എക്സ്പോ സന്ദർശകർക്ക് പ്രത്യേക പ്രോമോ കോഡ്
text_fieldsദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി എത്തുന്ന സന്ദർശകർക്ക് ആകർഷക പദ്ധതികൾ പ്രഖ്യാപിച്ച് ദോഹ എക്സ്പോ. അന്താരാഷ്ട്ര സന്ദർശകർ ഹോട്ടലുകളും വിമാനവും ബുക്ക് ചെയ്യുമ്പോൾ യാത്രക്കും താമസത്തിനും ഇളവുകൾ ലഭിക്കുന്നതിന് ‘EXPO23’ എന്ന പ്രത്യേക പ്രോമോ കോഡ് ഉപയോഗിക്കാമെന്ന് എക്സ്പോ ദോഹ 2023 സംഘാടകർ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.
എല്ലാ സന്ദർശകർക്കും എക്സ്പോ ദോഹയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ നടക്കുന്ന എക്സ്പോക്കായി സന്ദർശകർക്ക് ഹയ്യാ കാർഡ് ഒാപ്ഷനും അധികൃതർ സജ്ജമാക്കി. എക്സ്പോയുടെ എയർലൈൻ പങ്കാളിയായ ഖത്തർ എയർവേസും തന്ത്രപരമായ പങ്കാളിയായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും ഖത്തറിലെത്തുന്ന യാത്രക്കാർക്ക് ദോഹ നഗരത്തിലേക്കും എക്സ്പോയിലേക്കും തടസ്സമില്ലാത്ത യാത്രാ സംവിധാനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, സാംസ്കാരിക പ്രദേശങ്ങൾ, പൈതൃക കേന്ദ്രങ്ങൾ, മ്യൂസിയങ്ങൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, ബീച്ചുകൾ, സാൻഡ് ഡ്യൂൺസ്, സ്ട്രീറ്റ് ആർട്സ്, ഭക്ഷണസ്ഥലങ്ങൾ, പാചക വൈവിധ്യങ്ങൾ, സാഹസികർക്കുള്ള സൈറ്റുകൾ, സഫാരി, വെൽനസ് കേന്ദ്രങ്ങൾ തുടങ്ങിയ ഉൾക്കൊള്ളുന്ന ഒരു ദിവസം മുതൽ ആറ് ദിവസം വരെ സന്ദർശകർക്ക് മുൻകൂട്ടി തയാറാക്കിയ യാത്രവിവരങ്ങൾ വിസിറ്റ് ഖത്തർ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റുകളിലൊന്നായ അൽ സുബാറ ആർക്കിയോളജിക്കൽ സൈറ്റ്, കതാറ കൾചറൽ വില്ലേജ്, പേൾ ഖത്തർ, അൽ ഷീഹാനിയ ഒട്ടകയോട്ട ട്രാക്, ഈസ്റ്റ് വെസ്റ്റ്-വെസ്റ്റ് ഈസ്റ്റ് ഇൻസ്റ്റലേഷൻ, ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി മ്യൂസിയം, സൂഖ് വാഖിഫ്, മുശൈരിബ് മ്യൂസിയം, മ്യൂസിയം ഓഫ് ഇല്യൂഷൻസ്, കോർണിഷ്, രാജ്യത്തെ വിവിധ മാളുകൾ തുടങ്ങിയവ സന്ദർശിക്കാനുള്ള അവസരം വിസിറ്റ് ഖത്തറിന്റെ മുൻകൂട്ടി തയാറാക്കിയ യാത്രാ വിവരങ്ങളിൽ ഉൾപ്പെടുന്നുണ്ട്. രാജ്യത്തുടനീളമുള്ള റിസോർട്ടുകളും ഹോട്ടലുകളും താമസ പാക്കേജുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, എക്സ്പോ ദോഹ 2023ന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഫാമിലി സോൺ നിർമാണം അന്തിമഘട്ടത്തിലെത്തിയതായി പ്രാദേശിക ദിനപത്രമായ അൽറായ റിപ്പോർട്ട് ചെയ്തു.
8920 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഫാമിലി ഗാലറി കുടുംബമേഖലയിലെ പ്രധാന സവിശേഷതയാണ്. 1500 മുതൽ 2000 പേർക്കുവരെ ഒരേസമയം ഇവിടെ കഴിയാം. കുടുംബമേഖലയിലെ കാർഷിക ചന്തയാണ് മറ്റൊരു സവിശേഷത. അന്താരാഷ്ട്ര പ്രദർശനം നടക്കുന്ന ദിവസങ്ങളിൽ കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ ഇവിടെ എത്തിച്ച് പ്രദർശിപ്പിക്കാനും വിൽപന നടത്താനും അനുവാദമുണ്ടായിരിക്കും. ഖത്തരി ഉൽപന്നങ്ങൾക്ക് പ്രത്യേക ഇടം അനുവദിക്കുന്നതിനാൽ പ്രാദേശിക കർഷകർക്ക് മികച്ച അവസരമാണിത്.
കുടുംബ മേഖലയിൽ തന്നെയാണ് എക്സ്പോയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ജൈവവൈവിധ്യ മ്യൂസിയവും സ്ഥാപിക്കുക. മേഖലയിലെ സമ്പന്നമായ സസ്യജന്തുജാലങ്ങളെയും വൈവിധ്യമാർന്ന സമുദ്രജീവികളെയും സസ്യങ്ങളെയും ജൈവവൈവിധ്യ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.
പരിസ്ഥിതി ശാസ്ത്രവും പുനരുപയോഗിക്കാവുന്ന ഊർജസ്ത്രോതസ്സുകളുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളുടെ പ്രദർശനവും ഇവിടെയുണ്ടാകും. ഖത്തറിന്റെ ജൈവവൈവിധ്യം പ്രദർശിപ്പിക്കുന്നതിലും രാജ്യത്തിന്റെ പ്രകൃതി, പരിസ്ഥിതി നയങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിലും മ്യൂസിയം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

