വ്യാജ വാർത്ത: വസ്തുത പരിശോധന യൂനിറ്റിന് രൂപരേഖയായി
text_fieldsRepresentational Image
ബംഗളൂരു: വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് കണ്ടെത്താൻ കർണാടക സർക്കാറിന് കീഴിൽ രൂപവത്കരിക്കുന്ന വസ്തുത പരിശോധന യൂനിറ്റിന് രൂപരേഖയായി. ഇതിനായി പുതിയ നിയമം കൊണ്ടുവരുകയോ നിലവിലെ നിയമത്തിൽ മാറ്റം വരുത്തുകയോ ചെയ്യില്ലെന്ന് ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. എന്നാൽ, വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം നടന്ന അവലോകന യോഗത്തിലാണ് വസ്തുത പരിശോധന (ഫാക്ട് ചെക്കിങ്) യൂനിറ്റ് ആരംഭിക്കാൻ തീരുമാനിച്ചത്.
മൂന്നു സംഘങ്ങളായാണ് യൂനിറ്റ് പ്രവർത്തിക്കുക. ഫാക്ട് ചെക്കിങ് ടീം ആണ് ആദ്യത്തേത്. സമൂഹമാധ്യമങ്ങളിലും മറ്റും വരുന്ന വ്യാജവാർത്തകൾ കണ്ടെത്തി ഇവർ പരിശോധിക്കും. വ്യാജ വാർത്തയാണെന്ന് കണ്ടെത്തിയാൽ കുറ്റവാളികൾക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് ഈ ടീം നിർദേശം നൽകും. അനലറ്റിക്സ് ടീമാണ് രണ്ടാമത്തേത്. ടെക്നോളജി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സംഘം, വാർത്തയുടെ ഉള്ളടക്കം സമൂഹത്തിന് ദോഷം വരുത്തുന്നതാണോ എന്ന് പരിശോധിക്കും. തെറ്റായ വിവരം പ്രചരിപ്പിച്ചതിന്റെ ഉറവിടം കണ്ടെത്തുകയും ആരൊക്കെ അത് ഷെയർ ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യും.
ബോധവത്കരണ ടീം ആണ് മൂന്നാമത്തേത്. വ്യാജ വാർത്തകളെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ബോധവത്കരണം നൽകുകയാണ് ഇവർ ചെയ്യുക. മൂന്നു വിഭാഗങ്ങളുടെയും മേൽനോട്ടത്തിനായി ഉന്നതതല സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഐ.ടി വകുപ്പ് തലവൻ, ഇന്റലിജൻസ് എ.ഡി.ജി.പി എന്നിവരെ കൂടാതെ ഡി.ഐ.പി.ആർ, അഡീഷനൽ അഡ്വക്കറ്റ് ജനറൽ, സൈബർ സെക്യൂരിറ്റി സെന്റർ തലവൻ, പൗര സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ സമിതിയിലുണ്ടാവും.
വസ്തുത പരിശോധന യൂനിറ്റ് ആശയവിനിമയം നിയന്ത്രിക്കുകയോ തടയുകയോ ചെയ്യില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വ്യക്തികളെയോ മാധ്യമങ്ങളെയോ തടയാനല്ല ഇത് രൂപവത്കരിച്ചത്. വിവിധ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ വാർത്തകൾ പരിശോധിക്കുകയാണ് ലക്ഷ്യം -മന്ത്രി വ്യക്തമാക്കി. ചില സ്ഥാപനങ്ങളും പാർട്ടികളും മനപ്പൂർവം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ലക്ഷ്യം. അവരുടെ അജണ്ട നടപ്പാക്കാൻ അവർ സമൂഹത്തെ ആശയക്കുഴത്തിലാക്കുന്നു. ഇത്തരം പ്രചാരണങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

