നാല് വ്യാജ ഐഡികൾ, കളിത്തോക്ക്, പതിവു പരിശോധന; 36കാരൻ പൊലീസായി ജീവിച്ചത് 2 വർഷം, ഒടുവിൽ പിടിയിൽ
text_fieldsന്യൂഡൽഹി: വ്യാജ എംബസി, പൊലീസ് സ്റ്റേഷൻ, തട്ടിപ്പിന്‍റെ കഥകൾ അവസാനിക്കുന്നില്ല. പൊലീസ് ചമഞ്ഞ് ലക്പത് സിങ് നേഗി എന്ന യുവാവ് ജീവിച്ചത് രണ്ട് വർഷം. ഒടുവിൽ പിടിയിൽ. കാറിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടയാളെ പൊലീസ് ചോദ്യം ചെയ്യുമ്പോഴാണ് സംഭവം പുറത്തു വരുന്നത്. പൊലീസ് ചോദ്യം ചെയ്യുമ്പോൾ ദ്വാരക പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറാണ് താനെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇതിൽ വിശ്വാസം വരാത്ത പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി വീണ്ടും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ തെറ്റിദ്ധരിപ്പിക്കുന്ന രേഖകളാണ് അയാൾ പൊലീസിനു നൽകിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാളുടെ വാഹനത്തിൽ നിന്ന് പൊലീസിന്‍റെ നാലു വ്യാജ ഐ.ഡി കാർഡുകൾ കണ്ടെത്തി.
ഐ.ഡി കാർഡിലെ ഫോട്ടോയിൽ പൊലീസ് യൂനിഫോമാണ് ഇയാൾ ധരിച്ചിട്ടുള്ളത്. ഇയാളിൽ നിന്ന് തോക്ക് കണ്ടെത്തിയെങ്കിലും പിന്നീട് കളിത്തോക്കാണെന്ന് തിരിച്ചറിഞ്ഞു. ഇവക്ക് പുറമെ നിരവധി പൊലീസ് ബാഡ്ജുകളും 8 ഡെബിറ്റ് കാർഡുകളും കോടതി ഉത്തരവുകളും ഇയാളുടെ പക്കൽ നിന്നും കണ്ടെത്തി. ഒപ്പം മൂന്നു മൊബൈൽ ഫോണുകളും.
ബിരുദധാരിയായ നേഗി മുമ്പ് അക്കൗണ്ടന്‍റായി ജോലി ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ 2 വർഷമായി പൊലീസ് ചമഞ്ഞ് ഇയാൾ ആളുകളെ പറ്റിക്കുകയായിരുന്നു. പണത്തിനും സമൂഹത്തിൽ നിന്നുള്ള ബഹുമാനത്തിനും വേണ്ടിയാണ് പ്രതി ആൾമാറാട്ടം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
നേഗിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഏതാനും ദിവസങ്ങൾക്കു മുമ്പ് വ്യാജ എംബസിയും പൊലീസ് സ്റ്റേഷനും പിടികൂടിയതിനു പിന്നാലെയാണ് പുതിയ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

