'ദ് കശ്മീർ ഫയൽസി'ലൂടെ തുറന്നുകാട്ടിയത് തീവ്രവാദ കച്ചവടമെന്ന് വിവേക് അഗ്നിഹോത്രി
text_fieldsവിവേക് അഗ്നിഹോത്രി
ന്യൂഡൽഹി: 'ദ് കശ്മീർ ഫയൽസ്' എന്ന ചിത്രത്തിലൂടെ തീവ്രവാദ കച്ചവടം തുറന്നുകാട്ടാൻ സാധിച്ചതിനാലാണ് രാഷ്ട്രീയ പാർട്ടികൾ വിമർശിക്കുന്നതെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി. തീവ്രവാദം ഇപ്പോൾ ഒരു കച്ചവടമാണ്. അത് തുറന്ന് കാട്ടുമ്പോൾ അതിലുൾപ്പെട്ടവർ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണ്. അതാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.
കുപ്രസിദ്ധമായ ഗുജറാത്ത് ഗോധ്ര കലാപവും യു.പിയിലെ ലഖിംപൂർ ഖേരി കൊലപാതകവുമാണ് സിനിമയാക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി സമാജ് വാദി അധ്യക്ഷൻ അഖിലേഷ് യാദവും എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അവർ രാജാവാണെന്നും താൻ വെറും യാചകനാണെന്നും സംവിധായകൻ പ്രതികരിച്ചു.
അവരുടെ ഇഷ്ടവിഷയം സിനിമയാക്കുന്നതിൽ നിന്ന് ആരാണ് അവരെ തടഞ്ഞതെന്നും വിവേക് ചോദിച്ചു. ചിത്രത്തെ ബി.ജെ.പി അമിതമായി പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണം യഥാർഥ വിഷയം മൂടിവെക്കാനുള്ള മുടന്തൻ ന്യായമാണെന്ന് അഗ്നിഹോത്രി ആരോപിച്ചു.
വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിർവ്വഹിച്ച് സീ സ്റ്റുഡിയോസ് നിർമ്മിച്ച 'ദ് കശ്മീർ ഫയൽസ്' എന്ന സിനിമ 1990ലെ കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥയാണ് പറയുന്നത്.