ദിവ്യ മിത്തൽ പുതിയ പാർട്ടി പ്രഖ്യാപിച്ചു: ‘ജൻ നീതി ഭാരത്’, ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ആദ്യ പരീക്ഷണം
text_fieldsദിവ്യ മിത്തൽ
ലഖ്നോ: 13 വർഷത്തെ സേവനം അവസാനിപ്പിച്ച ഉത്തർപ്രദേശ് കേഡർ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ മിത്തൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ജൻ നീതി ഭാരത് എന്നാണ് പുതിയ പാർട്ടിയുടെ പേര്. 2027 ൽ ഉത്തർപ്രദേശിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജൻ നീതി ഭാരത് മത്സരിക്കുമെന്ന് അവർ വ്യക്തമാക്കി.
‘രാഷ്ട്രീയം നിങ്ങളെ ഭരിക്കുകയാണ്. എന്നാൽ, ജൻ നീതിയിൽ നിങ്ങളായിരിക്കും ഭരിക്കുന്നത്’ -സമൂഹമാധ്യമമായ ‘എക്സി’ലൂടെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് ദിവ്യ മിത്തൽ പറഞ്ഞു.
2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായിരുന്ന ദിവ്യ മിത്തൽ, ആഗസ്റ്റ് 30നാണ് സർവിസിൽ നിന്ന് രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളും കുടുംബ മുൻഗണനകളും ജീവിതത്തിലെ പുതിയ ലക്ഷ്യങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു രാജി.
സെപ്റ്റംബർ 15ന് രാജി കേന്ദ്രസർക്കാർ അംഗീകരിച്ചു. ഐ.എ.എസ് സർവിസ് അവസാനിപ്പിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ പ്രവർത്തനമാണ് തന്റെ ലക്ഷ്യമെന്ന് അവർ വ്യക്തമാക്കിയിരുന്നു.
സാധാരണക്കാരുടെ ശബ്ദമാകുകയാണ് ലക്ഷ്യമെന്ന് അവർ പറഞ്ഞു. കൂടാതെ ഉത്തരവാദിത്തം, നീതി, സാധാരണ പൗരന്മാർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയിലായിരിക്കും തന്റെ രാഷ്ട്രീയ യാത്ര ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അവർ പറഞ്ഞു.
ഐ.എ.എസ് ഉദ്യോഗസ്ഥയായിരിക്കെ നേരിട്ട ചില അനുഭവങ്ങളാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തീരുമാനത്തിന് പിന്നിലെന്നും ദിവ്യ മിത്തൽ വിശദീകരിച്ചു.
മിർസാപുരിൽ ജില്ലാ മജിസ്ട്രേറ്റായിരുന്ന കാലത്ത് ലഹുരിയ ദഹ് പ്രദേശത്തെ പരിശോധനക്കിടെ ഒരു സ്ത്രീയോട് ആവശ്യങ്ങൾ ചോദിച്ചപ്പോൾ പെൻഷനോ വീടോ ആവശ്യപ്പെടുമെന്ന് കരുതിയെങ്കിലും ഗ്രാമത്തിൽ ഒരു സ്കൂൾ വേണമെന്നായിരുന്നു അവരുടെ ആവശ്യം. തുടർന്ന് സ്കൂൾ അനുവദിച്ചെങ്കിലും മൂന്ന് വർഷം കഴിഞ്ഞിട്ടും നിർമാണം ആരംഭിച്ചില്ലെന്ന് ദിവ്യ മിത്തൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

