Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചോദ്യപേപ്പർ ചോർച്ച...

ചോദ്യപേപ്പർ ചോർച്ച തടയൽ ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ; രാജ്യസഭ കടന്ന് വന്ദേമാതരം ബിൽ

text_fields
bookmark_border
https://www.madhyamam.com/tags/parliament
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയാൻ ശിക്ഷ കർശനമാക്കുന്ന ബിൽ ലോക്സഭയിൽ പാസായി. മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിൽ ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ സർക്കാർ വോട്ടിനിട്ട് തള്ളി.

പൊതുപരീക്ഷ (അന്യായ മാർഗങ്ങളുടെ തടയൽ) ഭേദഗതി ബിൽ 2026 കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് സഭയിൽ അവതരിപ്പിച്ചത്. അന്യായ മാർഗങ്ങൾ സംബന്ധിച്ച കുറ്റത്തിന് നിലവിൽ മൂന്നുമുതൽ അഞ്ചുവർഷംവരെയാണ് തടവുശിക്ഷ. ഇത് അഞ്ചുമുതൽ പത്തുവർഷം വരെയായി ഉയർത്തും. പിഴ 10 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപ വരെയാക്കും. പരീക്ഷ നടത്തിപ്പിന്റെ സേവനദാതാക്കൾ നടത്തുന്ന ഗുരുതര ക്രമക്കേടുകൾക്കുള്ള പിഴ ഒരു കോടി രൂപയിൽ നിന്ന് അഞ്ചുകോടിയാക്കും. ഇത്തരം സ്ഥാപനങ്ങൾക്ക് പൊതുപരീക്ഷകളുടെ ചുമതലയിൽനിന്നുള്ള വിലക്കിന്റെ കാലാവധി നാലിൽ നിന്ന് എട്ടു വർഷമായി ഉയർത്തും. അന്വേഷണം രണ്ടുമാസത്തിനകം പൂർത്തിയാക്കണം.

സംഘടിത പരീക്ഷാ ക്രമക്കേടുകൾ നടത്തുന്നവർക്ക് നിലവിലെ മൂന്നു വർഷത്തെ തടവ് അഞ്ചു വർഷമായും ഒരു കോടി രൂപ പിഴ അഞ്ചു കോടിയായും ഉയർത്തും. സംഘടിത കുറ്റകൃത്യങ്ങൾക്ക് പരമാവധി തടവ് അഞ്ചുവർഷത്തിൽ നിന്ന് ഏഴു വർഷമായും പിഴ ഒരു കോടിയിൽ നിന്ന് പത്തുകോടിയായും ഉയർത്തും. ചോദ്യപേപ്പർ ചോർത്തൽ, ഒ.എം.ആർ ഷീറ്റുകളിൽ തിരിമറി ചെയ്യൽ, വ്യാജ വെബ്‌സൈറ്റുകൾ ഉണ്ടാക്കൽ, വ്യാജ അഡ്മിറ്റ് കാർഡുകൾ നൽകൽ എന്നിവ ഉൾപ്പെടെ 15 നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് കുറ്റകൃത്യങ്ങളായി കരട് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വന്ദേമാതരം ആലപിക്കുന്നത് മനഃപൂര്‍വം തടസ്സപ്പെടുത്തുന്നവര്‍ക്കും അപമാനിക്കുന്നവര്‍ക്കുമെതിരെ ക്രിമിനല്‍ നടപടി നിര്‍ദേശിക്കുന്ന ‘പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഓണര്‍ (ഭേദഗതി) ബില്‍, 2026’ രാജ്യസഭയും പാസാക്കി. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ തള്ളിയാണ് ബിൽ ശബ്ദവോട്ടോടെ പാസാക്കിയത്. 1971ലെ നിയമം ഭേദഗതി ചെയ്യുന്നതിലൂടെ ദേശീയഗാനത്തിന് പുറമെ ദേശീയ ഗീതമായ വന്ദേമാതരത്തിനും തുല്യപദവി നൽകാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബില്‍ രാജ്യസഭയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. എന്നാല്‍, ഈ ഭേദഗതി ബില്‍ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

അതിനിടെ, ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെ തുടർന്ന് ബി.ജെ.പി എം.പിമാർ സഭയിൽ ബഹളം വെച്ചു. ഇതിനെത്തുടർന്ന് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യുമെന്ന് സ്പീക്കർ ഓം ബിർള അറിയിച്ചു.

താൻ ഒരു ലളിതമായ ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുൽ ഗാന്ധി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വെടിവെപ്പ് നടത്താൻ ഒന്നുകിൽ ആഭ്യന്തരമന്ത്രി ഉത്തരവിട്ടിരിക്കണം. അല്ലെങ്കിൽ വെടിവെപ്പ് നടന്ന വിവരം അദ്ദേഹം അറിഞ്ഞിട്ടുണ്ടാകില്ല. ആദ്യത്തേതാണെങ്കിൽ അദ്ദേഹം കുറ്റക്കാരനാണ്. രണ്ടാമത്തേതാണെങ്കിൽ അദ്ദേഹം പദവിയിൽ ഇരിക്കാൻ യോഗ്യനല്ല. ഇതിൽ മൂന്നാമതൊരു സാധ്യതയില്ലെന്ന് രാഹുൽ പറഞ്ഞു.

കൂടാതെ, ധീരനായ ആഭ്യന്തരമന്ത്രി എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമിത് ഷാ എന്തുകൊണ്ടാണ് സഭയിൽ വരാത്തതെന്നും, ഉത്തരവ് നൽകിയിട്ടില്ലെങ്കിൽ സഭയിൽ വന്ന് വ്യക്തത വരുത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. പാർലമെന്റിൽ സംസാരിക്കാനുള്ള തന്റെ അവകാശം വിനിയോഗിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loksabharajyasabhaamendment billPublic ExaminationsParliament pass
News Summary - ചോദ്യപേപ്പർ ചോർച്ച തടയൽ ഭേദഗതി ബിൽ പാസാക്കി
Next Story