പോക്സോ കേസ്: അതിക്രമ വിവരം അറിഞ്ഞയുടൻ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ തടവ് ശിക്ഷ ലഭിക്കുമെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് സുപ്രീം കോടതി. പോക്സോ നിയമപ്രകാരം കുറ്റകൃത്യം നടന്നതായി അറിഞ്ഞിട്ടും അത് പൊലീസിനെ അറിയിക്കാൻ വിസമ്മതിക്കുന്നവർ നിയമത്തിനു മുന്നിൽ മറുപടി പറയേണ്ടി വരുമെന്ന് ജസ്റ്റിസുമാരായ മനോജ് മിശ്ര, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പീഡന വിവരം അറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാതിരുന്ന സ്കൂൾ പ്രധാനാധ്യാപികയെ വിചാരണ ചെയ്യാൻ അനുവദിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.
പോക്സോ നിയമത്തിലെ സെക്ഷൻ 21 പ്രകാരം റിപ്പോർട്ട് ചെയ്യാത്തവർക്ക് ആറു മാസം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. കുട്ടികളെ സംരക്ഷിക്കുകയെന്ന നിയമത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇത്തരം കർശന നടപടികൾ അത്യാവശ്യമാണെന്ന് കോടതി ഓർമ്മിപ്പിച്ചു. റിപ്പോർട്ട് ചെയ്യാൻ വൈകുന്നത് തെളിവുകൾ നശിക്കുന്നതിനും കുറ്റവാളികൾ രക്ഷപ്പെടുന്നതിനും കാരണമാകും. അതുകൊണ്ട് അതിക്രമത്തെക്കുറിച്ച് അറിഞ്ഞാൽ നിർബന്ധമായും ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും കോടതി നിർദേശിച്ചു.
എട്ടു വയസ്സുകാരിയായ വിദ്യാർഥിനിയെ സീനിയർ വിദ്യാർഥി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഈ വിവരം കുട്ടി തന്റെ സഹോദരിയോടും സുഹൃത്തിനോടും സ്കൂളിലെ പ്രധാനാധ്യാപികയോടും വെളിപ്പെടുത്തിയിരുന്നു. എന്നാൽ, വിവരം പൊലീസിനെ അറിയിക്കുന്നതിന് പകരം പ്രധാനാധ്യാപിക സ്വന്തം നിലക്ക് കുട്ടിയെ പരിശോധിക്കുകയും 'ഒന്നും സംഭവിച്ചിട്ടില്ല' എന്ന് സ്വയം തീരുമാനിക്കുകയുമായിരുന്നു.
തുടർന്ന്, സംഭവം പുറത്തുപറയരുതെന്ന് കുട്ടികൾക്ക് നിർദ്ദേശം നൽകുകയും പരാതി ഒതുക്കിത്തീർക്കുകയും ചെയ്തു. മാസങ്ങൾക്ക് ശേഷം കുട്ടിയുടെ മാതാപിതാക്കൾ വിവരമറിയുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ വിചാരണാ കോടതിയും ഗുവാഹത്തി ഹൈകോടതിയും സ്കൂൾ അധികൃതരെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ കുട്ടിയുടെ അമ്മ സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
പോക്സോ നിയമത്തിലെ സെക്ഷൻ 19 പ്രകാരം, ലൈംഗിക അതിക്രമത്തെക്കുറിച്ച് അറിവ് ലഭിക്കുന്ന ഏതൊരു വ്യക്തിയും അത് ഉടൻ തന്നെ പൊലീസിനെ അറിയിക്കാൻ ബാധ്യസ്ഥരാണെന്ന് കോടതി ഓർമിപ്പിച്ചു. ഒരു കുട്ടി തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ച് ഒരാളോട് വിവരം പറയുമ്പോൾ, അത് ആ വ്യക്തിക്ക് ലഭിച്ച വിശ്വസനീയമായ അറിവായിത്തന്നെ കണക്കാക്കണം. ഇത്തരം കുറ്റകൃത്യങ്ങൾ പൊതുസ്ഥലത്തല്ല മറിച്ച് അതീവ രഹസ്യമായാണ് നടക്കുന്നതെന്ന് കോടതി ഓർമിപ്പിച്ചു.
കുട്ടികളെ സംരക്ഷിക്കുക എന്നത് നിയമത്തിന്റെ പ്രാഥമിക കടമയാണ്. അത് നിറവേറ്റുന്നതിൽ വീഴ്ച വരുത്തുന്നത് പോക്സോ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യത്തെത്തന്നെ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.അതേസമയം മറ്റ് സ്കൂൾ അധികൃതർക്ക് സംഭവത്തെക്കുറിച്ച് നേരിട്ട് അറിവില്ലാത്തതുകൊണ്ട് അവരെ കോടതി കുറ്റവിമുക്തരാക്കി. എന്നാൽ, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് നിയമം ലംഘിച്ച പ്രധാനാധ്യാപികക്കെതിരെ ക്രിമിനൽ നടപടികൾ തുടരുമെന്ന് കോടതി ഉറപ്പിച്ചു പറഞ്ഞു. കേസിൽ, വിവരം അറിഞ്ഞ മറ്റ് മൂന്ന് പേർ പ്രായപൂർത്തിയാകാത്ത വിദ്യാർഥികളായതിനാൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

