അണ്ണാ ഡി.എം.കെ പുറത്താക്കിയ കെ.എ. ശെങ്കോട്ടയൻ ടി.വി.കെയിൽ; ശെങ്കോട്ടയന്‍റെ രാഷ്ട്രീയ പരിചയം പാർട്ടിക്ക് വലിയ ശക്തിയെന്ന് നടൻ വിജയ്
text_fieldsവിജയ്, കെ.എ. ശെങ്കോട്ടയൻ
ചെന്നൈ: അണ്ണാ ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ.എ. ശെങ്കോട്ടയൻ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിൽ (ടി.വി.കെ). അണ്ണാ ഡി.എം.കെയിൽ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ എം.എൽ.എയാണ് ശെങ്കോട്ടയൻ.
കെ.എ. ശെങ്കോട്ടയന്‍റെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ് രംഗത്തെത്തി. ശെങ്കോട്ടയന്‍റെ രാഷ്ട്രീയ പരിചയം പാർട്ടിക്ക് വലിയ ശക്തിയെന്ന് വിജയ് വിഡിയോ സന്ദേശത്തിൽ പ്രതികരിച്ചു.
ബുധനാഴ്ച കെ.എ. ശെങ്കോട്ടയൻ എം.എൽ.എ പദവി രാജിവെച്ച് സ്പീക്കർക്ക് കത്ത് കൈമാറിയിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച വൈകീട്ട് കെ.എ. ശെങ്കോട്ടയൻ ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ് യുമായി ചെന്നൈ പട്ടിനപാക്കത്തുള്ള വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
എം.ജി.ആറിന്റെ നേതൃത്വത്തിൽ അണ്ണാ ഡി.എം.കെ രൂപവത്കരിച്ചതിനു ശേഷം 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ സത്യമംഗലം നിയമസഭ മണ്ഡലത്തിൽ നിന്ന് ജയിച്ച ശെങ്കോട്ടയൻ പിന്നീട് എട്ടു തവണ ഈറോഡ് ജില്ലയിലെ ഗോപിച്ചെട്ടിപാളയത്തു നിന്ന് എം.എൽ.എയായി. ’96ലെ തെരഞ്ഞെടുപ്പിൽ മാത്രമാണ് പരാജയപ്പെട്ടത്. ജയലളിത, എടപ്പാടി പളനിസാമി മന്ത്രിസഭകളിൽ അംഗമായിരുന്നു.
അണ്ണാ ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട വി.കെ. ശശികല, ഒ. പന്നീർശെൽവം, ടി.ടി.വി. ദിനകരൻ തുടങ്ങിയ നേതാക്കളുമൊന്നിച്ച് ശെങ്കോട്ടയൻ രാമനാഥപുരത്ത് തേവർ ഗുരുപൂജ ചടങ്ങിൽ പങ്കെടുത്തത് വിവാദമായിരുന്നു. തുടർന്നാണ് ഒക്ടോബർ 31ന് ശെങ്കോട്ടയനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

