മൈസൂരു കൊട്ടാരം കവാടത്തിന് മുന്നിൽ സ്ഫോടനം; ഒരാൾക്ക് ദാരുണാന്ത്യം
text_fieldsസ്ഫോടന സ്ഥലത്ത് പൊലീസ്
ബംഗളൂരു: മൈസൂരു കൊട്ടാരത്തിലെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം നടപ്പാതയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. ബലൂൺ വിൽപനക്കാരനായ യു.പി സ്വദേശി സലീമാണ്(40) മരിച്ചത്. ബലൂൺ നിറക്കാൻ ഉപയോഗിക്കുന്ന ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്നായിരുന്നു പ്രാഥമിക നിഗമനം.
പിന്നീട് മൈസൂരു ജില്ല ചുമതലയുള്ള മന്ത്രി എച്ച്.സി.ദേവപ്പ സ്ഫോടനമെന്ന് തിരുത്തുകയായിരുന്നു. സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ചാണ് വാതകം ഉണ്ടാക്കിയതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ മൈസൂരു സിറ്റി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മരിച്ച ബലൂൺ വിൽപനക്കാരനായ സലീമിന്റെ പശ്ചാത്തലം സിറ്റി പൊലീസ് പരിശോധിച്ചുവരികയാണ്.
അതേസമയം, എൻ.ഐ.എ സംഘം സ്ഥലം സന്ദർശിക്കുകയും സിറ്റി പൊലീസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. സലീമിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേരെ ചോദ്യം ചെയ്തുവരുകയാണ്. പരിക്കേറ്റ ആറ് പേരിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. നാല് പേർ കെ.ആർ ആശുപത്രിയിലും ഒരാൾ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. മന്ത്രി എച്ച്. സി. മഹാദേവപ്പ, മൈസൂരു ഡി.സി.ജി ലക്ഷ്മികാന്ത് റെഡ്ഡി, പൊലീസ് കമീഷണർ സീമ ലട്കർ എന്നിവർ വെള്ളിയാഴ്ച കെ.ആർ ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു. അവരുടെ ചികിത്സചെലവുകൾ സർക്കാർ വഹിക്കുമെന്ന് മന്ത്രി പറഞ്ഞു.
"ഇതൊരു അപ്രതീക്ഷിതവും നിർഭാഗ്യകരവുമായ അപകടമാണ്. സലീം ഒരു സീസണൽ ബിസിനസുകാരനായിരുന്നു. സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ച് അദ്ദേഹം സ്വന്തമായി ഗ്യാസ് ഉണ്ടാക്കി. അത് ഹീലിയമായിരുന്നെങ്കിൽ, സംഭവം കൂടുതൽ ഗുരുതരമാകുമായിരുന്നു. അദ്ദേഹം വെറുമൊരു സാധാരണ സീസണൽ ബിസിനസുകാരനായിരുന്നു. നഗരത്തിലെ ലോഡ്ജിൽ അദ്ദേഹത്തോടൊപ്പം താമസിച്ച മറ്റുള്ളവർ അദ്ദേഹ ത്തിന്റെ കുടുംബാംഗങ്ങളാണ്." മന്ത്രി പറഞ്ഞു.
പരിക്കേറ്റ ബംഗളൂരു സ്വദേശിയായ ടൂറിസ്റ്റ് ലക്ഷ്മി (45), നഞ്ചൻഗുഡ് സ്വദേശിയായ മഞ്ജുള (29) എന്നിവരുടെ നില ഗുരുതരമാണെന്ന് മന്ത്രി അറിയിച്ചു. കൊൽക്കത്ത സ്വദേശിയായ ഷാഹിന ഷാബർ, റെനെബെന്നൂർ സ്വദേശിയായ കൊത്രേഷ് ബീരപ്പ ഗട്ടർ, ബന്ധുവായ വേദശ്രീ, സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ലക്ഷ്മിയുടെ ബന്ധു രഞ്ജിത വിനോദ് (30) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. പരിക്കേറ്റവരിൽ ഒരാളായ കൊത്രേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, മരിച്ച ബലൂൺ വിൽപനക്കാരനായ സലീമിനെതിരെ ദേവരാജ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
സലീം ഏകദേശം 15 ദിവസം മുമ്പ് മൈസൂരുവിലെത്തി ലഷ്കർ മൊഹല്ലയിലെ ഒരു സ്വകാര്യ ലോഡ്ജിൽ പ്രതിദിനം 100 രൂപ വാടക നൽകി താമസിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭാര്യയെയും മൂന്ന് കുട്ടികളെയും മറ്റൊരു സ്ഥലത്തേക്ക് മാറ്റി.വ്യാഴാഴ്ച രാത്രി 8.30ന് ജയമാർത്താണ്ഡ ഗേറ്റിന് സമീപം ബലൂണുകളിൽ ഗ്യാസ് നിറച്ച് വിൽക്കുന്നതിനിടെയാണ് സംഭവം. മൈസൂരുവിലെ കൊട്ടാരത്തിന്റെ മുൻവശത്തെ കാഴ്ച കാണാനും പശ്ചാത്തലത്തിന്റെ, പ്രത്യേകിച്ച് പ്രകാശിതമായ മൈസൂരു കൊട്ടാരത്തിന്റെ ഫോട്ടോകൾ എടുക്കാനും ആളുകൾ പതിവായി എത്തുന്ന സ്ഥലമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

