വോട്ട് തട്ടിപ്പ്: വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര മുൻ എം.എൽ.എ
text_fieldsമുംബൈ: വോട്ട് ചെയ്യാത്തവരുടെ പട്ടിക നൽകിയാൽ അവരെ വെട്ടി വോട്ടുചെയ്യുന്നവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താമെന്ന് ഭരണത്തിലിരിക്കുന്നവർ വാഗ്ദാനം ചെയ്തതായി മഹാരാഷ്ട്ര മുൻ എം.എൽ.എ ബച്ചു കഡു. 2024ലെ തെരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുമ്പാണ് വാഗ്ദാനമെന്നും ജയിക്കുമെന്ന് ഉറപ്പുള്ളതിനാൽ അതു കാര്യമാക്കിയില്ലെന്നും അദ്ദേഹം മറാത്തി ചാനലിനോട് പറഞ്ഞു.
2004 മുതൽ മഹാരാഷ്ട്രയിലെ അചൽപുർ നിയമസഭ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു സ്വതന്ത്രനായ ബച്ചു കഡു. വോട്ട് ചെയ്യാത്ത 10,000 പേരുടെ പട്ടികയാണ് ആവശ്യപ്പെട്ടതെന്നും അത്രയും പേരെ വേറെ ചേർക്കാമെന്നുമായിരുന്നു വാഗ്ദാനം. ഇതിന് തെളിവുകളുണ്ടെന്നും ആവശ്യ സമയത്ത് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
2019 ൽ മഹാവികാസ് അഘാഡിയുടെ ഭാഗമായ ബച്ചു കഡു, ഏക്നാഥ് ഷിൻഡെ ശിവസേന പിളർത്തി ബി.ജെ.പി സഖ്യത്തോടൊപ്പം പോയപ്പോൾ പിന്തുണച്ച് കൂടെപ്പോയി. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അചൽപുർ ഉൾപ്പെട്ട അമരാവതിയിൽ തന്റെ എതിരാളി നവ്നീത് റാണക്ക് ബി.ജെ.പി ടിക്കറ്റ് നൽകിയതോടെ ഉടക്കി. നവ്നീതിന്റെ തോൽവി ഉറപ്പാക്കുകയും ചെയ്തു. ഇതോടെ ബി.ജെ.പിയുമായി അകന്നു. തൊട്ടുപിന്നാലെ വന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അചൽപുർ ബി.ജെ.പി നേടി. എങ്കിലും നിലവിൽ കാബിനറ്റ് റാങ്കോടെ സംസ്ഥാന ഭിന്നശേഷി മന്ത്രാലയത്തിന്റെ അധ്യക്ഷനാണ് ബച്ചു കഡു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

