‘മാധ്യമപ്രവർത്തകൻ’ എന്ന് വാഹനത്തിലൊട്ടിച്ച ചിലർ ചെയ്യുന്നത് എന്താണെന്ന് എല്ലാവർക്കുമറിയാം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മാധ്യമപ്രവർത്തകൻ എന്ന സ്റ്റിക്കർ വാഹനത്തിൽ ഒട്ടിച്ച ചിലർ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് എല്ലാവർക്കുമറിയാമെന്ന് സുപ്രീംകോടതി. മാധ്യമപ്രവർത്തകൻ മഹേഷ് ലംഗയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെയാണ് സുപ്രീംകോടതി ജാമ്യാപേക്ഷയിൽ ജസ്റ്റിസ് സൂര്യകാന്ത് ഇങ്ങനെ പറഞ്ഞത്.
രണ്ട് കേസുകളിൽ മുൻകൂർ ജാമ്യമെടുത്ത മഹേഷ് ലംഗക്കെതിരെ ഗുജറാത്തിൽ മൂന്നാമത്തെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാണിച്ചപ്പോഴാണ് ജസ്റ്റിസ് സൂര്യകാന്ത് ഇങ്ങനെ പറഞ്ഞത്. വളരെ ആത്മാർത്ഥതയുള്ള മാധ്യമപ്രവർത്തകരുണ്ട്, എന്നാൽ വാഹനത്തിൽ മാധ്യമപ്രവർത്തകൻ എന്ന സ്റ്റിക്കർ ഒട്ടിച്ചുവെച്ച ചിലർ ചെയ്യുന്ന കാര്യങ്ങൾ എല്ലാവർക്കും അറിയാം -ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ആദായ നികുതി വെട്ടിപ്പ് ആരോപിച്ച് രജിസ്റ്റർ ചെയ്ത പുതിയ എഫ്.ഐ.ആറിനെതിരെ ലംഗയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു. വ്യാജ ആരോപണങ്ങളുടെ പേരിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കപിൽ സിബലിന്റെ വാദിച്ചു. മഹേഷ് ലംഗക്കെതിരായ കേസുകളുടെ സാഹചര്യം വേറെയാണെന്നും അദ്ദേഹത്തിനെതിരെ വേറെയും കേസുകളെടുത്തിട്ടുണ്ടെന്നുമുള്ള ജസ്റ്റിസ് സൂര്യകാന്തിന്റെ അഭിപ്രായത്തോട് കപിൽ സിബൽ വിയോജിച്ചു. ഗുജറാത്ത് ഹൈകോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് മഹേഷ് ലംഗ സുപ്രീംകോടതിയെ സമീപിച്ചത്.
എൽഗാർ പരിഷത്ത് കേസ്: മഹേഷ് റാവത്തിന്റെ ജാമ്യാപേക്ഷ 15ന്
ന്യൂഡൽഹി: ആരോഗ്യ കാരണങ്ങളാൽ ജാമ്യം നൽകണമെന്ന എൽഗാർ പരിഷത്ത്-ഭീമ കൊറേഗാവ് കേസിലെ പ്രതി മഹേഷ് റാവത്തിന്റെ ഹരജി സുപ്രീം കോടതി സെപ്റ്റംബർ 15ന് പരിഗണിക്കും. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. റാവത്തിന് വാതസംബന്ധമായ രോഗമുണ്ടെന്നും ഇതിന് ജയിലിലോ മുംബൈ ജെ.ജെ ആശുപത്രിയിലോ ചികിത്സ ലഭ്യമല്ലെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ബോധിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

