ബലാത്സംഗക്കേസില്‍ പ്രജ്ജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം; ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയുടേതാണ് വിധി
text_fieldsബംഗളൂരു: ജെ.ഡി.എസ് മുൻ എം.പി പ്രജ്വൽ രേവണ്ണക്ക് (34) ബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷ. എം.പിമാർക്കും എം.എൽ.എമാർക്കുമെതിരായ കേസുകൾ പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ശനിയാഴ്ച ശിക്ഷ വിധിച്ചത്.
വിധി പറഞ്ഞ പ്രത്യേക കോടതി ജഡ്ജ് ജസ്റ്റിസ് സന്തോഷ് ഗജാനൻ ഭട്ട്, പ്രതിക്ക് 10 ലക്ഷം രൂപ പിഴയും ചുമത്തി. പ്രജ്വലിനെതിരെ രജിസ്റ്റർ ചെയ്ത നാല് കേസുകളിൽ ആദ്യ കേസിലെ വിധിയാണിത്. ഐ.പി.സി 376 (ബലാത്സംഗം), 354 (സ്ത്രീത്വത്തെ കളങ്കപ്പെടുത്തൽ), 506 (ഭീഷണിപ്പെടുത്തൽ), 201 (തെളിവ് നശിപ്പിക്കൽ), വിവര സാങ്കേതിക നിയമത്തിലെ 66 ഇ (സ്വകാര്യതയുടെ ലംഘനം) എന്നീ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ പ്രജ്വൽ കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച വിധി പുറപ്പെടുവിച്ചിരുന്നു. ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ പേരമകനായ പ്രജ്വൽ രേവണ്ണ, ജെ.ഡി.എസ് എം.എൽ.എ എച്ച്.ഡി. രേവണ്ണയുടെയും മുൻ ജില്ല പഞ്ചായത്തംഗം ഭവാനി രേവണ്ണയുടെയും മകനാണ്.
ഹാസനിലെ ഗണ്ണികടയിലെ പ്രജ്വലിന്റെ കുടുംബ െഗസ്റ്റ് ഹൗസിൽ ജോലി ചെയ്തിരുന്ന മൈസൂരു ഹുൻസൂർ സ്വദേശിയായ 48കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയശേഷം ഇവ കാണിച്ച് പീഡനം തുടരുകയും ചെയ്തെന്നായിരുന്നു പരാതി. 2021ൽ ഗണ്ണികട ഗസ്റ്റ് ഹൗസിൽവെച്ച് രണ്ടുതവണയും ഏതാനും ദിവസങ്ങൾക്കുശേഷം ബംഗളൂരുവിലെ വീട്ടിൽവെച്ചും പീഡിപ്പിച്ചതായി ഇവർ കോടതിയിൽ മൊഴി നൽകിയിരുന്നു.
സംഭവം നടക്കുമ്പോൾ പ്രജ്വൽ ലോക്സഭാംഗമായിരുന്നതിനാൽ പ്രതിയുടേത് ഹീനമായ പ്രവൃത്തിയാണെന്നും പരമാവധി ശിക്ഷ നൽകണമെന്നും വിചാരണയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ചെറുപ്രായത്തിലേ എം.പിയായ പ്രജ്വലിനെതിരെ 2024 ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് ആരോപണമുയർന്നതെന്നും വിഡിയോ ദൃശ്യങ്ങൾ മനഃപൂർവം ചിലർ പുറത്തുവിട്ടതാണെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പ്രതിഭാഗം വാദമുന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

