സമൂഹവിവാഹത്തിന്റെ പേരിൽ വ്യാജ വാഗ്ദാനം; മധ്യപ്രദേശിൽ 42 കുടുംബങ്ങൾ വിവാഹ തട്ടിപ്പിനിരയായി
text_fieldsമധ്യപ്രദേശ്: ദേവാസിൽ സമൂഹവിവാഹത്തിന്റെ പേരിൽ വിവിധ ജില്ലകളിൽ നിന്നുള്ള 42 കുടുംബങ്ങളെ വഞ്ചിച്ച് വിവാഹ തട്ടിപ്പ് നടത്തി. വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടാതെ ബുദ്ധിമുട്ടുന്ന യുവാക്കളുടെ കുടുംബങ്ങളെയാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിട്ടത്. ഇൻഡോറിലെ ഒരു അനാഥാലയത്തിലെ പെൺകുട്ടികളാണെന്ന് വിശ്വസിപ്പിച്ച് സോഷ്യൽ മീഡിയയിൽ നിന്ന് ഡൗൺലോഡ് ചെയ്ത മോഡലുകളുടെയും മറ്റ് യുവതികളുടെയും ചിത്രങ്ങൾ മൊബൈൽ ഫോൺ വഴി കാണിച്ചാണ് പ്രതികൾ ഇവരെ കെണിയിലാക്കിയത്.
മെയ് 25-ന് ദേവാസിലെ രാധാഗഞ്ചിലുള്ള ക്ലബ് ഗ്രൗണ്ടിൽ വെച്ച് വിവാഹം നടത്താമെന്നായിരുന്നു വാഗ്ദാനം. ഇതിനായി ഓരോ കുടുംബത്തിൽ നിന്നും 12,000 രൂപ മുതൽ 25,000 രൂപ വരെ പ്രതികൾ വാങ്ങി. ഏകദേശം 10 ലക്ഷത്തിലേറെ രൂപയാണ് ഇത്തരത്തിൽ ഇവർ തട്ടിയെടുത്തത്. മെയ് 24-ന് തന്നെ വിവാഹത്തിനായി വരന്മാരും ബന്ധുക്കളും എല്ലാ ഒരുക്കങ്ങളോടെയും ദേവാസിലെ നിശ്ചയിച്ച സ്ഥലത്ത് എത്തിയെങ്കിലും അവിടെ വിവാഹ മണ്ഡപമോ മറ്റ് യാതൊരുവിധ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. ഇൻഡോറിൽ നിന്നുള്ള പെൺകുട്ടികൾ ഉടൻ എത്തുമെന്ന് പറഞ്ഞ് സംഘാടകരായ മുകേഷ് ബൈരാഗിയും ഭാര്യ സുനിതയും രാത്രി വരെ ഇവരെ കാത്തുനിർത്തിച്ചു. ഒടുവിൽ പെൺകുട്ടികൾ എത്തില്ലെന്നും തങ്ങൾ ചതിക്കപ്പെടുകയാണെന്നും ബോധ്യപ്പെട്ടതോടെയാണ് കുടുംബങ്ങൾ പൊലീസിനെ സമീപിച്ചത്.
ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് മുകേഷ് ബൈരാഗിയുടെ ഭാര്യ സുനിത, മുകേഷിന്റെ സഹോദരൻ ദിനേഷ് ദാസ് ബൈരാഗി, മുകേഷിന്റെ ഭാര്യയുടെ അച്ഛൻ നരസിംഹ ദാസ് ബൈരാഗി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ മുകേഷിനെയും സുനിതയെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇൻഡോറിൽ ജോലി ചെയ്യുന്ന ദിനേഷാണ് അനാഥാലയത്തിലെ കുട്ടികളുടെ വിവാഹ കാര്യം പറഞ്ഞതെന്ന് മുകേഷ് പോലീസിനോട് പറഞ്ഞു. ആളുകൾ എത്തിയതിനു ശേഷം ദിനേഷിനെ വിളിച്ചപ്പോൾ പെൺകുട്ടികൾ ഉടൻ എത്തുമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. തട്ടിപ്പിന് ഇരയായ അഭിഷേക് എന്നയാളുടെ പരാതിയിൽ വഞ്ചനാക്കുറ്റ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

