ചൂഷണം, പീഡനം, ആശുപത്രികളുടെ അത്യാർത്തി, ദുരിതകഥകൾ: വൃക്ക മാറ്റിവെക്കൽ മാഫിയക്കെതിരെ തമിഴ്നാടിന്റെ അന്വേഷണ റിപ്പോർട്ട്
text_fieldsചെന്നൈ: ചൂഷണം, പീഡനം, ആശുപത്രികളുടെ അത്യാർത്തി, ദുരിതകഥകൾ; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളുമായി വൃക്ക മാറ്റിവെക്കൽ മാഫിയക്കെതിരെ തമിഴ്നാടിന്റെ അന്വേഷണ റിപ്പോർട്ട്.
എല്ലാ നിയമങ്ങളെയും മറികടന്ന് തമിഴ്നാട്ടിൽ തഴച്ചുവളരുന്ന വൃക്ക വ്യാപാര റാക്കറ്റിനെതിരെ വ്യാപക പരാതി ഉയർന്നതിനെത്തുടർന്നാണ് തമിഴ്നാട് ഹെൽത്ത് സിസ്റ്റംസ് റിഫോം പ്രൊജക്ട് ഡയറക്ടർ എസ്. വിനീതിന്റെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിക്കുന്നത്. വൃക്കമാഫിയയുടെ കൊടിയ ചൂഷണത്തിനിരയായ നാമക്കലിലെ പട്ടിണിപ്പാവങ്ങളായ തൊഴിലാളികളുടെ പരാതിയിലാണ് ഗവൺമെന്റ് അന്വേഷണം പ്രഖ്യാപിച്ചത്.
അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും വൃക്കകൾ വ്യാപകമായി വിൽക്കപ്പെട്ടതായും അതിൽ ചൂഷണം നടന്നിട്ടുണ്ടെന്നും അന്വേഷണ സംഘത്തിലെ ഒരാൾ വെളിപ്പെടുത്തി. പല കഥകളും കണ്ണീരണിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈയിൽ തമിഴ്നാട്ടിലെ രണ്ട് പ്രമുഖ ആശുപത്രികളുടെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള അനുമതി ഗവൺമെന്റ് റദാക്കിയിരുന്നു. പെരംബളൂർ ധനലക്ഷ്മി ശ്രീനിവാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ട്രിച്ചിയിലെ സെത്താർ ഹോസ്പിറ്റൽ എന്നിവയുടെ അനുമതിയാണ് റദ്ദാകിയത്.
ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഞെട്ടിക്കുന്നതും അതിവിപുലവുമായ മാഫിയാ പ്രവർത്തനങ്ങളാണ് ഒരു വലിയ റാക്കറ്റിന്റെ നേതൃത്വത്തിൽ നടന്നിട്ടുള്ളതെന്നും അന്വേഷണതതിന നേതൃത്വം നൽകിയവർ പറയുന്നു.
നിയമപ്രകാരം രാജ്യത്ത് അവയവങ്ങളുടെ വിൽപന നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ തമിഴ്നാട്ടിൽ ഇത് തഴച്ചു വളരുകയാണ്. 2010 ൽതന്നെ വൃക്ക വിൽപന നടക്കുന്നതായി പരാതി ലഭിച്ചിരുന്നെന്ന് ആരോഗ്യ മന്ത്രി മാ സുബ്രഹ്മണ്യൻ പറയുന്നു. എന്നാൽ അന്വേഷണം കാര്യമായി പുരോഗമിച്ചില്ല. അന്ന് ചിലർ അറസ്റ്റിലായിരുന്നെങ്കിൽ ഇത്രത്തോളം ഇത് വഷളാകില്ലായിരുന്നെന്നും മന്ത്രി പറയുന്നു.
അതേസമയം 2024ൽ രാജ്യത്ത് ഏറ്റവും കൂടുതൽ അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തിയതിന് തമിഴ്നാടിന് ദേശീയ പുരസ്കാരം ലഭിച്ചത് ദിവസങ്ങൾ മുമ്പാണ്. അതേ വർഷം സംസ്ഥാനത്ത് നടന്നത് 1890 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകളാണ്. ഇതിൽ 450 മാത്രമാണ് മരിച്ചവരിൽ നിന്ന് നടന്നത്. ബാക്കി 1434 ബന്ധുക്കളിൽ നിന്നാണെന്നാണ് കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

