പാകിസ്താന്റെ ഓരോ ഇഞ്ചും ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകളുടെ പരിധിയിലാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്
text_fieldsരാജ്നാഥ് സിങ്
ലഖ്‌നൗ: പാകിസ്താന്റെ ഓരോ ഇഞ്ച് പ്രദേശവും ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകളുടെ പരിധിയിലാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഓപറേഷൻ സിന്ദൂറിൽ ബ്രഹ്മോസ് മിസൈലുകളുടെ സാങ്കേതിക മികവ് തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ലഖ്‌നൗവിലെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് യൂണിറ്റിൽ നിർമ്മിച്ച ആദ്യ ബാച്ച് ബ്രഹ്മോസ് മിസൈലുകൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു രാജ്നാഥ് സിങ്.
പ്രതിരോധമേഖയിൽ രാജ്യം തദ്ദേശീയമായി കരുത്താർജ്ജിക്കുന്നതിന്റെ അടയാളമാണ് ബ്രഹ്മോസ്. ശത്രുക്കൾക്ക് ഇന്ത്യയുടെ ആധുനിക മിസൈലുകളിൽനിന്ന് ഇനി ഒഴിഞ്ഞുമാറാൻ കഴിയില്ല. ഇന്ത്യൻ സൈന്യത്തിന് വിജയം ഒരു ശീലമായി മാറിയിരിക്കുന്നെന്നും രാജ്‌നാഥ് സിങ് ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തെ പരാമർശിച്ച് പറഞ്ഞു.
ലഖ്നൗ നിർമാണ കേന്ദ്രത്തിന്റെ ക്ഷമതയും വേഗതയും പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് പിന്നാലെ അഞ്ചുമാസത്തിനുള്ളിൽ ആദ്യബാച്ച് മിസൈലുകൾ കൈമാറാൻ കേന്ദ്രത്തിനായി. പ്രതിവർഷം 100 മിസൈലുകൾ വിവിധ സൈനീക വിഭാഗങ്ങൾക്കായി കേന്ദ്രം നിർമിക്കും. ഇതിൽ നിന്ന് 3,000 കോടിയുടെ വരുമാനവും 500 കോടിയുടെ ജി.എസ്.ടി നേട്ടവുമുണ്ടാവുമെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി.
പ്രതിരോധ മേഖലയിൽ ഒരുകാലത്ത് മറ്റ് രാജ്യങ്ങളെ ആശ്രയിച്ചിരുന്ന രാജ്യം ഇന്ന് സ്വയം പര്യാപ്തത കൈവരിക്കുന്നതിനൊപ്പം സുഹൃത് രാജ്യങ്ങൾക്കും ആയുധങ്ങൾ നൽകുന്നു. ഇത് സ്വയംപരാപ്തതയുടെ മാത്രമല്ല, തദ്ദേശീയ തൊഴിൽമേഖലയുടെ ശാക്തീകരണത്തിന്റെയും അടയാളമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

