Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ജഡ്ജി നിയമനങ്ങളിൽ ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്നു'; രാഷ്ട്രപതിക്ക് മുൻ ചീഫ് ജസ്റ്റിസ് ബിആർ ഗവായിയുടെ കത്ത്

text_fields
bookmark_border
marmu
cancel

ന്യൂഡൽഹി: ജുഡീഷ്യൽ നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും വൈവിധ്യവും സാമൂഹിക നീതിയും അട്ടിമറിക്കപ്പെടുന്നുവെന്ന് ആരോപിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിന് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ കത്ത്. അടുത്തകാലത്തായി കൊളീജിയം നൽകുന്ന ശിപാർശകളിൽ പിന്നാക്ക വിഭാഗങ്ങളെ പൂർണ്ണമായും അവഗണിച്ച്, സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ മാത്രം പ്രീണിപ്പിക്കാനും അവർക്ക് പദവികൾ നൽകാനുമുള്ള പ്രവണതയാണ് വർധിച്ചുവരുന്നതെന്ന് അദ്ദേഹം കത്തിൽ തുറന്നടിച്ചു. നവംബർ 27ന് അയച്ച കത്തിന്‍റെ പകർപ്പുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിനും നൽകിയിട്ടുണ്ട്.

രാജ്യത്തെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമുള്ള ഒരു സമുദായം അടുത്തകാലത്തായി സുപ്രീംകോടതിയിലെ 40 ശതമാനത്തിലധികം പദവികൾ കൈയടക്കിയെന്ന് ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി. എസ്.സി, എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നിവർക്കൊപ്പം മറ്റ് മുന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള യോഗ്യരായവരെ പോലും തഴഞ്ഞുകൊണ്ട് ആധിപത്യമുള്ള ഒരു പ്രത്യേക വിഭാഗത്തിന് മാത്രം പ്രാമുഖ്യം നൽകുകയാണെന്നാണ് ആരോപണം. ആശങ്കാജനകമായ ഈ പ്രവണത രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്താനും ബന്ധപ്പെട്ട എല്ലാവരുടെയും ഭാഗത്തുനിന്ന് അടിയന്തര തിരുത്തൽ നടപടികൾ ഉണ്ടാകണമെന്നും ആഗ്രഹിച്ചാണ് ലാഘവത്തോടെയോ ദേഷ്യത്തോടെയോ അല്ലാതെ ഈ കത്തെഴുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2025 മാർച്ചിൽ കേന്ദ്ര നിയമമന്ത്രി രാജ്യസഭയിൽ അവതരിപ്പിച്ച കണക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് ഗവായ് തന്റെ വാദങ്ങൾ നിരത്തിയത്. 2018-ന് ശേഷം ഹൈക്കോടതികളിൽ നിയമിക്കപ്പെട്ട 715 ജഡ്ജിമാരിൽ 22 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നും 16 പേർ പട്ടികവർഗ വിഭാഗത്തിൽ നിന്നും 89 പേർ ഒ.ബി.സി വിഭാഗത്തിൽ നിന്നും 37 പേർ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നും മാത്രമാണുള്ളത്. നിയമിക്കപ്പെട്ടവരിൽ നാലിൽ മൂന്ന് ഭാഗവും ജനറൽ വിഭാഗത്തിൽ നിന്നുള്ളവരാണ്. കൂടാതെ, 2021 ജനുവരി മുതൽ 2026 ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം മുന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം 80 ശതമാനത്തോളമാണെന്നും, ജനസംഖ്യയുടെ 40-50 ശതമാനത്തോളം വരുന്ന ഒ.ബി.സി വിഭാഗത്തിന്റെ പ്രാതിനിധ്യം 14 ശതമാനത്തിൽ താഴെ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പബ്ലിക്കായി 75 വർഷം പിന്നിട്ടിട്ടും കോടതിയുടെ ഘടനയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നും പരിചയങ്ങളും ശൃംഖലകളും വഴി ഈ മേധാവിത്വം തുടരുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ജഡ്ജിമാരുടെ സ്ഥലംമാറ്റങ്ങളിലും തുടർനിയമനങ്ങളിലും യോഗ്യതയ്ക്ക് പകരം മറ്റ് പരിഗണനകളാണ് നൽകുന്നതെന്നും കത്തിൽ പറയുന്നു. ശിക്ഷാനടപടിയുടെ ഭാഗമായി പലതവണ സ്ഥലംമാറ്റപ്പെട്ട ഒരു ജഡ്ജിയെ പിന്നീട് വളരെ പ്രധാനപ്പെട്ട ഒരു ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ശിപാർശ ചെയ്തതിന്റെ യുക്തിയെയും അദ്ദേഹം ചോദ്യം ചെയ്തു. ഭരണഘടനയുടെ 124(2) അനുച്ഛേദപ്രകാരം സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം രാഷ്ട്രപതിയിൽ നിക്ഷിപ്തമാണെന്ന് ഓർമ്മിപ്പിച്ച ജസ്റ്റിസ് ഗവായ്, കൊളീജിയം ശിപാർശകൾ നിർണ്ണായകമാണെങ്കിലും അത് അവരെ ഉത്തരവാദിത്തങ്ങളിൽ നിന്ന് മുക്തരാക്കുന്നില്ലെന്ന് വ്യക്തമാക്കി. ഭരണഘടന സംരക്ഷിക്കാനുള്ള ബാധ്യത രാഷ്ട്രപതിക്കുണ്ടെന്നും ജുഡീഷ്യറിയിൽ തുല്യ പ്രാതിനിധ്യം ഉറപ്പാക്കാൻ ഉചിതമായ രീതിയിൽ ഇടപെടണമെന്നും അദ്ദേഹം രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Ex-CJI BR Gavai Writes to President Over Judge Appointments
Next Story