ആമാശയത്തിലേയും ചെറുകുടലിലേയും ഒന്നിലധികം ഞരമ്പുകൾ മുറിച്ചുമാറ്റി; യു.പിയിൽ യൂട്യൂബ് വിഡിയോ കണ്ട് ശസ്ത്രക്രിയ, സ്ത്രീ മരിച്ചു
text_fieldsലഖ്നോ: വ്യാജ ഡോക്ടർ യൂട്യൂബ് വിഡിയോ കണ്ട് ശസ്ത്രക്രിയ ചെയ്തതിനെത്തുടർന്ന് സ്ത്രീ മരിച്ചു. ഉത്തർപ്രദേശിലെ ബരാബങ്കി പ്രദേശത്താണ് സംഭവം. മുനിശ്ര റാവത്ത് എന്ന സ്ത്രീയുടെ വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് വ്യാജ ഡോക്ടർ യൂട്യൂബ് വിഡിയോ കണ്ട് കൊണ്ട് നടത്തിയതിയത്. ശസ്ത്രക്രിയയുടെ സമയത്ത് ഡോക്ടർ മദ്യപിച്ചിരുന്നു.
വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യുന്നതിൽ അയാൾ പരാജയപ്പെടുകയും പകരം ആമാശയത്തിലേയും ചെറുകുടലിലേയും അന്നനാളത്തിലെയും ഒന്നിലധികം ഞരമ്പുകൾ മുറിച്ചുമാറ്റുകയും ചെയ്തതതാണ് സ്ത്രീയുടെ മരണത്തിലേക്ക് നയിച്ചത്. വ്യാജ ഡോക്ടർക്കും അദ്ദേഹത്തിന്റെ കൂട്ടാളിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡിസംബർ അഞ്ചിനാണ് മുനിശ്ര റാവത്തിന് കഠിനമായ വയറുവേദന അനുഭവപ്പെട്ടത്. ഭർത്താവ് ഫത്തേ ബഹാദൂർ അവരെ ബരാബങ്കിയിലെ ക്ലിനിക്കായ ശ്രീ ദാമോദർ ഔഷധാലയയിലേക്ക് കൊണ്ടുപോയി. ഗ്യാൻ പ്രകാശ് മിശ്രയും വിവേക് മിശ്രയുമാണ് ക്ലിനിക്കിന്റെ ഉടമകൾ. സ്ത്രീയുടെ വയറുവേദന വൃക്കയിലെ കല്ല് മൂലമാണെന്ന് ഗ്യാൻ പ്രകാശ് പറഞ്ഞു. 25000 രൂപയാണ് ശസ്ത്രക്രിയയുടെ ചെലവ് എന്നും അയാൾ പറഞ്ഞു. പിന്നീട് അത് 20000 രൂപയിൽ ഒത്തുതീർപ്പാക്കി.
സ്ത്രീയുടെ മരണശേഷം മിശ്രയും കുടുംബവും മൃതദേഹം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഫത്തേ ബഹാദൂർ ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവം അറിഞ്ഞയുടനെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അനധികൃത ക്ലിനിക്ക് നിലവിൽ അടച്ചുപൂട്ടിയ നിലയിലാണെന്നും പ്രതികൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

