കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ന് മുതൽ ഇന്ധനം ലഭിക്കില്ല; കർശന നടപടിയുമായി ഡൽഹി സർക്കാർ
text_fieldsഡൽഹി: കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ന് മുതൽ ഡൽഹിയിൽ ഇന്ധനം ലഭിക്കില്ല. പഴഞ്ചൻ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം കുറക്കാനാണ് ഈ നടപടി. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള പെട്രോള്‍ വാഹനങ്ങള്‍ക്കുമാണ് ഇന്ധനം നൽകുന്നത് നിരോധിച്ചിരിക്കുന്നത്.
കമീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് (സി.എ.ക്യൂ.എം) നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് നടപടി. ഈ തീരുമാനം ഡൽഹിയിൽ മാത്രം 62 ലക്ഷം വാഹനങ്ങളെയാണ് ബാധിക്കുന്നത്. പഴയ വാഹനങ്ങൾ കണ്ടെത്താനും നടപടി സ്വീകരിക്കാനും ഗതാഗത വകുപ്പ് നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ 500 പമ്പുകളില്‍ 485 എണ്ണത്തിലും ഇതിനകം കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്ത പമ്പുകള്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്നും അറിയിപ്പുണ്ട്.
ഡല്‍ഹിയില്‍ നടപ്പാക്കുന്ന നിയന്ത്രണം അടുത്ത ഘട്ടമായി നവംബര്‍ ഒന്നുമുതല്‍ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍, സോനെപത് തുടങ്ങിയ മേഖലകളിലേക്കും 2026 ഏപ്രില്‍ ഒന്ന് മുതല്‍ എൻ.സി.ആറിന്റെ ബാക്കി ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. ഡല്‍ഹിയില്‍ ഉള്ള വാഹനം രാജ്യത്ത് എവിടെ രജിസ്റ്റര്‍ ചെയ്തതാണ് എന്ന് പരിഗണിക്കാതെയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
15 വര്‍ഷത്തേക്ക് നികുതി ഉള്‍പ്പെടെ ഒടുക്കി സ്വന്തമാക്കിയ വാഹനങ്ങള്‍ നിയന്ത്രണങ്ങളുടെ പേരില്‍ ഒഴിവാക്കേണ്ടിവരുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് വാഹന ഉടമകള്‍ പറയുന്നു. നിയന്ത്രണം കര്‍ശനമാക്കിയാല്‍ ഇന്ധനം നിറക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്നും കാറുടമകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

