ന്യൂഡൽഹി: പ്രമോഷൻ ലഭിക്കുന്നതിന് ജിംനാസ്റ്റിക് താരത്തെ പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാറിന് ദേശീയ മനുഷ്യാവകാശ കമീഷൻ നോട്ടീസ്. പൊലീസ് അധികാരം ദുരുപയോഗം ചെയ്യുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ കമീഷൻ ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവർക്ക് നോട്ടീസയച്ചു.
ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പൊലീസുകാർക്കെതിെരയെടുത്ത നടപടിയടക്കം ആറാഴ്ചക്കകം മറുപടിനൽകണമെന്ന് കമീഷൻ വ്യക്തമാക്കി. ശനിയാഴ്ച നോയിഡ സെക്ടർ 122ലാണ് ജിംനാസ്റ്റിക് താരം ജിതേന്ദ്ര സിങ് യാദവും സുഹൃത്തുക്കളും കാറിൽ യാത്രചെയ്യവെ വെടിവെപ്പുണ്ടായത്. ജിതേന്ദ്ര യാദവിന് ഗുരതര പരിക്കേറ്റു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് കാലിന് വെടിയേറ്റിരുന്നു. സംഭവത്തിൽ എസ്.െഎ വിജയ് ദർശൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
വ്യക്തിവൈരാഗ്യം തീർക്കാൻ യു.പിയിൽ െപാലീസ് മേലധികാരികളുടെ സമ്മതേത്താടെ അധികാരം ദുരുപയോഗം ചെയ്യുന്നതായും ഇത്തരം ആക്രമണങ്ങൾ തെറ്റായസന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും കമീഷൻ നോട്ടീസിൽ കുറ്റപ്പെടുത്തി.
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതിനുശേഷം നൂറുകണക്കിന് ഏറ്റുമുട്ടലുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.