ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച ശേഷം ഇതാദ്യമായി ചേരുന്ന പാര്‍ലമെൻറ് സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍. വര്‍ഷകാല സമ്മേളനത്തിനായി സാമൂഹിക അകലം പാലിക്കുന്നതിനും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുന്നതിനും രാജ്യസഭയും ലോക്സഭയും നിരവധി സംവിധാനങ്ങളൊരുക്കി.
വര്‍ഷകാല സമ്മേളനത്തിന് ഇരുസഭകളുടെയും ചേംബറുകളും ഗാലറികളും അംഗങ്ങള്‍ക്ക് ഇരിക്കുന്നതിനായി ഉപയോഗപ്പെടുത്തും. 85 ഇഞ്ചിെൻറ നാല് വലിയ സ്ക്രീനുകള്‍ ചേംബറുകളിലും 40 ഇഞ്ചിന്‍െറ ആറ് സ്ക്രീനുകളും ഓഡിയോ കണ്‍സോളുകളും നാല് ഗാലറികളിലുമുണ്ടാകും. ചേംബറിനെയും ഉദ്യോഗസ്ഥരുടെ ഗാലറിയെയും പോളികാര്‍ബണ്‍ കൊണ്ടുള്ള വേര്‍തിരിക്കല്‍, അള്‍ട്രാവയലറ്റ് ഇറാഡിയേഷന്‍ സംവിധാനം എന്നിവയും ഉണ്ടാകും. കൊറോണ വൈറസ് തടയുന്നതിനുള്ള നിയന്ത്രണങ്ങളുടെ ഭാഗമാണ് ഇത്തരം സംവിധാനങ്ങള്‍ ആദ്യമായി സഭയുടെ ചരിത്രത്തിലെടുക്കുന്നത്.
രാജ്യസഭയില്‍ 60 എം.പിമാര്‍ ചേംബറിലും 51 എം.പിമാര്‍ ഗാലറികളിലുമായിരിക്കും ഇരിക്കുക. 132 പേരെ ലോക്സഭയുടെ ചേംബറിലുമിരുത്തും. രാജ്യസഭാ ചേംബറില്‍ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, മറ്റു പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ക്കുള്ള സീറ്റുകള്‍ ക്രമീകരിച്ചു. മുന്‍ പ്രധാനമന്ത്രിമാരായ മന്മോഹന് സിങ്, ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ രാം വിലാസ് പാസ്വാന്, രാംദാസ് അത്താവാലെ എന്നിവരുടെയും ഇരിപ്പിടങ്ങള്‍ രാജ്യസഭ ചേംബറില്തന്നെയായിരിക്കും. ഉദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമുള്ള പ്രത്യേക ഗാലറികളില്‍ 15 വീതം പേരെയാണ് അനുവദിക്കുക. സമ്മേളന കാലയളവില്‍ മാധ്യമപ്രവര്‍ത്തകരെയും മുന്‍ എം.പിമാരെയും സെന്‍ട്രല്‍ ഹാളിലേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് സൂചന. സഭയുടെ മേശക്ക് ചുറ്റും പരിമിതമായ ഉദ്യോഗസ്ഥരെ മാത്രമേ ഇരുത്തുകയുള്ളൂ. രാജ്യസഭ ടി.വിയും ലോക്സഭ ടി.വിയും പതിവുപോലെ സഭാ നടപടികളുടെ ലൈവ് ടെലികാസ്റ്റ് നല്‍കും. ഇരുസഭകളെയും പരസ്പരം ബന്ധിപ്പിക്കുന്നതിന് കേബ്ളുകള്‍ വലിച്ചിട്ടുണ്ട്.