ഫേക് ന്യൂസ് ചീഫുമാരുടെ യുദ്ധങ്ങൾ
text_fields‘‘ആദ്യം പറയും അപ്ഡേറ്റ് തരൂ, അപ്ഡേറ്റ് തരൂ... വ്യാജവാർത്ത അടിച്ച് വിട്ടിട്ട് ചോദിക്കും, വ്യാജവാർത്ത എന്തിന് തന്നൂ എന്ന്’’... രാജ്യത്തെ പ്രമുഖ വാർത്താ ചാനലിന്റെ റിപ്പോർട്ടർ തത്സമയ ചർച്ചക്കിടെ നിയന്ത്രണം വിട്ട് പറഞ്ഞുപോയ പരിഭവമാണിത്- സമചിത്തത നഷ്ടപ്പെടാത്ത സകല റിപ്പോർട്ടർമാരും ഇത് പറയുന്നുണ്ടാവാം, പക്ഷേ സ്റ്റുഡിയോയിലെ ആങ്കർമാരുടെ യുദ്ധാക്രോശത്തിനും സൈറൺ മുഴക്കങ്ങൾക്കുമിടയിൽ അത് മുങ്ങിപ്പോവുന്നു.
സൈറൺ ശബ്ദം ചേർത്ത് വാർത്ത നൽകുന്നത് നിർത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശമിറക്കി. പക്ഷേ, വ്യാജവാർത്ത പ്രചരിപ്പിക്കരുത് എന്ന് മാധ്യമങ്ങളോട് അധികൃതർ പറഞ്ഞില്ല.
പാകിസ്താൻ അനുകൂല സമൂഹ മാധ്യമ അക്കൗണ്ടുകൾ പ്രചരിപ്പിച്ച നുണകൾ ഒന്നൊന്നായി ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ പോലുള്ളവർ പൊളിച്ചുകൊടുത്തു. പക്ഷേ, അതുക്കും മേലെയായിരുന്നു സർക്കാറിന്റെ മടിത്തട്ടിലിരിക്കുന്ന ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളുടെ ആയിരം നാവുള്ള നുണകൾ.
ഇന്ത്യ-പാക് സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ എണ്ണായിരത്തിലേറെ അക്കൗണ്ടുകൾ ഇന്ത്യയിൽ തടയണമെന്നാണ് സമൂഹമാധ്യമ സ്ഥാപനമായ എക്സിന് കേന്ദ്രസർക്കാർ നിർദേശം നൽകിയത്. വ്യാജവിഡിയോകൾ പ്രചരിപ്പിച്ച ചിലരെ ലുധിയാനയിലും മറ്റും പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. എന്നാൽ, നോയിഡയിൽ നിന്ന് കൊടും വ്യാജവാർത്തകൾ പടച്ചുവിട്ട് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പടർത്തിയ ഫേക് ന്യൂസ് ചീഫുമാരിൽ ഒരാൾക്കുപോലും ഈ നിയന്ത്രണം ബാധകമായിരുന്നില്ല.
പാകിസ്താൻ അനുകൂല എക്സ് അക്കൗണ്ടുകൾ പരത്തിവിട്ട വിവരങ്ങളടക്കം ആധികാരിക വാർത്തകളെന്ന മട്ടിൽ അടിച്ചുവിട്ട അവർ ഇന്ത്യൻ വിമാനത്താവളങ്ങൾ അടച്ചുപൂട്ടിയെന്നും ഇന്ത്യൻ വിമാനം പാകിസ്താൻ വെടിവെച്ചിട്ടെന്നുമെല്ലാം പ്രചരിപ്പിച്ചു.
മുഹമ്മദ് ഇഖ്ബാലിന്റെ രക്തം കുടിച്ചവർ
വാർത്താ ഏജൻസികളേക്കാളേറെ ഇന്ത്യൻ മാധ്യമങ്ങൾ ആശ്രയിച്ചത് സംഘ്പരിവാർ ഐ.ടി സെല്ലുകളെയാണെന്ന് വേണം കരുതാൻ. ഓപറേഷൻ സിന്ദൂറിന് മറുപടിയെന്നോണം കശ്മീരിലെ പൂഞ്ച്, രജൗറി മേഖലയിലേക്ക് പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ 16 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായിരുന്നു. അക്കൂട്ടത്തിലൊരാളാണ് പൂഞ്ച് ജാമിഅ സിയാ ഉൽ ഉലൂമിലെ അധ്യാപകനും മതപണ്ഡിതനുമായ ഖാരിഅ് മുഹമ്മദ് ഇഖ്ബാൽ എന്ന 42 കാരൻ. എന്നാൽ, ദേശീയതക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് വീമ്പിളക്കുന്ന റിപ്പബ്ലിക്, എ.ബി.പി ന്യൂസ്, ന്യൂസ് 18, സീ ന്യൂസ് തുടങ്ങിയ മാധ്യമങ്ങൾ അദ്ദേഹത്തിന് ചാർത്തിക്കൊടുത്തത് ‘ലശ്കർ ഭീകരൻ’ എന്ന ചാപ്പയാണ്.
പുൽവാമ ഉൾപ്പെടെയുള്ള ഭീകരാക്രമണങ്ങളിൽ പങ്കുവഹിച്ച ലശ്കറെ ത്വയ്യിബയുടെ മുൻനിര കമാൻഡറായിരുന്നു മുഹമ്മദ് ഇഖ്ബാൽ എന്നും, ഒളിച്ചിരുന്ന ഇയാളെ ഇന്ത്യൻ സൈന്യം മണ്ണോടു ചേർത്തുവെന്നുമുള്ള റിപ്പബ്ലിക് വാർത്ത വ്യാപകമായി പങ്കുവെക്കപ്പെട്ടു. സ്വതവേ ശക്തിപ്പെട്ടുവരുന്ന മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചാരണം അതിതീവ്രതയിലായി.
പ്രദേശത്തെ സമാദരണീയനായ വ്യക്തിയും പണ്ഡിതനുമായ അദ്ദേഹത്തിന് ഭീകരരുമായി ഒരു ബന്ധവുമില്ലെന്നും ഇത്തരം പ്രചാരണം ശരിയല്ലെന്നുമുള്ള വിശദീകരണവുമായി ജമ്മു -കശ്മീർ പൊലീസ് തന്നെ രംഗത്തുവരുന്ന സാഹചര്യമുണ്ടായി. സ്വന്തം രാജ്യത്തെ ജനതക്ക് നേരെ യുദ്ധം ചെയ്യുന്ന ഇത്തരം ചാനലുകൾ ഭീകരതയുമായി ബന്ധപ്പെട്ട് സംപ്രേക്ഷണം ചെയ്യുന്ന ഓരോ വാർത്തയിലുമുണ്ടാവും ഇത്തരം പെരുങ്കള്ളങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

