ന്യൂഡൽഹി: രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വ്യാജ ഹിന്ദുത്വ പാർട്ടിയുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പാർട്ടിയുടെ ഹിന്ദുത്വ യോഗ്യതകളെ ചോദ്യം ചെയ്ത ബി.ജെ.പിയെ വിമർശിച്ചായിരുന്നു ഉദ്ധവിന്‍റെ പ്രസ്താവന.
'രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വ്യാജ ഹിന്ദുത്വ പാർട്ടിയുണ്ട്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവീസ് അവരുടെ ഹിന്ദുത്വയെ കുറിച്ചാണ് സംസാരിക്കുന്നത്. ഞങ്ങൾ നിങ്ങളെ പുറത്താക്കി. അവരാണ് ഹിന്ദുത്വത്തിന്റെ സംരക്ഷകരെന്നാണ് അവർ കരുതുന്നത്. ഇവിടെയുള്ള ആളുകളുടെ കാര്യമോ? അവർ ആരാണ്?' -ബദ്ര-കുർള കോംപ്ലക്സിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുന്നതിനിടെ ഉദ്ധവ് പറഞ്ഞു.
ബാൽ താക്കറെയുടെ ആശയത്തിൽനിന്ന് പാർട്ടി വ്യതിചലിച്ചെന്ന് ചിത്രീകരിക്കാനുള്ള നിരവധി ശ്രമങ്ങളാണ് നടക്കുന്നത്. സ്ഥാപകൻ ബാൽ താക്കറെയുടെ പാതയിൽ ഉറച്ചുനിൽക്കുകയാണെന്ന് പാർട്ടി പലതവണ മറുപടി നൽകിയതാണ്. ബി.ജെ.പിയുടെ മാതൃസംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടില്ല. തന്‍റെ മുത്തച്ഛനാണ് സംയുക്ത മഹാരാഷ്ട്ര മൂവ്മെന്‍റ് സ്ഥാപിച്ചത്. തന്‍റെ പിതാവും സഹോദരൻ ശ്രീകാന്തും സഹായികളായിരുന്നു.
എന്നാൽ ആരാണ് അതിൽനിന്ന് പുറത്തുപോയതെന്ന് നിങ്ങൾക്കറിയാം. ഭാരതീയ ജന സംഘ്. ബി.ജെ.പിയുടെ ആശയപരമായ ഉറവയാണ് ആർ.എസ്.എസ്. കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ട് സർക്കാർ ഓഫിസിലാണ് കൊല്ലപ്പെട്ടത്. തീവ്രവാദികൾ അവിടെ വന്ന് കൊല്ലുകയായിരുന്നു. നിങ്ങൾ അവിടെ ഹനുമാർ കീർത്തനം ജപിക്കുമോയെന്നും ഉദ്ധവ് ചോദിച്ചു. വിഭിന്ന ആശയക്കാരായ കോൺഗ്രസുമായി സഹകരിക്കുന്നത് ചോദ്യം ചെയ്യുന്ന ബി.ജെ.പി നിലപാടിനെയും ഉദ്ധവ് വിമർശിച്ചു.
നേരത്തെ, റാലിയിൽ സംസാരിക്കുന്നതിനിടെ ഉദ്ധവിന്‍റെ മകൻ ആദിത്യ താക്കറെയും ബി.ജെ.പിക്കെതിരെ രൂക്ഷമായി രംഗത്തുവന്നു. ശിവ സേനയുടെ ഹൃദയത്തിൽ രാമനുണ്ടെന്നും ജൂൺ 15ന് താൻ അയോധ്യ സന്ദർശിക്കുമെന്നും അദിത്യ വ്യക്തമാക്കി.