ഇന്ത്യയില്‍ ഇംപീച്ച്‌മെന്‍റ് നടപടി നേരിട്ട ആദ്യ ജഡ്ജി വി. രാമസ്വാമി അന്തരിച്ചു
text_fieldsവി. രാമസ്വാമി
ചെന്നൈ: മുൻ സുപ്രീംകോടതി ജഡ്ജി വി. രാമസ്വാമി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസിതിയിൽ വെച്ചാണ് മരണം സംഭവിച്ചത്. 1989 മുതല്‍ 1994 വരെ സുപ്രീംകോടതി ജഡ്ജിയായിരുന്നു.
ഇന്ത്യയില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ട ആദ്യ ജഡ്ജിയാണ് ജസ്റ്റിസ് വി. രാമസ്വാമി. പഞ്ചാബ്-ഹരിയാന ഹൈകോടതി ചീഫ് ജസ്റ്റിസായിരിക്കെ തന്റെ ഔദ്യോഗിക വസതിക്കായി അമിതമായി പണം ചെലവഴിച്ചതിന്റെ പേരിലാണ് 1993-ൽ ജസ്റ്റിസ് രാമസ്വാമിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിൽ പ്രമേയം കൊണ്ടുവന്നത്.
ആരോപണങ്ങൾ അന്വേഷിച്ച കമ്മിറ്റി, 14 കുറ്റങ്ങളിൽ 11 എണ്ണത്തിലും ജസ്റ്റിസ് രാമസ്വാമി കുറ്റക്കാരനാണെന്ന് കണ്ടെത്തി. എന്നാൽ ഭരണകക്ഷിയായ കോൺഗ്രസിലെയും സഖ്യകക്ഷികളിലെയും അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിനെത്തുടർന്ന് പ്രമേയം പരാജയപ്പെട്ടു. 1994ൽ അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചു. സുപ്രീം കോടതി ജഡ്ജിയായി വിരമിച്ചതിന് അഞ്ച് വർഷത്തിന് ശേഷം 1999-ൽ അദ്ദേഹം ശിവകാശി മണ്ഡലത്തിൽ നിന്ന് എ.ഡി.എം.കെ സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1929 ഫെബ്രുവരി 15ന് ജനിച്ച ജസ്റ്റിസ് രാമസ്വാമിയുടെ ജനനം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂരിലെ ഹിന്ദു ഹൈസ്‌കൂളിൽ നിന്ന് വിദ്യാഭ്യാസവും മധുരയിലെ അമേരിക്കൻ കോളേജിൽ നിന്ന് ബിരുദം നേടി. ശേഷം മദ്രാസ് ലോ കോളേജിൽ നിന്ന് എൽ.എൽ.ബി ബിരുദം നേടി.
1953 ജൂലൈ 13നാണ് അദ്ദേഹം അഭിഭാഷകജോലി ആരംഭിക്കുന്നത്. 1962ൽ അഡീഷണൽ ഗവൺമെന്റ് പ്ലീഡറായും 1969ൽ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. 1971 ൽ മദ്രാസ് ഹൈകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. 1987ൽ പഞ്ചാബ്, ഹരിയാന ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിതനായ അദ്ദേഹം 1989 ൽ സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

