കൊലക്കേസിൽ മുങ്ങിയ ‘എക്സ് മുസ്‍ലിം’ പിടിയിലായത് ബോളിവുഡ് ബയോപിക്കിനുള്ള തയാറെടുപ്പിനിടെ
text_fieldsന്യൂഡൽഹി: കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ മുങ്ങിയ ‘എക്സ് മുസ്‍ലിം’ യൂട്യൂബർ സലിം വാസ്തിക് പിടിയിലായത് ബോളിവുഡ് ബയോപിക്കിനുള്ള തയാറെടുപ്പിനിടെയെന്ന് പൊലീസ്. 31 വർഷം മുമ്പ് 13 വയസ്സുള്ള ആൺകുട്ടിയെ കൊലപ്പെടുത്തി ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് സലീം ജാമ്യത്തിൽ ഇറങ്ങി മുങ്ങിയത്. പിന്നീട് പേരുമാറ്റി കടുത്ത ഇസ്‍ലാം മത വിമർശകനായ ഇയാൾ, സോഷ്യൽ മീഡിയയിൽ ഇസ്‍ലാംവിരുദ്ധ പ്രസ്താവനകൾ നടത്തി കുപ്രശസ്തി നേടിയയാളാണ്.
1995 ജനുവരി 20നാണ് ഡൽഹിയിലെ സിമന്റ് വ്യാപാരിയുടെ മകനായ സന്ദീപ് ബൻസാൽ (13) എന്ന ആറാം ക്ലാസുകാരനെ സലീമും സുഹൃത്ത് അനിലും ചേർന്ന് ചേർന്ന് കൊലപ്പെടുത്തിയത്. കുട്ടിയുടെ സ്കൂളിലെ കരാട്ടെ പരിശീലകനായിരുന്നു ഇയാൾ. സന്ദീപിനെ തട്ടിക്കൊണ്ടു പോയ ഇവർ 30,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇത് കൊടുത്തെങ്കിലും കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുസ്തഫാബാദിലെ ഓടയിൽ തള്ളുകയായിരുന്നു.
1997-ൽ കോടതി ഇവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2000-ൽ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ സലിം ഖാൻ മുങ്ങി. ഇയാൾ മരിച്ചതായി കുടുംബത്തെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചു. ഹരിയാനയിലും ഉത്തർപ്രദേശിലുമായി പലസ്ഥലങ്ങളിൽ വിവിധ ജോലികൾ ചെയ്ത് ഒളിവിൽ കഴിഞ്ഞു. 'സലിം അഹമ്മദ്' എന്ന പേരിൽ പുതിയ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി അലമാര നിർമ്മാതാവായും ഗാസിയാബാദിലെ ലോണിയിൽ ലേഡീസ് ടെക്സ്റ്റൈൽസ് നടത്തിയും കാലം കഴിഞ്ഞു.
ഇതിനിടെയാണ് സലിം വാസ്തിക് എന്ന പേരിൽ യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇസ്‍ലാം മതത്തെക്കുറിച്ച് വിദ്വേഷ പ്രസ്താവനകളായിരുന്നു മുഖ്യഉള്ളടക്കം. ഇത് വലിയ പ്രേക്ഷകശ്രദ്ധ നേടി. ഇതാണ് അയാളുടെ ‘രണ്ടാംജീവിത’ത്തിന് വിനയായതും. തന്നെ കുറിച്ച് നിർമിക്കുന്ന ബോളിവുഡ് ബയോപിക്കിനുള്ള കരാറിൽ ഇയാൾ ഒപ്പിട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഫെബ്രുവരി 27ന് ലോണിയിലെ ഓഫിസിൽ വെച്ച് ഗുൽഫാം, സീഷാൻ എന്നീ സഹോദരങ്ങൾ സലിമിനെ ആക്രമിച്ചു. മാർച്ചിൽ ഇരുവരെയും യു.പി പൊലീസ് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ കൊലപ്പെടുത്തി. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട സലിമിന് ഉത്തർപ്രദേശ് പൊലീസ് സുരക്ഷയും നൽകിയിരുന്നു.
ഹെഡ് കോൺസ്റ്റബിൾ മിന്റു യാദവ് നൽകിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒടുവിൽ സലീമിനെ പൊക്കിയത്. വിരലടയാളങ്ങളും പഴയ ഫോട്ടോഗ്രാഫുകളും ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ‘എക്സ് മുസ്‍ലിം സലിം വാസ്തിക്' ഒളിച്ചോടിയ സലിം ഖാൻ തന്നെയാണെന്ന് സ്ഥിരീകരിച്ചു. ദീർഘകാലമായി ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ ചുമതലയുള്ള ഇൻസ്പെക്ടർ റോബിൻ ത്യാഗി, എസിപി സഞ്ജയ് കുമാർ നാഗ്പാലിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

