ഒരു കോടിയുടെ ബില്ലും മൂന്ന് ട്രയലും: എന്നിട്ടും മഴ പെയ്തില്ല
text_fieldsന്യൂഡൽഹി: ഒരു ചാറ്റൽ മഴ പെയ്യിക്കാൻ കോടികൾ മുടക്കുന്നത് കൊണ്ടെന്തെങ്കിലും അർഥമുണ്ടോ? ഡൽഹി നഗരത്തിലെ വായു മലിനീകരണം കുറക്കാൻ ക്ലൗഡ് സീഡിങ് നടത്താനുള്ള ശ്രമം പാളിപ്പോയതിനെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകരുടെ ചോദ്യമാണിത്.
ഒക്ടോബർ 23നും 28നും ഇടക്ക് മൂന്ന് ട്രയലുകളാണ് ഐ.ഐ.ടി കാൺപൂരുമായി ചേർന്ന് നടപ്പിലാക്കിയത്. ഇതിൽ എന്നാൽ ഒന്നിന് പോലും മഴ പെയ്യിക്കാനായില്ല. 300 സ്ക്വയർ കിലോ മീറ്ററിൽ ക്ലൗഡ് സീഡിങ് നടത്തുന്നതിന് 60 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയത്. ശൈത്യകാലത്തെ അതി ഗുരുതരമായ വായു മലിനീകരണം പരിഹരിക്കുന്നതിന് അഞ്ച് ക്ലൗഡ് സീഡിങ് ട്രയൽ നടത്താൻ ഡൽഹി സർക്കാർ 3.21 കോടി മാറ്റി വെച്ചിരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് ഒമ്പത് ട്രയലുകൾ നടത്തുമെന്നാണ് ഡൽഹി പരിസ്ഥിതി മന്ത്രി മജിന്ദർ അറിയിച്ചിരുന്നത്. അങ്ങനെ കണക്കുകൂട്ടിയാൽ ഒരു ട്രയലിന് 35.67 ലക്ഷം രൂപ ആയിരിക്കും ചെലവ്. ഇതുവരെ 3 ട്രയൽ നടത്തിയതിന് 1.07 കോടി രൂപയാണ് ഇതിനോടകം ചെലവായത്. എന്നിട്ട് മഴ പെയ്തതുമില്ല.
ക്ലൗഡ് സീഡിങിനുപയോഗിച്ച വിമാനങ്ങളുടെ ഇന്ധന ചെലവ്, മെയിന്‍റനൻസ്, പൈലറ്റുമാരുടെ വേതനം ഇവയൊക്കെ കൂടുതലാണെന്ന് ഐ.ഐ.ടി കാൺപൂർ ഡയറക്ടർ പറയുന്നു. 400 കിലോ മീറ്റർ അകലെ നിന്ന് വിമാനം പറന്നത് ചെലവ് ഉയർത്തിയെന്നും ഡൽഹിയിൽ നിന്നാണെങ്കിൽ ഇത്രയും ചെലവ് ആകില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ശൈത്യ കാലത്ത് ഡൽഹി തലസ്ഥാനം മുഴുവനായി കൃത്രിമ മഴ പെയ്യിക്കുന്നതിന് 25 മുതൽ 30 കോടി വരെ ചെലവാകുമെന്നാണ് കണക്കാക്കുന്നത്.
വിമാനത്തിന്‍റെ ഇന്ധന ചെലുകൾക്ക് പുറമെ സിൽവർ അയഡൈഡ് മിശ്രിതം, മൈക്രോ വേവ് റേഡിയോ മീറ്റർ, സെൻസറുകൾ തുടങ്ങിയവക്കെല്ലാം കൂടെ 5.30 കോടിയാണ് ചെലവ്. പെലറ്റിന്‍റെയും മറ്റ് ജീവനക്കാരുടെയും ഇൻഷുറൻസ് വേറെ.
ഇത്രയും വലിയ തുക ചെലവാക്കിയാലും ക്ലൗഡ് സീഡിങിന് വിജയ സാധ്യത കുറവാണെന്നാണ് വിദഗ്ദർ പറയുന്നത്. മാത്രമല്ല സ്വാഭാവികമായി പെയ്യുന്ന മഴയിൽ നിന്ന് കൃത്രിമ മഴയെ വേർ തിരിച്ചറിയാൻ കഴിയാത്തതിനാൽ ഇതിന്‍റെ വിജയ സാധ്യത എത്രത്തോളമെന്ന് തിരിച്ചറിയുകയും പ്രയാസം.
ഡൽഹിയിലെ ക്ലൗഡ് സീഡിങ് ഉദ്യമം പരാജയപ്പെടാൻ കാരണം മേഘങ്ങളിൽ ഈർപ്പം കുറവായതാണെന്നാണ് അധികൃതർ പറയുന്നത്.ചൊവ്വാഴ്ച ഇത് 10-15 ശതമാനമായിരുന്നു. ക്ലൗഡ് സീഡിങിന് കുറഞ്ഞത് 50 മുതൽ 60 ശതമാനം വരെ ഹ്യുമിഡിറ്റി ആവശ്യമാണ്. 1957ലാണ് ഡൽഹിയിൽ ആദ്യമായി കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമം നടക്കുന്നത്. അതു കഴിഞ്ഞ് 1972ലും. അന്ന് വരൾച്ചയെ തുടർന്നാണ് ഉദ്യമം നടത്തിയത്. ഇന്ന് വായു മലിനീകരണത്തിന് പ്രതിവിധിയായും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

