എല്ലാ വാട്സാപ്പ് ഗ്രൂപ്പുകളും ചാറ്റുകളും നിരീക്ഷണത്തിൽ -വിവാദ പരാമർശവുമായി ബി.ജെ.പി മന്ത്രി; നടപടി ആവശ്യപ്പെട്ട് ശിവസേന
text_fieldsചന്ദ്രശേഖർ ബവൻകുലെ
മുംബൈ: മഹാരാഷ്ട്ര തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുക്കവെ പ്രവർത്തകർക്ക് ഭീഷണിയുമായി ബി.ജെ.പി നേതാവും റവന്യൂ മന്ത്രിയുമായ ചന്ദ്രശേഖർ ബവൻകുലെ.
പാർട്ടി പ്രവർത്തകരുടെ മൊബൈൽ ഫോണും, വാട്സാപ്പ് ഗ്രൂപ്പുകളും, വാട്സാപ്പിൽ പങ്കുവെക്കുന്ന ഓരോ വാക്കുകളും ചാറ്റുകളും സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന് പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുത്തുകൊണ്ട് മന്ത്രി പറഞ്ഞു. അശ്രദ്ധമായ പരാമർശങ്ങളോ, വിമത പ്രവർത്തനങ്ങളോ നടത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്നും ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ബന്ധര ജില്ലയിൽ നടന്ന പരിപാടിയിൽ റവന്യൂ മന്ത്രി നടത്തിയ പരാമർശം വിവാദമായി.
‘ഫോണിൽ നിങ്ങൾ അമർത്തുന്ന തെറ്റായ ഒരു ബട്ടൺ പോലും അടുത്ത അഞ്ചുവർഷം നഷ്ടപ്പെടുത്തും’ -മന്ത്രിമാരും മുതിർന്ന നേതാക്കളും പങ്കെടുത്ത യോഗത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി നടന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.
തൊട്ടുപിന്നാലെ മന്ത്രിയുടെ വെല്ലുവിളി ഗുരുതര ഭീഷണിയാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷമായ ശിവസേന ഉദ്ദവ് പക്ഷം രംഗത്തെത്തി. ഈ മാതൃകയിൽ പ്രതിപക്ഷത്തിന്റെ ഫോണുകൾ മന്ത്രിയും സർക്കാറും ചോർത്തുന്നുവെന്നും, ഇന്ത്യൻ ടെലഗ്രാഫ് നിയമ പ്രകാരം ബവൻകുലക്കെതിരെ കേസ് എടുക്കണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത് എം.പി ആവശ്യപ്പെട്ടു.
പെഗാസസ് പോലുള്ള നിരീക്ഷണ സംവിധാനങ്ങൾ മന്ത്രി വാങ്ങിയിട്ടുണ്ടോ എന്ന് സംശയിക്കുന്നു.
ബി.ജെ.പി പ്രവർത്തകരുടെ ഫോൺ ചോർത്തലിൽ ഇത് അവസാനിക്കില്ലെന്നും, മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും വാട്സാപ്പുകളും ഈ മാതൃകയിൽ സർക്കാർ ചോർത്തുന്നുവെന്നതിന്റെ തെളിവാണെന്നും സഞ്ജയത് റാവത് പറഞ്ഞു.
ബി.ജെ.പിക്കൊപ്പം ഭരണ കക്ഷിയിലെ അംഗമായ ശിവസേന- ഷിൻഡെ വിഭാഗത്തിലെ നേതാക്കളുടെ ഫോണുകൾ പോലും നിരീക്ഷണത്തിലാണെന്ന് മനസ്സിലാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ശരദ് പവാർ, ഉദ്ധവ് താക്കറെ, രാജ് താക്കറെ, അജിത് പവാർ തുടങ്ങിയ പ്രമുഖ നേതാക്കളും മാധ്യമപ്രവർത്തകരും നിരീക്ഷണത്തിലാണെന്ന് റാവത്ത് ആരോപിച്ചു. ബി.ജെ.പി ഓഫീസുകൾ, സ്വകാര്യ വ്യക്തികൾ, സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് ഇത് നടത്തുകയാണ്. ഗുരുതരവും ദേശവിരുദ്ധവുമായ പ്രവൃത്തിയാണ് മന്ത്രിയുടെ പ്രസ്താവനയെന്നും റാവത്ത് വ്യക്തമാക്കി.
അതേസമയം, പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. പ്രവർത്തകരുമായുള്ള ദൈനംദിന ആശയവിനിമയം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് നടക്കുന്നതെന്നും, അതുകൊണ്ടാണ് ഞാൻ ആ പരാമർശങ്ങൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ‘സഞ്ജയ് റാവത് എന്തിന് ഇതിനെക്കുറിച്ച് ആശങ്കപ്പെടണം? ഞങ്ങളുടെ പാർട്ടി പ്രവർത്തനം എങ്ങനെ നടത്തണമെന്ന് നിർദേശിക്കാൻ അദ്ദേഹം ആരാണ്’ -ബവൻകുലെ ചോദിച്ചു.
ജനുവരിയോടെയാണ് മഹാരാഷ്ട്രയിലെ തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

