മരിച്ചുപോയ ഉപഭോക്താവിന്റെ അക്കൗണ്ടിൽനിന്ന് 40.53 ലക്ഷം തട്ടി; എസ്.ബി.ഐ മുൻ ചീഫ് മാനേജർക്ക് തടവും പിഴയും
text_fieldsമൈസൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ അക്കൗണ്ടുകളിൽനിന്ന് പണം തട്ടിയ മുൻ ചീഫ് മാനേജർക്ക് ഒരു വർഷം കഠിന തടവ്. 2005ൽ മരിച്ച ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്നും ബാങ്കിന്റെ ഇന്റേണൽ അക്കൗണ്ടിൽ നിന്നുമായി 61.57 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് മുൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജർക്ക് ശിക്ഷ വിധിച്ചത്.
മൈസൂരുവിലെ ഒന്നാം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് എസ്.ബി.ഐ ചീഫ് മാനേജരായിരുന്ന എ.വി. കുൽക്കർണി എന്ന അനിരുദ്ധ വസന്ത്റാവു കുൽക്കർണിയെ കുറ്റക്കാരനായി കണ്ടെത്തിയത്. 50,000 രൂപ പിഴയും കോടതി വിധിച്ചു.
മൈസൂരുവിലെ ചാമുണ്ഡിപുരം എസ്.ബി.ഐ ശാഖയിൽ എ.വി. കുൽക്കർണി ചീഫ് മാനേജരായിരുന്ന കാലത്താണ് തട്ടിപ്പ് നടന്നത്. 2009 മേയ് 13 മുതൽ 2011 ഡിസംബർ 23 വരെയുള്ള കാലയളവിൽ ഇടപാടുകൾ നടന്നതായി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. 2005 ഏപ്രിൽ ഏഴിന് മരിച്ച കൃഷ്ണയ്യരുടെ അക്കൗണ്ടിൽനിന്ന് 40.53 ലക്ഷം രൂപയാണ് പിൻവലിച്ചത്. കൂടാതെ ബാങ്കിന്റെ ഇന്റേണൽ അക്കൗണ്ടിൽനിന്ന് 21.04 ലക്ഷം രൂപയും മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി.
കുൽക്കർണി തന്റെ അക്കൗണ്ടിലേക്കും മകൻ നന്ദൻ കുൽക്കർണിയുടെ അക്കൗണ്ടിലേക്കുമാണ് പണം മാറ്റിയത്. പിന്നീട് ഈ തുക പിൻവലിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥർ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. അന്വേഷണത്തിനിടെ കുൽക്കർണി പണം പിൻവലിച്ചതായി സമ്മതിക്കുകയും ഏകദേശം 62 ലക്ഷം രൂപ ബാങ്കിലേക്ക് തിരിച്ചടക്കുകയും ചെയ്തു. പിന്നാലെ, മൈസൂരു പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. തുടർന്ന് കുൽക്കർണിക്ക് ഒരു വർഷത്തെ കഠിന തടവും 50,000 രൂപ പിഴയും വിധിക്കുകയായിരുന്നു. പിഴയിൽനിന്ന് 40,000 രൂപ ബാങ്കിന് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

