മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിൻെറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ഓരോ ദിവസം കഴിയും തോറും കാര്യങ്ങൾ കുഴഞ്ഞു മറിയുകയാണ്. നാർകോടിക്സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ കഴിയുന്ന സുശാന്തിൻെറ കാമുകി റിയ ചക്രബർത്തിയുടെ വെളിപ്പെടുത്തിലിൻെറ ഫലമായി നിരവധി ബോളിവുഡ് താരങ്ങളാണ് സംശയ നിഴലിലായിരിക്കുന്നത്.
മയക്കുമരുന്ന് ഉപയോഗിക്കുന്നതായുള്ള ആേരാപണങ്ങൾ പാടെ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ദിയ മിർസ. ജീവിതത്തിൽ ഇതുവരെ ഒരു രൂപത്തിലുള്ള മയക്കുമരുന്നും ഉപയോഗിച്ചിട്ടില്ലെന്നും യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്തകളാണ് ഇതെന്നും ദിയ ട്വിറ്ററിൽ കുറിച്ചു.
ഇത്തരം വ്യാജ വാർത്തകൾ തൻെറ അഭിമാനത്തിന് ക്ഷതമേൽപിക്കുന്നതായും അത് വർഷങ്ങളുടെ കഠിനാധ്വാനത്താൽ പടുത്തുയർത്തിയ കരിയറിനെ ദോഷകരമായി ബാധിക്കുന്നതായും അവർ മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗം നിഷേധിച്ച ദിയ തനിക്ക് പിന്തുണ നൽകിയ ഏല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.
സുശാന്തിൻെറ കാമുകി റിയയുടെ വാട്സാപ്പ് ചാറ്റ് വിവരങ്ങൾ പുറത്തായതോടെയാണ് മയക്കുമരുന്ന് കേസിൽ വഴിത്തിരിവുണ്ടായത്.
പിന്നാലെ റിയ, സഹോദരൻ ശൗവിക്, സുശാന്തിൻെറ മാനേജർ, പാചകക്കാരൻ എന്നിവരടക്കം 18 പേർ ഇതിനോടകം അറസ്റ്റിലായി.റിയയുടെ വെളിപ്പെടുത്തലിൻെറ അടിസ്ഥാനത്തിൽ 25ലധികം ബോളിവുഡ് താരങ്ങൾ എൻ.സി.ബിയുടെ റഡാർ നിരീക്ഷണത്തിലാണ്.
ദീപിക പദുക്കോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽപ്രീത് സിങ് എന്നീ നടിമാരുടെ പേരുകൾ അന്വേഷണത്തിൻെറ ഭാഗമായി ഉയർന്ന് വന്നിരുന്നു. ജൂൺ 14നാണ് സുശാന്തിനെ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.