തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി തൃണമൂൽ മുൻ എം.എൽ.എ രാജ് ചക്രവർത്തി
text_fieldsകൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി സിനിമാ സംവിധായകനും മുൻ എം.എൽ.എയുമായ രാജ് ചക്രവർത്തി. ബാരക്പൂരിൽ നിന്ന് ബി.ജെ.പിയുടെ കൗസ്തവ് ബാഗ്ചിയോട് പരാജയപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
2021ൽ ബാരക്പൂർ സീറ്റിൽ വിജയിച്ച രാജ് ചക്രവർത്തി ഇത്തവണ ബാഗ്ചിയോട് 15,822 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. തന്റെ രാഷ്ട്രീയ യാത്ര അവസാനിച്ചുവെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് ചക്രവർത്തി അറിയിച്ചത്.
ജീവിതത്തിൽ എനിക്ക് എന്തെങ്കിലും ഉത്തരവാദിത്തം ലഭിക്കുമ്പോഴെല്ലാം ആത്മാർത്ഥതയോടെയും സമർപ്പണത്തോടെയും നിറവേറ്റാൻ ഞാൻ ശ്രമിച്ചു. ഒരു സംവിധായകൻ എന്ന നിലയിൽ സിനിമകളിലൂടെ ആളുകളെ രസിപ്പിക്കാനും എപ്പോഴും ശ്രമിച്ചിട്ടുണ്ട്. സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. 2021ൽ ഞാൻ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ചു. ഒരു എം.എൽ.എയായി സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ചു. കഴിഞ്ഞ അഞ്ച് വർഷം അതേ നിലയിൽ തന്നെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ശ്രമിച്ചു. ആ അധ്യായം 2026ൽ അവസാനിക്കുന്നു, അതോടെ എന്റെ രാഷ്ട്രീയ യാത്രയും അവസാനിക്കുന്നു -രാജ് ചക്രവർത്തി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ബി.ജെ.പി സർക്കാരിന് കീഴിൽ പശ്ചിമ ബംഗാൾ പുരോഗമിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിക്കുകയും ചെയ്തു. രാജ് ചക്രവർത്തിയെ പിന്തുണച്ചുകൊണ്ട് ഭാര്യയും നടിയുമായ ശുഭശ്രീ ഗാംഗുലിയും രംഗത്തെത്തി. അദ്ദേഹത്തെ സൂപ്പർ ഹീറോ എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു ഭാര്യ സമൂഹമാധ്യമത്തിൽ പിന്തുണയുമായെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

