ഡൽഹിയിൽ മസ്ജിദ് ഒഴിപ്പിക്കാൻ നീക്കം; സംരക്ഷണത്തിനായി ഇമാമിനൊപ്പം ക്ഷേത്രപൂജാരിയും
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ചരിത്രപ്രസിദ്ധമായ റെയ്‌സ് കോഴ്‌സ് മസ്ജിദ് ഒഴിപ്പിക്കാനും പൊളിച്ചുനീക്കാനും നീക്കം നടക്കവെ, മസ്ജിദ് ഇമാമിന് പിന്തുണയുമായി സമീപത്തെ ക്ഷേത്രത്തിലെ പൂജാരി രംഗത്തെത്തി. അമ്പലങ്ങളും പള്ളികളും ഒരിക്കലും പൊളിക്കരുതെന്നും മസ്ജിദിലെ മൗലാന തന്റെ പഴയ സുഹൃത്താണെന്നും ക്ഷേത്രപൂജാരി കേശവ് രാജ് ശാസ്ത്രി പറഞ്ഞു.
കഴിഞ്ഞ 15 വർഷമായി പ്രദേശത്ത് ശാന്തിക്കാരനായി ജോലി ചെയ്യുന്ന തനിക്ക് ഇവിടെനിന്ന് ഇതുവരെ യാതൊരു അസുഖകരമായ അനുഭവവും ഉണ്ടായിട്ടില്ലെന്നും ക്ഷേത്രം പൊളിക്കില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും താൻ പള്ളിയുടെ സംരക്ഷണത്തിനായി ഒപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹി റെയ്‌സ് കോഴ്‌സ് ക്ലബ് സ്ഥിതിചെയ്യുന്ന 53 ഏക്കർ ഭൂമിയിലെ ഒഴിപ്പിക്കലിന്റെ ഭാഗമായാണ് നൂറിലധികം വർഷം പഴക്കമുള്ള മസ്ജിദും ഒഴിപ്പിക്കാൻ നീക്കം നടക്കുന്നത്. പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ദേശീയ സുരക്ഷ എന്ന കാരണമാണ് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ ചൂണ്ടിക്കാണിച്ചത്. 2009-ൽ ഗ്രേഡ് II പൈതൃക പദവി ലഭിച്ചതും ഡൽഹി വഖഫ് ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഈ മസ്ജിദിൽ ഏകദേശം 800 പേർക്ക് ഒരേസമയം പ്രാർഥിക്കാനുള്ള സൗകര്യമുണ്ട്.
അതിനിടെ, മസ്ജിദിലേക്കുള്ള വൈദ്യുതിയും കുടിവെള്ള ബന്ധവും അധികൃതർ വിച്ഛേദിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ജുമുഅ പ്രാർഥനയ്ക്കിടെ മസ്ജിദ് ഇമാം മുഹമ്മദ് ഹാറൂൺ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രാർഥിച്ചതും വിശ്വാസികൾ ഒപ്പം ചേർന്നതും വാർത്തയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള വൈദ്യുതി ബന്ധവും നിലച്ചതായി ശാസ്ത്രി അറിയിച്ചു.

