അമിത് മാളവ്യക്കും അർണബ് ഗോസ്വാമിക്കും എതിരെ കേസ്; കലാപം ലക്ഷ്യമിട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് എഫ്.ഐ.ആർ
text_fieldsബംഗളൂരു: വ്യാജ പ്രചാരണം നടത്തിയതിന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യക്കും റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കുമെതിരെ കേസ്. ഇന്ത്യൻ യൂത്ത് കോൺഗ്രസ് ലീഗൽ സെൽ മേധാവി ബി.എൻ. ശ്രീകാന്ത് സ്വരൂപ് നൽകിയ പരാതിയിലാണ് ഹൈഗ്രൗണ്ട്സ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 192 (കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ മനഃപൂർവം പ്രകോപനം സൃഷ്ടിക്കൽ), സെക്ഷൻ 352 (സമാധാന ലംഘനം നടത്തുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവം അപമാനിക്കൽ) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഹീനവും കുറ്റകൃത്യ പ്രേരിതവുമായ പ്രചാരണത്തിന് ഇരുവരും നേതൃത്വം നൽകിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. തുർക്കിയിലെ ഇസ്താംബുൾ കോൺഗ്രസ് സെന്റർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ (ഐ.എൻ.സി) ഓഫിസ് ആണെന്ന വ്യാജ അവകാശവാദം പ്രതികൾ ദുരുദ്ദേശ്യപരമായി പ്രചരിപ്പിച്ചു.
രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കുക, പ്രധാനപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്തുക, ദേശീയ വികാരങ്ങൾ കൈകാര്യം ചെയ്യുക, അശാന്തിക്ക് പൊതുജനത്തെ പ്രേരിപ്പിക്കുക, ദേശീയ സുരക്ഷയെയും ജനാധിപത്യത്തെയും ദുർബലപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് വ്യാജ പ്രചാരണം നടത്തിയത്.
തുർക്കി പാകിസ്താനെ പിന്തുണക്കുന്നുവെന്ന് കരുതുന്നതിനാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിലാണ് അമിത് മാളവ്യയുടെയും അർണബ് ഗോസ്വാമിയുടെയും പ്രവർത്തനങ്ങളെന്ന് സ്വരൂപ് പറഞ്ഞു.
മാളവ്യയുടെയും ഗോസ്വാമിയുടെയും പ്രവർത്തനങ്ങൾ ഇന്ത്യയുടെ ജനാധിപത്യ അടിത്തറക്കും പൊതു സുരക്ഷക്കും ദേശീയ സുരക്ഷക്കും നേരെയുള്ള ആക്രമണമാണ്. ക്രിമിനൽ ഉദ്ദേശ്യത്തോടെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിനായി പ്രതികൾ സ്വാധീനം ദുരുപയോഗം ചെയ്തെന്നും അതിനാൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. കൂടാതെ, പരാതി അടിയന്തരമായി പരിഗണിക്കണമെന്ന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, സി.ബി.ഐ, മറ്റ് നിയമ ഏജൻസികൾ എന്നിവരോട് സ്വരൂപ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

