വിരമിച്ചിട്ടും മുൻ ചീഫ് ജസ്റ്റിസ് ഔദ്യോഗിക വസതിയിൽ തുടരുന്നു, എത്രയും പെട്ടെന്ന് ഒഴിപ്പിക്കണം; കേന്ദ്രത്തിന് കത്തയച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കാലാവധി കഴിഞ്ഞിട്ടും എട്ടുമാസമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഔദ്യോഗിക വസതിയിൽ തുടരുന്നതായി ചൂണ്ടിക്കാട്ടി സുപ്രീംകോടതി കേന്ദ്രസർക്കാറിന് കത്തയച്ചു. എത്രയും പെട്ടെന്ന് ചന്ദ്രചൂഡ് താമസിക്കുന്ന ബംഗ്ലാവ് ഒഴിപ്പിച്ച് കോടതിയുടെ ഭവന സമുച്ചയത്തിലേക്ക് തിരികെ നൽകണമെന്നും കത്തിൽ ആവശ്യമുണ്ട്. സുപ്രീംകോടതിയിലെ നിലവിലുള്ള ജഡ്ജിമാര്‍ക്ക് മതിയായ താമസസ്ഥലം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അടക്കം സുപ്രീംകോടതിയിൽ നിലവിൽ 33 ജഡ്ജിമാരുണ്ട്. അനുവദനീയമായ 34 ജഡ്ജിമാരുടെ എണ്ണത്തേക്കാൾ ഒന്ന് കുറവാണിത്. നാലു ജഡ്ജിമാർക്ക് സർക്കാർ താമസസൗകര്യം ഇപ്പോഴും ആയിട്ടില്ല. അതിൽ മൂന്ന് ജഡ്ജിമാർ താമസിക്കുന്നത് സുപ്രീംകോടതിയുടെ ട്രാൻസിറ്റ് അപാർട്മെന്റുകളിലാണ്. ഒരാൾ ഡൽഹിയിലെ സർക്കാർ ഗസ്റ്റ് ഹൗസിലും.
ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയായ കൃഷ്ണമോനോൻ മാർഗിലെ ബംഗ്ലാവ് 5 ഉടൻ തിരികെ വേണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടത്.
2024 നവംബർ 10നാണ് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിച്ചത്. സർക്കാർ നിയമപ്രകാരം, സുപ്രീംകോടതി ജഡ്ജിക്ക് അധികാര കാലത്ത് ടൈപ് എട്ട് ബംഗ്ലാവ് നൽകണമെന്നാണ് നിയമം. വിരമിച്ചാൽ അവർക്ക് ആറുമാസത്തേക്ക് ടൈപ്പ് ഏഴ് സർക്കാർ ബംഗ്ലാവും സൗജന്യമായി താമസിക്കാൻ നൽകണം.
എന്നാൽ വിരമിച്ച് എട്ടുമാസമായിട്ടും ചന്ദ്രചൂഡ് ടൈപ് എട്ട് ബംഗ്ലാവ് ഒഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ പിൻഗാമികളായെത്തിയ ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ബി.ആർ. ഗവായും ഈ ബംഗ്ലാവിലേക്ക് താമസം മാറാതിരുന്നതാണ് അതിന് ഒരു കാരണം. അവർ ഇരുവരും അവരുടെ പഴയ താമസസ്ഥലത്ത് തുടരുകയായിരുന്നു. അത് അവസരമാക്കി ഡി.വൈ. ചന്ദ്രചൂഡ് പഴയ ബംഗ്ലാവിൽ തന്നെ തുടരുകയും ചെയ്തു.
എന്നാൽ ഇതിനി തുടരാൻ പറ്റില്ലെന്നും എത്രയും പെട്ടെന്ന് മുൻ ചീഫ് ജസ്റ്റിസിനെ ഒഴിപ്പിക്കണമെന്നുമാണ് സുപ്രീംകോടതി ഭവന, നഗരകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
''ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കൈവശംവെച്ചിട്ടുള്ള കൃഷ്ണമേനോന്‍ മാര്‍ഗിലെ ബംഗ്ലാവ് നമ്പര്‍ 5 ഉടൻ ഏറ്റെടുക്കാന്‍ അഭ്യര്‍ഥിക്കുകയാണ്. ഈ ബംഗ്ലാവ് കൈവശം വെക്കുന്നതിന് അനുവദിച്ച അനുമതി 2025 മെയ് 31ന് കഴിഞ്ഞു. കൂടാതെ 2022ലെ ചട്ടങ്ങളനുസരിച്ചുള്ള ആറു മാസത്തെ കാലാവധിയും 2025 മെയ് 10ന് അവസാനിച്ചു'' എന്നാണ് സുപ്രീം കോടതി ഉദ്യോഗസ്ഥന്‍ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറിക്കെഴുതിയ കത്തില്‍ പറയുന്നത്.
തികച്ചും വ്യക്തിപരമായ അനിവാര്യമായ ചില സാഹചര്യങ്ങളാലാണ് ഔദ്യോഗിക ബംഗ്ലാവ് ഒഴിയാത്തത് എന്നാണ് ചന്ദ്രചൂഡിന്റെ വിശദീകരണം. ഇതിനെക്കുറിച്ച് സുപ്രീം കോടതി ഭരണവിഭാഗത്തിന് പൂര്‍ണമായി അറിയാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. പകരം അനുവദിച്ച ബംഗ്ലാവ് വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്നതിനാൽ താമസയോഗ്യമാക്കുന്നതിനായി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ താമസസ്ഥലത്ത് നവീകരണ പ്രവർത്തനങ്ങൾക്ക് താമസമുള്ളതിനാൽ, 2025 ഏപ്രിൽ 30 വരെ ഔദ്യോഗിക ബംഗ്ലാവിൽ താമസിക്കാൻ പിൻഗാമിയായി വന്ന ജസ്റ്റിസ് സഞ്ജീവ് ഖന്നയോട് ചന്ദ്രചൂഡ് അനുമതി തേടിയിരുന്നതായും റിപ്പോർട്ടുണ്ട്. സഞ്ജീവ് ഖന്ന അത് അനുവദിക്കുകയും ചെയ്തു. കേന്ദ്ര ഭവന മന്ത്രാലയം ഇതിന് അംഗീകാരവും നല്‍കി. പിന്നീട് മേയ് 31 വരെ തുടരാന്‍ ഡി.വൈ.ചന്ദ്രചൂഡ് വാക്കാൽ അഭ്യര്‍ഥിച്ചെന്നും സുപ്രീംകോടതി അഡ്മിനിസ്‌ട്രേഷന്റെ കത്തില്‍ പറയുന്നു. അത് വ്യവസ്ഥയോടെ അനുവദിച്ചു. ഇടക്കാലത്ത് സ്ഥാനക്കയറ്റം ലഭിച്ച മറ്റ് ജഡ്ജിമാര്‍ താമസസ്‍ഥലമില്ലാതെ വലയുമ്പോഴാണ് ഇനി കൂടുതല്‍ കാലാവധി നീട്ടിനല്‍കാനാകില്ലെന്ന് സൂചിപ്പിച്ച് ഇപ്പോള്‍ ബംഗ്ലാവ് ഒഴിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

