ട്രെക്കിങ്ങിനിടെ കാണാതായ മലയാളിക്കായുള്ള തിരച്ചില്‍ വിഫലം: ശരണ്യ കാണാമറയത്ത്
text_fieldsജി.എസ്. ശരണ്യ
ബംഗളൂരു: മലയാളിയായ യുവതിയെ ട്രെക്കിങ്ങിനിടെ കാണാതായി. കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തടിയന്റമോളിൽ വ്യാഴാഴ്ച ട്രെക്കിങ് നടത്തിയ കോഴിക്കോട് നാദാപുരം സ്വദേശി ജി.എസ്. ശരണ്യയെയാണ് (36) കാണാതായത്. വ്യാഴാഴ്ച രാവിലെ വനം വകുപ്പിന്റെ അനുമതിയോടെ പത്തോളം ട്രക്കര്മാരടങ്ങുന്ന സംഘം യാത്ര തുടങ്ങിയത്. ശരണ്യ പാതയിലൂടെ തനിച്ച് സഞ്ചരിക്കാന്‍ പ്രത്യേക അനുമതി വാങ്ങിയിരുന്നു. കാട്ടാനശല്യം രൂക്ഷമുള്ള മേഖലയായതിനാല്‍ തനിച്ച് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്നും സംഘത്തോടൊപ്പം യാത്ര ചെയ്യാനും ചെക്ക്പോസ്റ്റിലെ വനപാലകർ ഉപദേശിച്ചു.
വൈകീട്ട് ട്രക്കിങ് അവസാനിച്ചപ്പോള്‍ ശരണ്യ കൂട്ടത്തിലില്ലെന്ന് തിരിച്ചറിഞ്ഞ സംഘം തിരച്ചിലാരംഭിച്ചു. വനപാലകരും പൊലീസും നാട്ടുകാരും അർധരാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും ശരണ്യയെ കണ്ടെത്താനായില്ല. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് ടീമുകളുമായി തിരച്ചിൽ പുനരാരംഭിച്ചു. ഇതില്‍ വനംവകുപ്പിൽനിന്നുള്ള മൂന്ന് ടീമുകളും പൊലീസും നാട്ടുകാരും ഉൾപ്പെടുന്ന രണ്ട് ടീമുകളും ഡോഗ് സ്ക്വാഡും ഉള്‍പ്പെടുമെന്ന് മടിക്കേരി ഡി.സി.എഫ്. അഭിഷേക് പറഞ്ഞു. യുവതിയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും സഹോദരൻ കുടകിൽ എത്തിയിട്ടുണ്ടെന്നും എസ്.പി. ബിന്ദു മണി ആർ.എൻ. പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

