. പിതാവ് പീഡിപ്പിച്ചെന്നും സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും 15കാരി പൊലീസിനോട് പറഞ്ഞിരുന്നു. ഇതോടെയാണ് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിലെ വിചാരണക്കിടെയാണ് പരാതി വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ദമ്പതികൾ തമ്മിലുള്ള സ്വത്തുതര്‍ക്കമാണ് വ്യാജ പീഡനക്കേസിന് കാരണമായതെന്നാണ് വിചാരണയില്‍ കണ്ടെത്തിയത്. വൈദ്യപരിശോധനയില്‍ ലൈംഗികാതിക്രമം നടന്നതിന്റെ തെളിവുകളും ലഭിച്ചിരുന്നില്ല. ദമ്പതിമാരുടെ പത്തുവയസ്സുള്ള മകള്‍ നല്‍കിയ സാക്ഷിമൊഴിയും കേസില്‍ നിർണായക ഘടകമായിരുന്നു.
അച്ഛന്റെ പേരിലുള്ള ഭൂമി അമ്മക്ക് നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചിരുന്നുവെന്നും ഇതോടെയാണ് സഹോദരി അച്ഛനെതിരെ വ്യാജ പീഡന മൊഴി നൽകിയതെന്നുമായിരുന്നു പത്ത് വയസുകാരിയുടെ മൊഴി. അമ്മയുടെ നിര്‍ബന്ധത്തിലാണ് സഹോദരി ഇങ്ങനെ പരാതി ഉന്നയിച്ചതെന്നും കുട്ടി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

